25 May Monday

രാജ്യത്ത്‌ കടുത്ത നിയന്ത്രണം

സ്വന്തം ലേഖകൻUpdated: Friday Mar 13, 2020

ന്യൂഡൽഹി
മഹാമാരിയായി കോവിഡ്‌–-19  പടർന്നതോടെ രാജ്യത്ത്‌ നിയന്ത്രണങ്ങൾ ശക്തമാക്കി. അനുവദിച്ച എല്ലാ വിസകളും ഏപ്രിൽ 15വരെ റദ്ദാക്കിയ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം പ്രബല്യത്തിൽവന്നു. നയതന്ത്ര, യുഎൻ, തൊഴിൽ, പ്രോജക്ട്‌ വിസകൾ ഒഴികെയുള്ളതിനാണ്‌ വിലക്ക്‌.
 ഒസിഐ കാർഡുള്ള വിദേശ ഇന്ത്യക്കാർക്ക്‌ അനുവദിച്ച വിസ രഹിത യാത്രാസൗകര്യം  റദ്ദാക്കി. നിലവിൽ ഇന്ത്യയിലുള്ള ഒസിഐ കാർഡുകാർക്ക്‌ ഇവിടെ തുടരാം. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്‌, സ്‌പെയിൻ, ജർമനി എന്നിവിടങ്ങളിൽനിന്നുള്ളവരും അവിടെ സന്ദർശിച്ചവരുമായ ഇന്ത്യക്കാരടക്കം എല്ലാ യാത്രക്കാരെയും 14 ദിവസം നിരീക്ഷണത്തിൽവയ്‌ക്കും.

ഇന്ത്യയിലുള്ള വിദേശികളുടെ വിസ സാധുവായി തുടരും. ഇവർക്ക്‌ വിസ കാലാവധി നീട്ടുന്നതിന്‌ ഫോറിനേഴ്‌സ്‌ റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസുമായി ബന്ധപ്പെടാം. അടിയന്തരമായി ഇന്ത്യയിലെത്തേണ്ട വിദേശികൾക്ക്‌ ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാം. ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നുള്ള യാത്രക്കാർക്ക്‌ ഇന്ത്യയിൽ പ്രവേശിക്കുന്നതിന്‌ കോവിഡ്‌–-19 ബാധയില്ലെന്ന സർട്ടിഫിക്കറ്റ്‌ ചൊവ്വാഴ്‌ച മുതൽ നിർബന്ധമാക്കി. ഇന്ത്യക്കാരടക്കം വിദേശത്തുനിന്നെത്തുന്നവർ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി 14 ദിവസം നിരീക്ഷണത്തിൽ തുടരണം. ചൈന, ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ഫ്രാൻസ്‌, സ്‌പെയിൻ, ജർമനി എന്നിവിടങ്ങളിലേക്കുള്ള യാത്ര ഇന്ത്യക്കാർ ഒഴിവാക്കണം.

മറ്റു രാജ്യങ്ങളിൽനിന്ന്‌ റോഡുമാർഗമുള്ള ഗതാഗാതത്തിന്‌ നിയന്ത്രണമുണ്ട്‌. രാഷ്‌ട്രപതി ഭവൻ സന്ദർശനം നിർത്തിവച്ചു. കേന്ദ്രമന്ത്രിമാർ സമീപദിവസങ്ങളിൽ വിദേശയാത്രനടത്തില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു. 29ന്‌ തുടങ്ങുന്ന ഐപിഎൽ മത്സരങ്ങൾ മാറ്റിവയ്‌ക്കണമെന്ന്‌ വിദേശകാര്യമന്ത്രാലയം നിർദേശിച്ചു. ബിസിസിഐ ഉചിതമായ തീരുമാനമെടുക്കണമെന്ന്‌ മന്ത്രാലയം വക്താവ്‌ രവീഷ്‌കുമാർ ആവശ്യപ്പെട്ടു. ശനിയാഴ്‌ച ചേരുന്ന ഗവേണിങ്‌ കൗൺസിൽ യോഗം തീരുമാനമെടുക്കുമെന്ന്‌ ഐപിഎൽ ചെയർമാൻ ബ്രിജേഷ്‌ പട്ടേൽ പറഞ്ഞു.

ഡൽഹിയിലെ എല്ലാ സ്‌കൂളും കോളേജും സിനിമാതിയറ്ററുകളും 31വരെ അടച്ചിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജമ്മു കശ്‌മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 31വരെ അടച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top