15 November Friday

കോഴ ആരോപണം: ജ. ശുക്ലയ്‌ക്കെതിരെ കേസെടുക്കാമെന്ന് സിബിഐയോട്‌ സുപ്രീംകോടതി

എം അഖിൽUpdated: Thursday Aug 1, 2019

ന്യൂഡൽഹി> സ്വകാര്യ മെഡിക്കൽ കോളേജിന്‌ പ്രവേശനാനുമതി നൽകാൻ കോഴ കൈപ്പറ്റിയെന്ന ആരോപണത്തിൽ അലഹബാദ്‌ ഹൈക്കോടതി ജഡ്‌ജിക്കെതിരെ കേസെടുക്കാമെന്ന്‌ സിബിഐയോട്‌ സുപ്രീംകോടതി. ലഖ്‌നൗ ബെഞ്ചിലെ ജസ്റ്റിസ്‌ എസ്‌ നാരായൺ ശുക്ലയ്‌ക്കെതിരെയാണ്‌ അഴിമതിനിരോധന നിയമപ്രകാരം കേസെടുക്കാൻ ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അനുമതി നൽകിയത്‌. ചരിത്രത്തിലാദ്യമായാണ്‌ ഹൈക്കോടതി സിറ്റിങ് ജഡ്‌ജിക്കെതിരെ കേസെടുക്കുന്നത്‌.

കേന്ദ്രസർക്കാർ കരിമ്പട്ടികയിൽപ്പെടുത്തിയ ലഖ്‌നൗ ജിസിആർജി മെഡിക്കൽകോളേജിന്‌ 2017–18ൽ പ്രവേശനാനുമതി നൽകിയതിലാണ്‌ നടപടി. മെഡിക്കൽ കൗൺസിൽ ഓഫ്‌ ഇന്ത്യയുടെ റിപ്പോർട്ട്‌ പ്രകാരം കോളേജിന്‌ പ്രവേശന വിലക്കേർപ്പെടുത്തിയിരുന്നു.
ഒരുകാരണവശാലും വിഷയത്തിൽ ഇടപെടരുതെന്ന സുപ്രീംകോടതിയുടെ നിർദേശം മറികടന്നാണ്‌ 2017 ആഗസ്‌തിൽ ജസ്റ്റിസ്‌ ശുക്ലയുടെ ബെഞ്ച്‌ കോളേജിന്‌ അനുമതി നൽകിയത്‌. 

2018 ജനുവരിയിൽ ജസ്റ്റിസ്‌ ശുക്ലയെ ഇംപീച്ച്‌ ചെയ്യണമെന്ന്‌ മുൻ ചീഫ്‌ ജസ്റ്റിസ്‌ ദീപക്‌ മിശ്ര പ്രധാനമന്ത്രിക്ക്‌ കത്ത്‌ നൽകി. മദ്രാസ്‌ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ട്‌ പരിഗണിച്ചായിരുന്നു ഇത്‌.
 റിപ്പോർട്ട്‌ പുറത്തുവന്നതിനു പിന്നാലെ രാജിവയ്‌ക്കാനോ സ്വയംവിരമിക്കലിന്‌ അപേക്ഷിക്കാനോ ദീപക്‌ മിശ്ര നിർദേശിച്ചു. ശുക്ല ഇത്‌ അവഗണിച്ചു.  ശുക്ലയ്‌ക്ക്‌  ഔദ്യോഗികചുമതലകൾ നൽകുന്നത്‌ വിലക്കി. ഔദ്യോഗിക ചുമതല നൽകണമെന്നാവശ്യപ്പെട്ട്‌ മെയ്‌ 23ന്‌ ശുക്ല ചീഫ്‌ ജസ്റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ക്ക്‌ കത്ത്‌ നൽകി.ഇത്‌ നിരാകരിച്ച ചീഫ്‌ ജസ്റ്റിസ്‌  ഇംപീച്ച്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ പ്രധാനമന്ത്രിക്ക്‌ വീണ്ടും കത്ത്‌ നൽകി. ജസ്റ്റിസ്‌ ശുക്ല 2020ലാണ്‌ വിരമിക്കേണ്ടത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top