19 September Thursday

കൊടും ചൂടിലുണങ്ങി രാജ്യം; പകുതിയോളം പ്രദേശങ്ങൾ അതിരൂക്ഷ വരൾച്ചയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 6, 2019

ന്യൂഡൽഹി> രാജ്യത്തെ പകുതിയോളം പ്രദേശങ്ങൾ അതിരൂക്ഷ വരൾച്ചയിൽ. 65 വർഷത്തെ ഏറ്റവും കുറവ് തോതിലുള്ള വേനൽമഴയാ‌ണ‌് ഇത്തവണ ലഭിച്ചത‌്.  ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും ജലക്ഷാമം രൂക്ഷമായി. ഇന്ത്യയിലെ ജനസംഖ്യയിൽ പകുതിയോളം പേർ (60 കോടി) ജലക്ഷാമത്തിന്റെ കെടുതികൾ അനുഭവിക്കുന്നു. കർണാടകത്തിലെ 80 ശതമാനവും മഹാരാഷ്ട്രയിലെ 72 ശതമാനവും ജില്ലകൾ വരണ്ടുണങ്ങി. വിള നശിച്ചതിനാൽ രണ്ട‌് സംസ്ഥാനത്തുമായി 82 ലക്ഷം കർഷകരുടെ ജീവിതം വഴിമുട്ടി. ടാങ്കറുകളിൽ വല്ലപ്പോഴും എത്തുന്ന വെള്ളംമാത്രമാണ‌് മഹാരാഷ്ട്രയിലെ മിക്ക ഗ്രാമങ്ങളിലും ആശ്രയം. പൊതുഉറവിടങ്ങളിലെ ജലം പങ്കിടുന്നത‌് സംബന്ധിച്ച‌് മഹാരാഷ്ട, കർണാടകം സംസ്ഥാനങ്ങൾ തമ്മിൽ തർക്കവും രൂപംകൊണ്ടു.

ഛത്തീസ‌്ഗഢ‌്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളെ ഏതാണ്ട‌് പൂർണമായും വരൾച്ച ബാധിച്ചു. തമി‌ഴ‌്നാട്ടിലും സ്ഥിതി രൂക്ഷമാണ‌്. ചെന്നൈ നഗരത്തിൽ വിതരണംചെയ്യാന്‍ വെള്ളമെടുക്കുന്ന നാല‌് സംഭരണികളിൽ സംഭരണശേഷിയുടെ ഒരു ശതമാനംമാത്രമാണ‌് ശേഷിക്കുന്നത‌്. ചെന്നൈ നഗരത്തിൽ പൈപ്പ‌ുവഴിയുള്ള ജലവിതരണം മിക്കവാറും നിർത്തി. ടാങ്കർ ലോറികളിൽ എത്തിക്കുന്ന വെള്ളം ശേഖരിക്കാൻ നാട്ടുകാരുടെ നീണ്ട നിര രൂപപ്പെട്ടു.

ഉപരിതല, ഭൂഗർഭ സ്രോതസ്സുകളിലായി ഇന്ത്യയിൽ മൊത്തമുള്ളത‌് 2,51,800 കോടി ക്യുബിക‌് മീറ്റർ വെള്ളമാണ‌്. ഇതിൽ 1, 86,900 ക്യുബിക‌് മീറ്റർ വെള്ളമാണ‌് ഉപരിതലത്തിലുള്ളത‌്. ഇതിന്റെ 37 ശതമാനംമാത്രമാണ‌് മനുഷ്യർക്ക‌് ഉപയോഗിക്കാൻ കഴിയുന്നത‌്. ഭൂഗർഭ ജലത്തിൽ 58 ശതമാനംമാത്രമാണ‌് ചൂഷണം ചെയ്യാൻ സാധ്യമായ അവസ്ഥയിലുള്ളത‌്. അതേസമയം, ഭൂഗർഭ ജലനിരപ്പ‌ുതന്നെ അപകടകരമായ നിലയിൽ താഴ‌്ന്നുകൊണ്ടിരിക്കയാണെന്ന‌് നിതി ആയോഗ‌് റിപ്പോർട്ടിൽ പറയുന്നു. 2015നുശേഷം 2017ൽ ഒഴികെ എല്ലാവർഷവും രാജ്യത്ത‌് രൂക്ഷമായ വരൾച്ച അനുഭവപ്പെട്ടു.

ഡൽഹി, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ‌് അടക്കം രാജ്യത്തെ 21 നഗരത്തിൽ അടുത്ത വർഷത്തോടെ ഭൂഗർഭജലം അപ്രത്യക്ഷമാകും. പത്ത‌് വർഷത്തിനുള്ളിൽ രാജ്യത്തെ ജനസംഖ്യയിൽ 40 ശതമാനം പേർക്കും കുടിവെള്ളം കിട്ടാതാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമല്ലാത്ത ഉറവിടങ്ങളിൽനിന്നുള്ള വെള്ളം ഉപയോഗിക്കുന്നത‌ുകാരണം  പ്രതിവർഷം രണ്ട‌് ലക്ഷത്തോളം പേരാണ‌് ഇന്ത്യയിൽ മരിക്കുന്നത‌്.


പ്രധാന വാർത്തകൾ
 Top