24 May Friday

ചീഫ്‌ ജസ്‌റ്റീസിനെതിരായ ഗൂഢാലോചന ജുഡീഷ്യൽ സമിതി അന്വേഷിക്കും: സുപ്രീംകോടതി

വെബ് ഡെസ്‌ക്‌Updated: Thursday Apr 25, 2019

ന്യൂഡൽഹി> സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിയെ കുടുക്കാൻ ഗൂഢാലോചന നടന്നെന്ന ആരോപണം അന്വേഷിക്കാൻ സുപ്രീംകോടതി സമിതിയെ നിയമിച്ചു

മുൻ ജഡ്ജി എ കെ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള  സമിതിയാണ്‌ അന്വേഷിക്കുക. ചീഫ്‌ ജസ്‌റ്റിസിനെതിരായ ലൈംഗിക പീഡന പരാതി ഗൂഢാലോചനയുടെ  ഭാഗമാണെന്ന ആരോപണമാണ്‌ അന്വേഷിക്കുക. ജസ്റ്റിസ് മാരായ അരുൺ മിശ്ര, റോഹിങ്ടൻ നരിമാൻ, ദീപക് ഗുപ്‌ത എന്നിവർ അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

സിബിഐ, ഐബി ഡയറക്ടർമാർ, ഡൽഹി പൊലീസ് കമ്മീഷണർ എന്നിവർ സമിതിയിൽ അംഗങ്ങളാകും. സമിതി റിപ്പോർട്ട് നൽകാൻ സമയ പരിധി നിശ്ചയിച്ചിട്ടില്ല, റിപ്പോർട്ട് ലഭിച്ച ശേഷം ഗൂഢാലോചന കേസ് പരിഗണിക്കും.

ഗൂഢാലോചന നടന്നെന്നും ജഡ്ജിമാരെ കുടുക്കാൻ ലോബി ഉണ്ടെന്നുമുള്ള അഡ്വ ഉത്സവ് ബെയിൻസിന്റെ ആരോപണങ്ങൾ ആണ് അന്വേഷിക്കുക.അന്വേഷണ റിപ്പോർട്ട് മുദ്ര വച്ച കവറിൽ ജസ്റ്റിസ് പട്നായിക് കോടതിക്ക് കൈമാറണം.

പരാതിക്ക് പിന്നിൽ സുപ്രീം കോടതിയിൽ നിന്ന് പിരിച്ചു വിട്ട മൂന്ന് ജീവനക്കാരും, ഒരു കോർപറേറ്റ് ഹൌസും ആണെന്ന് ആരോപിച്ച് അഭിഭാഷകൻ ഉത്സവ് സിംഗ് ബെയൻസ് സുപ്രീം കോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തിരുന്നു.


പ്രധാന വാർത്തകൾ
 Top