07 April Tuesday
അടച്ചുപൂട്ടൽ മാർഗനിർദേശം പുറപ്പെടുവിച്ചു

കോവിഡ്‌ വ്യാപനം : രാജ്യവ്യാപക ലോക്ക്‌ഡൗൺ ; 21 ദിവസം രാജ്യം അടച്ചിടും

വെബ് ഡെസ്‌ക്‌Updated: Wednesday Mar 25, 2020

ന്യൂഡൽഹി
കോവിഡ്‌ വ്യാപനം തടയാൻ 21 ദിവസം രാജ്യം അടച്ചിടുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച അർധരാത്രി രാജ്യവ്യാപക ലോക്ക്‌ഡൗൺ നിലവിൽ വന്നു.  ഒരാളും വീടിന്‌ പുറത്തിറങ്ങരുതെന്നും അവശ്യവസ്‌തുക്കളുടെ വിതരണത്തിന്‌ തടസ്സമുണ്ടാകില്ലെന്നും രാജ്യത്തോടായി അദ്ദേഹം പറഞ്ഞു. കോവിഡ്‌ തടയാൻ ആരോഗ്യമേഖലയ്‌ക്ക്‌ 15000 കോടി രൂപയുടെ പാക്കേജ്‌ പ്രഖ്യാപിച്ചു. പരിശോധന കിറ്റുകൾ, സംരക്ഷിത വസ്‌ത്രങ്ങൾ, ഐസൊലേഷൻ–- ഐസിയു കിടക്കകൾ, വെന്റിലേറ്ററുകൾ, മറ്റ്‌ വൈദ്യോപകരണങ്ങൾ എന്നിവ സംഭരിക്കുന്നതിന്‌ ഈ തുക ഉപയോഗിക്കാം.  അടച്ചിടൽ ദരിദ്രരെ ബാധിക്കുമെന്ന്‌ പറഞ്ഞ മോഡി അവരെ സഹായിക്കുന്നതിന്‌ എന്തുചെയ്യുമെന്ന്‌ വ്യക്തമാക്കിയില്ല.

വീട്ടിൽ നിന്ന്‌ ഇറങ്ങുന്നത്‌ കുറ്റകരം
● പൗരന്മാർ നിലവിൽ എവിടെയാണോ അവിടെ തുടരണം
● അവശ്യവസ്‌തുക്കളുടെ വിതരണത്തിന്‌ നടപടി എടുത്തു
● മെഡിക്കൽ,- പാരാമെഡിക്കൽ രംഗത്തുള്ളവർക്ക്‌ കൂടുതൽ പരിശീലനം
● സംസ്ഥാനങ്ങൾ ആരോഗ്യമേഖലയ്‌ക്ക്‌ മുൻഗണന നൽകണം
● സാമ്പത്തികാഘാതം രാജ്യം വഹിക്കണം,  മറികടക്കാൻ സാമ്പത്തിക പാക്കേജ്‌  പ്രഖ്യാപിച്ചില്ല
● കോവിഡിനെ നിയന്ത്രിക്കാൻ 21 ദിവസം വേണം
● ഈ  ബുദ്ധിമുട്ട്‌ സഹിച്ചില്ലെങ്കിൽ നിരവധി കുടുംബങ്ങൾ ഇല്ലാതാകും
● അലംഭാവം തുടർന്നാൽ വലിയ വില നൽകേണ്ടി വരും.
● സാധാരണക്കാരൻ മുതൽ പ്രധാനമന്ത്രിവരെ സാമൂഹ്യ അകൽച്ച പാലിക്കണം
● ഡോക്ടറുടെ ഉപദേശം ഇല്ലാതെ ആരും ഒരു മരുന്നും കഴിക്കരുത്‌. അന്ധവിശ്വാസത്തിൽ കുടുങ്ങരുത്‌
● അടച്ചിടലിലൂടെ ദുരിതത്തിലാകുന്നവരെ സഹായിക്കാൻ നടപടിയില്ല
● സെൻസസ്‌, ജനസംഖ്യാ രജിസ്റ്റർ നടപടികൾ നിർത്തിവച്ചേക്കുമെന്ന്‌ സർക്കാർ വൃത്തങ്ങൾ

