29 February Saturday

രാജ്യത്ത് ആദായനികുതിയിലും കോർപറേറ്റ്‌ നികുതിവരുമാനത്തിലും വന്‍ ഇടിവ്‌; രണ്ട്‌ ദശകത്തിനിടെ ആദ്യം

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020

ന്യൂഡൽഹി> രണ്ട്‌ ദശകത്തിനിടെ ആദ്യമായി രാജ്യത്ത് ആദായനികുതിയിലും കോർപറേറ്റ്‌ നികുതിവരുമാനത്തിലും വന്‍ ഇടിവ്‌. സാമ്പത്തികത്തകര്‍ച്ച രൂക്ഷമായിരിക്കെയാണ് ബജറ്റിൽ ലക്ഷ്യമിട്ട വരുമാനം നേടുന്നതിൽ മോഡിസർക്കാർ പരാജയപ്പെട്ടത്‌.  13.5 ലക്ഷം കോടി പ്രത്യക്ഷനികുതി സമാഹരിക്കാനാണ്‌ ലക്ഷ്യമിട്ടത്‌. മുൻവർഷത്തെക്കാൾ 17 ശതമാനം വർധന. എന്നാൽ, ജനുവരി 23 വരെ ലഭിച്ചത്‌ 7.3 ലക്ഷം കോടി മാത്രം. മുന്‍ വർഷം ഇതേദിവസം ലഭിച്ചതിനേക്കാൾ അഞ്ച്‌ ശതമാനം കുറവ്‌. സാമ്പത്തിക വർഷത്തിന്റെ അവസാനമാസങ്ങളിലെ വരവ്‌ കൂടി എടുത്താലും വരുമാനം കഴിഞ്ഞവർഷം  ലഭിച്ച 11.5 ലക്ഷം കോടിയേക്കാള്‍ കുറവാകും.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്‌ വരുമാനത്തിൽ 10 ശതമാനംവരെ കുറവുണ്ടാകും.

മൊത്തം നികുതിവരുമാനം  പ്രതീക്ഷിച്ചതിലും  രണ്ടരലക്ഷം കോടിയോളം രൂപ കുറയുമെന്ന്‌ മുൻ ധനകാര്യസെക്രട്ടറി സുഭാഷ്‌ ഗാർഗ്‌ പറഞ്ഞു. മൊത്തം ആഭ്യന്തരവരുമാനത്തിന്റെ (ജിഡിപി) 1.2 ശതമാനം മൂല്യം വരുന്ന തുകയാണിത്‌. ഇതു പരാജയപ്പെട്ട വർഷമാണെന്നും അദ്ദേഹം പറഞ്ഞു.

അടിക്കടിയുള്ള മാറ്റങ്ങളും അശാസ്‌ത്രീയ നികുതിഘടനയും കാരണം ജിഎസ്‌ടി കുഴഞ്ഞുമറിഞ്ഞു.  ഓഹരിവിൽപ്പനവഴി ഇക്കൊല്ലം 1,05,000 കോടി രൂപ സമാഹരിക്കുമെന്നാണ്‌ കേന്ദ്രം പ്രഖ്യാപിച്ചത്‌. ഇതുവരെ ലഭിച്ചത്‌ 18,094 കോടി മാത്രം. ബിപിസിഎൽ പോലുള്ള വൻലാഭത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾപോലും ചുളുവിലയ്‌ക്ക്‌ വിൽക്കാൻ കേന്ദ്രം ശ്രമിക്കുന്നത്‌ ഈ സാഹചര്യത്തിലാണ്‌. മാർച്ചിൽ ബിപിസിഎൽ വിൽപ്പന പൂർത്തീകരിക്കുമെന്നാണ്‌ ധനമന്ത്രി പ്രഖ്യാപിച്ചത്. മാന്ദ്യം മറികടക്കാനെന്ന പേരില്‍ കേന്ദ്രം കോർപറേറ്റുകൾക്ക്‌ രണ്ട്‌ ലക്ഷം കോടിയുടെ ഇളവാണ് പ്രഖ്യാപിച്ചത്.

പ്രതിസന്ധി മറികടക്കാൻ പുതിയ ബജറ്റിൽ ഉത്തേജനപദ്ധതി പ്രഖ്യാപിക്കണമെന്ന്‌   റിസർവ്‌ ബാങ്ക്‌ മുൻ ഗവർണർ സി രംഗരാജൻ, സാമ്പത്തികവിദഗ്‌ധൻ ഡി കെ ശ്രീവാസ്‌തവ എന്നിവർ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top