25 July Sunday
● ഇന്ത്യൻ മെഡിക്കൽ സംഘം ഇന്ന്‌ ഇറ്റലിയിലേക്ക്‌ ● ഇറാനിൽനിന്ന്‌ 108 സാമ്പിൾ എത്തിച്ചു

കോവിഡ്‌ 19 : രോഗികളെ കൈവിട്ട്‌ കേന്ദ്രം ; ഇറ്റലിയിലെയും ഇറാനിലെയും ഇന്ത്യക്കാർ പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Mar 12, 2020

ന്യൂഡൽഹി
കോവിഡ്‌–-19 രൂക്ഷമായ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ കേന്ദ്രസർക്കാർ കൈയൊഴിയുന്നു. നാട്ടിലേക്ക്‌ വിമാനം കയറണമെങ്കിൽ രോഗമില്ലെന്ന്‌ തെളിയിക്കണമെന്ന കേന്ദ്രത്തിന്റെ നിബന്ധന ഇറ്റലി, ഇറാൻ  തുടങ്ങിയ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കി. മലയാളികളടക്കം  നിരവധിപേർ യാത്രാനുമതികിട്ടാതെ വിമാനത്താവളങ്ങളിൽ കുടുങ്ങി. ഏത്‌ പരിശോധനയ്‌ക്കും നിരീക്ഷണത്തിനും സന്നദ്ധരായവരെയാണ്‌ അപകടസാഹചര്യത്തിൽ  കേന്ദ്രം കൈവിടുന്നത്‌. സ്വന്തം രാജ്യത്തേക്ക്‌ മടങ്ങാൻ അനുവദിക്കാത്ത കേന്ദ്രനിലപാട് പൗരാവകാശം ഹനിക്കുന്നതാണെന്ന് വിമര്‍ശമുയര്‍ന്നു.

ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്ന്‌ ഇന്ത്യയിലേക്കുമടങ്ങുന്നതിന്‌  രോഗബാധയില്ലെന്ന സാക്ഷ്യപത്രം വേണമെന്ന നിബന്ധന ചൊവ്വാഴ്‌ചയാണ്‌ നിലവിൽവന്നത്‌.  രോ​ഗാവസ്ഥ ​ഗുരുതരമായ ഇറ്റലിയില്‍ യുദ്ധകാല അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ലാബുകൾ രോഗലക്ഷണമില്ലാത്തവരെ പരിശോധിക്കാനോ സർട്ടിഫിക്കറ്റ്‌ നൽകാനോ തയ്യാറല്ല.  

വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറാകാത്ത കേന്ദ്രം  മെഡിക്കൽ സംഘത്തെ ഇറ്റലിയിൽ എത്തിച്ച്‌ പരിശോധന നടത്തുമെന്ന നിലപാടിലാണ്.  രോഗബാധയുള്ളവർക്ക്‌ യാത്രാഅനുമതി നൽകില്ല. ഇവർ ഇറ്റലിയിൽ ചികിത്സ തേടേണ്ടിവരും. ഇറ്റലിയിൽ തുടരുന്നതും ചികിത്സതേടുന്നതും അപകടകരമാണെന്ന് അവിടെയുള്ള ഇന്ത്യക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

രോഗമില്ലെന്ന്‌ സ്ഥിരീകരിച്ചാലേ നാട്ടിലെത്തിക്കൂ: വിദേശമന്ത്രി
ഇറ്റലിയിലും ഇറാനിലും കുടുങ്ങിയ ഇന്ത്യക്കാരെ രോഗമില്ലെന്ന്‌ സ്ഥിരീകരിച്ചശേഷമേ നാട്ടിലെത്തിക്കൂവെന്ന്‌  വിദേശമന്ത്രി എസ്‌ ജയശങ്കർ രാജ്യസഭയിൽ പറഞ്ഞു. വിമാനത്താവളത്തിൽ കുടുങ്ങിയവരെ പരിശോധിക്കാന്‍ ഇന്ത്യൻ മെഡിക്കൽ സംഘം വ്യാഴാഴ്‌ച ഇറ്റലിയിലേക്കു പോകും. ഇറാനിൽ സാമ്പിൾ പരിശോധനാ സംവിധാനം രൂപീകരിക്കാനായി ആറംഗ മെഡിക്കൽ സംഘത്തെ നിയോഗിച്ചു. ശനിയാഴ്‌ച 108 സാമ്പിൾ ഇന്ത്യയിൽ എത്തിച്ചു. രോഗമില്ലെന്ന്‌ ഉറപ്പിച്ച 58 തീർഥാടകര്‍ തിരികെ എത്തി. 529 ഇന്ത്യക്കാരുടെ സാമ്പിള്‍ കൊണ്ടുവന്നു. പുണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജിയിൽ അവ പരിശോധിക്കുന്നു. അടുത്തതായി വിദ്യാർഥികളെ മടക്കിക്കൊണ്ടുവരാനാണ് ശ്രമം. മലയാളികളടക്കമുള്ള മീൻപിടിത്തക്കാരുള്ള ദക്ഷിണ ഇറാനിൽ സ്ഥിതി നിയന്ത്രണവിധേയമാണ്‌. ഇവർക്ക്‌ ആവശ്യമായ സഹായം ലഭ്യമാക്കി. ഇവരെ തിരികെ എത്തിക്കാനുള്ള നടപടി  സ്വീകരിക്കുമെന്നും ജയശങ്കർ പറഞ്ഞു.

അപരിഷ്‌കൃതം:- മുഖ്യമന്ത്രി
ഇന്ത്യൻ പൗരൻ രോഗിയായെന്നുവച്ച് ഇങ്ങോട്ടു വരാൻ പാടില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്‌ തിരുത്തണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ആവശ്യപ്പെട്ടു.  കേന്ദ്രത്തിന്റെ ഈ സമീപനം അപരിഷ്കൃതമാണ്.  വ്യോമയാന മന്ത്രാലയം  ഇക്കാര്യത്തിൽ ഇറക്കിയ സർക്കുലർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ പ്രശ്‌നത്തിൽ നിയമസഭയിൽ സർക്കാർ പ്രമേയം അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി കെ വി അബ്ദുൾ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ വിസയും ഇന്ത്യ റദ്ദാക്കി
കോവിഡ്–- 19 രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യ അനുവദിച്ച എല്ലാ വിസയും റദ്ദാക്കി.  വെള്ളിയാഴ്ച മുതല്‍ വിസ നിരോധനം വരുമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു. നയതന്ത്ര പ്രതിനിധികള്‍, ഐക്യ രാഷ്‌ട്ര സംഘടനയടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍,  തൊഴില്‍, പ്രൊജക്ടുകൾ, ടൂറിസ്‌റ്റ്‌ തുടങ്ങി എല്ലാ വിസയും റദ്ദാക്കി. അടിയന്തര ആവശ്യങ്ങൾക്ക്‌ ഇന്ത്യയിലേക്ക് വരേണ്ട വിദേശികള്‍  അടുത്തുള്ള ഇന്ത്യന്‍ ഹൈകമീഷനെ ബന്ധപ്പെടാമെന്നും മന്ത്രാലയം പുറത്തിറക്കിയ
വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top