 

പരിഭ്രാന്തരായി ജനം
കോവിഡ്‌ തടയുന്നതിന്‌ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക്‌ഡൗൺ ജനങ്ങളെ പരിഭ്രാന്തിയിലാഴ്‌ത്തി.  21 ദിവസത്തേക്ക്‌ ആരും വീടിന്‌ പുറത്തിറങ്ങരുതെന്നും തെറ്റിച്ചാൽ നടപടിയുണ്ടാകുമെന്നും പറഞ്ഞതോടെ രാത്രിതന്നെ അവശ്യവസ്‌തുക്കൾ സംഭരിക്കുന്നതിനായി ആളുകൾ നെട്ടോട്ടമോടി. ഡൽഹി, മുംബൈ തുടങ്ങി പ്രധാന നഗരങ്ങളിലെല്ലാം പലചരക്ക്‌, - പച്ചക്കറി കടകൾക്ക്‌ മുന്നിൽ ആൾക്കൂട്ടം തിങ്ങിക്കൂടി.

 

അടച്ചുപൂട്ടൽ - മാർഗനിർദേശം പുറപ്പെടുവിച്ചു
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്‌ പിന്നാലെ കോവിഡ്‌ വ്യാപനം തടയുന്നതിനുള്ള മാർഗ നിർദേശം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു. 

● പ്രതിരോധം, കേന്ദ്ര പൊലീസ്‌, ട്രഷറി, പൊതുഉപയോഗം (പെട്രോളിയം, സിഎൻജി, എൽപിജി, പിഎൻജി), ദുരന്ത നിവാരണം, വൈദ്യുതി, തപാൽ, നാഷണൽ ഇൻഫോർമാറ്റിക്‌സ്‌ കേന്ദ്രം, മുന്നറിയിപ്പ്‌ ഏജൻസികൾ എന്നിവയൊഴികെയുള്ള എല്ലാ കേന്ദ്ര സർക്കാർ ഓഫീസുകളും അടച്ചിടും.

● പൊലീസ്‌, സിവിൽ ഡിഫൻസ്‌, അഗ്‌നിശമന സേന, ദുരന്ത നിവാരണം, ജയിൽ, ജില്ലാ ഭരണകൂടവും ട്രഷറിയും, വൈദ്യുതി, വെള്ളം, ശുചീകരണം എന്നിവ ഒഴികെയുള്ള സംസ്ഥാന സർക്കാർ ഓഫീസുകൾ അടഞ്ഞുകിടക്കും. മുൻസിപ്പൽ ഓഫീസുകളിൽ ശുചീകരണം, കുടിവെള്ളം തുടങ്ങിയ അവശ്യസേവനങ്ങൾക്കാവശ്യമായ ജീവനക്കാർ മാത്രം.

●    ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ലാബുകൾ, ക്ലിനിക്കുകൾ, ഡിസ്‌പൻസറികൾ തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും പൊതു–- സ്വകാര്യ മേഖലയിൽ പ്രവർത്തിക്കും.

●    റേഷൻ കടകൾ അടക്കം ഭക്ഷ്യവസ്‌തുക്കൾ, പലച്ചരക്ക്‌, പഴം, പച്ചക്കറി, പാൽ, പാലുൽപ്പന്നങ്ങൾ, മൽസ്യം, മാംസം, കാലിത്തീറ്റ എന്നിവയ്‌ക്കൊഴികെയുള്ള എല്ലാ കടകളും അടഞ്ഞുകിടക്കും.

●    ബാങ്കുകൾ, ഇൻഷുറൻസ്‌ ഓഫീസുകൾ, എടിഎമ്മുകൾ പ്രവർത്തിക്കും.

