26 May Tuesday

നിയന്ത്രണം തെറ്റിച്ച് കൂട്ടപ്പലായനം; വഴിവച്ചത്‌ ആസൂത്രണമില്ലായ്‌മ

എം പ്രശാന്ത‌്Updated: Monday Mar 30, 2020

ന്യൂഡൽഹി
മുന്നൊരുക്കമില്ലാതെ പ്രധാനമന്ത്രി മൂന്നാഴ്‌ചത്തെ രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചത് ഇന്ത്യയിൽ കോവിഡിന്റെ സമൂഹവ്യാപനത്തിന് വഴിവയ്‌ക്കുമോയെന്ന് ആശങ്ക. രോ​ഗികളുടെ എണ്ണം ദിനംപ്രതി ഉയരുകയും ശാരീരിക അകൽച്ചയടക്കമുള്ള സുരക്ഷാ മാനദണ്ഡം വ്യാപകമായി ലംഘിക്കപ്പെടുകയും ചെയ്യുന്നു. സുരക്ഷാ നിര്‍ദേശമെല്ലാം കാറ്റിൽപറത്തിയാണ് ഉത്തരേന്ത്യൻ നഗരങ്ങളില്‍നിന്ന്‌ കുടിയേറ്റത്തൊഴിലാളികളുടെ കൂട്ടപ്പലായനം.

അവര്‍ക്ക് എന്തുചെയ്യാനാകും

സംസ്ഥാനങ്ങളുമായി കൂടിയാലോചന നടത്താതെയാണ്‌ 24ന്‌ മോഡി അടച്ചിടൽ പ്രഖ്യാപിച്ചത്‌. 22ലെ ജനതാ കർഫ്യൂവിനു പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഒരാഴ്ചത്തെ അടച്ചിടൽ പ്രഖ്യാപിച്ചിരുന്നു. മാർച്ച്‌ 24ന്‌ മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന ഘട്ടത്തിൽ രാജ്യത്തിന്റെ 90 ശതമാനം ഭൂപ്രദേശവും ഒരാഴ്‌ചത്തെ അടച്ചിടലിലായിരുന്നു. രാജ്യവ്യാപകമായി ബസ്‌–- ട്രെയിൻ സർവീസ് നിലച്ചിരുന്നു. വിമാന സർവീസുമാത്രം ഒരു ദിവസംകൂടി നീണ്ടു. 21 ദിവസം പണിയില്ലാതാകുമെന്നറിഞ്ഞതോടെ ഉത്തരേന്ത്യന്‍ കുടിയേറ്റത്തൊഴിലാളികള്‍ പരിഭ്രാന്തിയിലായി. തൊഴിലുടമകൾ ഫോണുകൾ എടുക്കാതായി.

ചുരുക്കം ദിവസങ്ങൾ തള്ളിനീക്കാനുള്ള പണംമാത്രമേ പലരുടെയും കൈവശമുണ്ടായിരുന്നുള്ളൂ. അടച്ചിടൽ മൂന്നാഴ്‌ചയിലും നീണ്ടേക്കുമെന്ന അഭ്യൂഹവും പരന്നു. ഇതോടെയാണ് തൊഴിലാളികള്‍  ​ഗ്രാമങ്ങളിലേക്ക് കാല്‍നടയാത്ര തുടങ്ങിയത്.

ഒഴിവാക്കമായിരുന്നു ദുരന്തം

ജനുവരി അവസാനമാണ്‌ രാജ്യത്ത്‌ ആദ്യ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതിനുശേഷം 50 ദിവസം നിർണായകമായിരുന്നു. എന്നാൽ, ഈ ഘട്ടത്തിൽ മുന്നൊരുക്കം നടത്തിയില്ല. നീണ്ട അടച്ചിടലിലേക്ക്‌ പോകേണ്ടി വന്നാല്‍ ദിവസവേതനക്കാരായ അസംഘടിത തൊഴിലാളികളും ദരിദ്ര ജനവിഭാഗങ്ങളും പ്രതിസന്ധിയിലാകുമെന്ന്‌ തിരിച്ചറിയാന്‍ കേന്ദ്രം വൈകി. ഇത്‌ മനസ്സിലാക്കി ഇവരുടെ ബാങ്ക്‌ അക്കൗണ്ടുകളിലേക്ക്‌ നിശ്ചിത തുക നൽകാമായിരുന്നു.

അടച്ചിടൽ ഘട്ടത്തിൽ  തൊഴിലാളികളെ പിരിച്ചുവിടരുതെന്ന കർക്കശ നിർദേശം തൊഴിലുടമകൾക്ക്‌ നൽകാമായിരുന്നു. തൊഴിലാളികളെ നിലനിർത്തുകവഴി തൊഴിലുടമകൾക്കുണ്ടാകുന്ന നഷ്ടം നികത്തുമെന്ന ഉറപ്പ്‌ നൽകേണ്ടിയിരുന്നു. തൊഴിലാളികൾക്ക്‌ ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്ക്‌ സാവകാശം ലഭിച്ചില്ല. രാജ്യത്തിന്റെ 90 ശതമാനവും ഒരാഴ്‌ചത്തെ അടച്ചിടലിലായിരുന്നതിനാൽ ഈ നടപടികൾ സ്വീകരിച്ചശേഷം ദീർഘനാളത്തെ അടച്ചിടലിലേക്ക്‌  കേന്ദ്രത്തിന് സാവകാശം പ്രവേശിക്കാമായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top