11 August Tuesday

മുംബൈ ചേരിയിലും

എം പ്രശാന്ത‌്Updated: Friday Mar 27, 2020

ന്യൂഡൽഹി
മുംബൈ ചേരിപ്രദേശത്തും ഡൽഹിയിൽ സാധാരണക്കാർ ചികിത്സ തേടിയെത്തുന്ന ക്ലിനിക്കിലും കോവിഡ്‌ സ്ഥിരീകരിച്ചതോടെ  രാജ്യത്ത് രോ​ഗം മൂന്നാംഘട്ടമായ സമൂഹവ്യാപനത്തിലേക്ക്‌ നീങ്ങിയെന്ന ആശങ്ക ശക്തിപ്പെട്ടു. സമൂഹവ്യാപനത്തിലേക്ക്‌ കടന്നതായി ഇതുവരെ തെളിവില്ലെന്ന് ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.

● മുംബൈ ചേരിയില്‍ കഴിയുന്ന നാലുപേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്‌. ഭക്ഷണശാല നടത്തുന്ന അറുപത്തഞ്ചുകാരൻ, ജംമ്പ്‌ളിപാഡ ചേരിനിവാസിയായ മുപ്പത്തേഴുകാരൻ, ഘാട്ട്‌കോപ്പറിൽ ചേരിവാസികളായ ഇരുപത്തഞ്ചുകാരന്‍, വീട്ടുജോലിക്കാരിയായ അറുപത്തെട്ടുകാരി എന്നിവര്‍ക്കാണ് രോ​ഗം.

● ഡൽഹിയിലെ  മൊഹല്ല ക്ലിനിക്‌ ഡോക്ടർക്കും ഭാര്യക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു. ക്ലിനിക്കിൽ വന്നുപോയ എണ്ണൂറോളം പേർ നിരീക്ഷണത്തില്‍.
● രാജ്യത്ത്  24 മണിക്കൂറിനിടെ 42 പുതിയ കേസ്‌ റിപ്പോർട്ട്‌ ചെയ്തതായി  ആരോഗ്യമന്ത്രാലയം  ജോയിന്റ്‌ സെക്രട്ടറി ലവ്‌ അഗർവാൾ. കോവിഡിന്റെ വർധനനിരക്ക്‌ ഇപ്പോള്‍ സ്ഥിരപ്പെട്ട നിലയിലാണ്, എന്നാൽ, ഇത്‌ പ്രാരംഭസൂചനകൾമാത്രമാകാം. 17 സംസ്ഥാനം പ്രത്യേക കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു.
●  അവശ്യവസ്‌തുക്കളുടെ ഉൽപ്പാദനവും വിതരണവും തടസപ്പെടാതിരിക്കാൻ  നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അതിഥിത്തൊഴിലാളികൾക്ക്‌ ഭക്ഷണവും താമസവും ഉറപ്പാക്കാൻ സംസ്ഥാനങ്ങൾ ശ്രമിക്കുന്നുണ്ട്.

●  മരുന്നുകൾ വീടുകളിൽ എത്തിച്ചുനൽകുന്നതിന്‌ കേന്ദ്രം അനുമതി നൽകി.
● കോവിഡ്‌ ചികിത്സയ്‌ക്കായി 1000 കിടക്കവീതമുള്ള രണ്ട്‌ ആശുപത്രി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ നിർമിക്കുമെന്ന്‌ ഒഡിഷ.
●  ബംഗാളിൽനിന്നുള്ള തൊഴിലാളികൾക്ക്‌ അടിസ്ഥാനസൗകര്യം ഉറപ്പാക്കണമെന്ന്‌ അഭ്യർഥിച്ച്‌ കേരളം അടക്കം 18 സംസ്ഥാനത്തിലെ മുഖ്യമന്ത്രിമാർക്ക്‌ മമത ബാനർജിയുടെ കത്ത്‌.

● ഡിസ്റ്റലറികളോടും ഷുഗർ ഫാക്ടറികളോടും സാനിറ്റൈസറുകള്‍ ഉൽപ്പാദിപ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചു.
●  കോവിഡ്‌ രോഗികൾക്കായുള്ള പ്രത്യേക വെന്റിലേറ്ററിന്റെ മാതൃക എയിംസ്‌ തയ്യാറായതായി.
●  മൂന്ന് അടുക്കുള്ള (ത്രീപ്ലൈ) മാസ്‌കുകളുടെ വില ജൂൺ 30 വരെ ഒന്നിന്‌ 16 രൂപയായി കേന്ദ്രം നിജപ്പെടുത്തി
● ലോക്‌ഡൗൺ കർഫ്യു ലംഘിച്ചതിന്‌ മഹാരാഷ്ട്രയിൽ 3000 പേർക്കെതിരെ കേസ്‌
● സെൻസെക്‌സ്‌ 1410 പോയിന്റും നിഫ്‌റ്റി 323 പോയിന്റും ഉയർന്നു.

● ആകെ കോവിഡ്‌ കേസുകളുടെ 20–-30 ശതമാനംവരെ കോൺടാക്ടുകൾ കണ്ടെത്താനായില്ലെങ്കിൽ സമൂഹവ്യാപനമായി കണക്കാക്കുമെന്ന്‌ കേന്ദ്രം. ● ബിഹാറിൽ ദരിദ്രർക്കായി 100 കോടിയുടെ പാക്കേജ്‌. ●  തെലങ്കാന അടച്ചിടൽ ഏപ്രിൽ 16 വരെ നീട്ടി. ● 300 പേരെവരെ പാർപ്പിക്കാവുന്ന ഒമ്പത്‌ ക്വാറന്റൈൻ സംവിധാനം ആരംഭിച്ചതായി വ്യോമസേന.  ● ആൻഡമാനിൽ ചെന്നൈയില്‍നിന്ന്‌ എത്തിയ ആള്‍ക്ക് കോവിഡ്‌ സ്ഥിരീകരിച്ചു. 

● കോവിഡ്‌ രോഗബാധിതരെ ചികിത്സിച്ച എല്ലാ ആരോഗ്യപ്രവർത്തകരെയും പരിശോധിക്കുമെന്ന്‌ ഡൽഹി മുഖ്യമന്ത്രി. ● ഇന്ത്യയിൽ കഴിഞ്ഞ 317 ഇസ്രയേലുകാരെ വിമാനമാർഗം ഒഴിപ്പിച്ചു. 200 പേരെ നാളെ ഒഴിപ്പിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top