●    അച്ചടി–- ദൃശ്യ മാധ്യമങ്ങൾ പ്രവർത്തിക്കും.

●    ഫോൺ, ഇന്റർനെറ്റ്‌, ബ്രോഡ്‌കാസ്‌റ്റിങ്‌–- കേബിൾ സേവനങ്ങൾ പ്രവർത്തിക്കും. ഐടി–- ഐടി അനുബന്ധ സേവന മേഖലയിൽ (അവശ്യസേവനങ്ങൾ മാത്രം) കഴിയുന്നത്ര വീട്ടിലിരുന്ന്‌ ജോലി.

●    എല്ലാ വിദ്യാഭ്യാസ, പരിശീലന, ഗവേഷണ, കോച്ചിംഗ് സ്ഥാപനങ്ങളും  ആരാധനാലയങ്ങളും അടഞ്ഞുകിടക്കും. എല്ലാ സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, അക്കാഡമിക്, സാംസ്‌കാരിക, മതപരമായ ചടങ്ങുകളും കൂട്ടിച്ചേരലുകളും പാടില്ല. സംസ്‌കാര ചടങ്ങുകളിൽ 20 പേരിൽ കൂടുതൽ അനുവദിക്കില്ല.

●    ഫെബ്രുവരി 15ന് ശേഷം ഇന്ത്യയിലെത്തിവർ വീടുകളിൽ ഐസലോഷനിൽ കഴിയാനുള്ള ആരോഗ്യവകുപ്പ് നിർദ്ദേശം ലംഘിച്ചാൽ കർശന നടപടി.

●    നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുവെന്ന്‌ ഉറപ്പാക്കാൻ കലക്ടർമാർ എക്‌സിക്യൂട്ടീവ്‌ മജിസ്‌ട്രേറ്റുമാരെ കമാണ്ടർമാരായി ചുമതലപ്പെടുത്തണം. 

● നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ഐപിസി 188 വകുപ്പ്‌ പ്രകാരവും ദുരന്തനിവാരണ നിയമത്തിലെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും നടപടി.

അവശ്യസേവനങ്ങൾ
●    ഇ കൊമേഴ്‌സ്‌ വഴിയുള്ള ഭക്ഷണം, മരുന്ന്‌ മെഡിക്കൽ ഉപകരണങ്ങൾ . പെട്രോൾ പമ്പുകൾ, എൽപിജി, പെട്രോളിയം–- ഗ്യാസ്‌ ചില്ലറ ശാലകളും സംഭവരണ ശാലകൾ.  വൈദ്യുതിയും അനുബന്ധ സേവനങ്ങളും.

●     സെബി വിജ്‌ഞാപനം ചെയ്യുന്ന ഓഹരി വിപണി സേവനങ്ങൾ.

●     കോർഡ്‌ സ്‌റ്റോറേജുകൾ, വെയർഹൗസിങ്‌ സേവനങ്ങൾ.

●     പ്രൈവറ്റ്‌ സെക്യൂരിറ്റി സേവനങ്ങൾ.

●    അവശ്യവസ്‌തുക്കളുടെ നീക്കത്തിനായുള്ള ഗതാഗതം. അഗ്നിശമന, ക്രമസമാധാന പാലനത്തിനാവശ്യമായ വാഹനങ്ങൾ.

●     ലോക്ക്‌ഡൗണിനെ തുടർന്ന്‌ കുടുങ്ങിയ വിനോദസഞ്ചാരികൾ, മറ്റാളുകൾ, മെഡിക്കൽ–- എമർജൻസി സ്‌റ്റാഫുകൾ, വ്യോമ–- കപ്പൽ ജീവനക്കാർ തുടങ്ങിയവർ താമസിക്കുന്ന ഹോട്ടലുകൾ, ഹോംസ്‌റ്റേ, ലോഡ്‌ജ്‌, മോട്ടലുകൾ.

● ക്വാറന്റൈനായി മാറ്റിവെച്ചിട്ടുള്ള ഹോട്ടലുകൾ.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top