30 May Saturday

കേന്ദ്രം വീണ്ടും: രോഗം ഇല്ലെങ്കിലേ എത്തിക്കൂ: കേന്ദ്രമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020

ന്യൂഡൽഹി
ഇറ്റലിയിലും ഇറാനിലുമുള്ള ഇന്ത്യക്കാരെ കോവിഡ്‌–-19 ബാധയില്ലെന്ന്‌ സ്ഥിരീകരിച്ചശേഷമെ നാട്ടിലെത്തിക്കൂ എന്ന നിലപാടിലുറച്ച്‌ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ. അസാധാരണ സാഹചര്യത്തിൽ അസാധാരണ പ്രതികരണങ്ങൾ ആവശ്യമാണ്‌. കോവിഡ്‌–-19നെ തുടർന്നുണ്ടായ സാഹചര്യം വിശദീകരിച്ച്‌ ലോക്‌സഭയിൽ പ്രസ്‌താവന നടത്തുകയായിരുന്നു ജയ്‌ശങ്കർ.

വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണ്‌. ഇറ്റലിയിൽ ഇന്ത്യക്കാരുടെ പരിശോധനയ്‌ക്ക്‌  മെഡിക്കൽ സംഘത്തെ അയച്ചിട്ടുണ്ട്‌. രോഗമില്ലെന്ന്‌ ഉറപ്പാകുന്നവരെ നാട്ടിലെത്തിക്കും. ഇറാനിൽനിന്ന്‌ രണ്ടാം ഘട്ടത്തിൽ വിദ്യാർഥികളെ നാട്ടിലെത്തിക്കും. അന്താരാഷ്‌ട്ര ഏകോപനത്തിന്‌ വിദേശകാര്യമന്ത്രാലയത്തിൽ ഉന്നത ഉദ്യോഗസ്ഥനെ നിയമിച്ചു. പ്രതികരണം വേഗത്തിലാക്കാൻ നോഡൽ ഓഫീസ്‌ രൂപീകരിച്ചതായും ജയ്‌ശങ്കർ പറഞ്ഞു.

വിദേശത്തുള്ള എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതരായി നാട്ടിലെത്തിക്കേണ്ടത്‌ തങ്ങളുടെ ഉത്തരവാദിത്തമാണെന്ന്‌ ആരോഗ്യമന്ത്രി ഹർഷ വർധൻ പറഞ്ഞു. രാജ്യത്ത്‌  30,000 പേർ നിരീക്ഷണത്തിലാണ്‌. 51 ലാബും 56 സാമ്പിൾ ശേഖരണ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top