03 June Wednesday

ചീഫ‌്‌ ജസ്റ്റിസിനെതിരായ ഗൂഢാലോചന : മുൻ ജഡ‌്ജി അന്വേഷിക്കും

സ്വന്തം ലേഖകൻUpdated: Friday Apr 26, 2019

ന്യൂഡൽഹി
ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയ‌്ക്ക‌് എതിരായ ലൈംഗികാതിക്രമപരാതിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണം സുപ്രീംകോടതി മുൻ ജഡ‌്ജി എ കെ പട‌്നായ‌ിക്ക‌്‌ അന്വേഷിക്കും. സിബിഐ ഡയറക്ടർ,  ഇന്റലിജൻസ‌്‌ ബ്യൂറോ ഡയറക്ടർ, ഡൽഹി പൊലീസ‌് കമീഷണർ എന്നിവരുടെ സഹായമുണ്ടാകും. സമയപരിധി നിശ്ചയിച്ചിട്ടില്ലാത്ത അന്വേഷണം പൂർത്തിയാക്കിയശേഷം ജസ്റ്റിസ‌് പട‌്നായിക്ക‌് മുദ്രവച്ച കവറിൽ സുപ്രീംകോടതിക്ക‌് റിപ്പോർട്ട‌് സമർപ്പിക്കണമെന്ന‌് ജസ്റ്റിസ‌് അരുൺമിശ്ര അധ്യക്ഷനായ പ്രത്യേക ബെഞ്ച‌് വ്യാഴാഴ‌്ച ഉത്തരവിട്ടു.

കോർപറേറ്റ‌് പ്രമുഖരും ഇടനിലക്കാരും സുപ്രീംകോടതി മുൻജീവനക്കാരും ചേർന്ന ഗൂഢസംഘമാണ‌് പരാതിക്കുപിന്നിലെന്ന അഡ്വ. ഉത്സവ‌്സിങ് ബെയിൻസിന്റെ സത്യവാങ‌്മൂലത്തിന്റെ അടിസ്ഥാനത്തിലാണ‌് ഉത്തരവ‌്. അതേസമയം, ചില സുപ്രധാന വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന ഉത്സവ‌്‌ ബെയിൻസിന്റെ നിലപാട‌് കോടതി അംഗീകരിച്ചില്ല. ഗൂഢാലോചനയുമായി ബന്ധപ്പെട്ട‌് ഉത്സവിന്റെ പക്കലുള്ള മുഴുവൻ വിശദാംശങ്ങളും ഉടൻ കോടതിക്ക‌് കൈമാറണമെന്ന‌് ജസ്റ്റിസുമാരായ ആർ എഫ‌് നരിമാൻ, ദീപക‌്ഗുപ‌്ത എന്നിവർ അംഗങ്ങളായ ബെഞ്ച‌് നിർദേശിച്ചു. പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾ പരിഗണനാവിഷയമല്ലെന്ന‌് പ്രത്യേക ബെഞ്ച‌് ആവർത്തിച്ചു. അവരുടെ പരാതികൾ അന്വേഷിക്കാൻ ജ‌ഡ‌്ജിമാരുടെ സമിതി രൂപീകരിച്ചിട്ടുണ്ട‌്. ഗൂഢാലോചന കണ്ടെത്താനുള്ള അന്വേഷണം അതിനെ  ബാധിക്കില്ല.

ചീഫ‌്‌ ജസ്റ്റിസിനെതിരെ ലൈംഗികാതിക്രമ പരാതി ഉന്നയിച്ച യുവതിയുടെ ബന്ധുവെന്ന‌് പരിചയപ്പെടുത്തിയ അജയ‌് എന്ന വ്യക്തി തന്നെ സമീപിച്ച‌് ഒന്നരക്കോടി രൂപ വാഗ‌്ദാനംചെയ‌്തെന്നാണ‌് ഉത്സവ‌്‌ ബെയിൻസ‌് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുള്ളത‌്. പരാതിക്കാരിക്കുവേണ്ടി ഹാജരാകാനും ചീഫ‌്‌ ജസ്റ്റിസിന‌് എതിരെ വാർത്താസമ്മേളനം സംഘടിപ്പിക്കാനും സഹായം തേടിയാണ‌് അജയ‌്  സമീപിച്ചത‌്. അനിൽ അംബാനിക്കുവേണ്ടി കോടതിവിധി തിരുത്തിയതിനെ തുടർന്ന‌് ചീഫ‌്‌ ജസ്റ്റിസ‌് ഇടപെട്ട‌് പുറത്താക്കിയ സുപ്രീംകോടതി  ജീവനക്കാരായ തപൻകുമാർ ചക്രബർത്തി, മാനവ‌്ശർമ എന്നിവർക്ക‌് ഗൂഢാലോചനയിൽ പങ്കുണ്ട‌്. ജെറ്റ‌്എയർവേസ‌് ഉടമ നരേഷ‌്‌ ഗോയൽ ഇടനിലക്കാരൻ റോമേഷ‌് ശർമ വഴി അനുകൂലവിധിക്ക‌് സുപ്രീംകോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇത‌്  പരാജയപ്പെട്ടതിനുപിന്നാലെയാണ‌് ചീഫ‌്‌ ജസ്റ്റിസിനെതിരെ ആരോപണം ഉയർന്നതെന്നും സത്യവാങ‌്മൂലത്തിൽ പറയുന്നു. ഈ ആരോപണങ്ങൾ സാധൂകരിക്കാൻ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളും ഉത്സവ‌് കൈമാറി. തെളിവുകൾ ആധികാരികമാണോയെന്ന‌് ജസ്റ്റിസ‌് എ കെ പട‌്നായിക്ക‌് പരിശോധിക്കും.

ജസ്‌റ്റിസ്‌ എ കെ പട‌്നായിക്ക‌്
2009 നവംബർ മുതൽ 2014 ജൂൺവരെ സുപ്രീംകോടതി ജഡ‌്ജിയായിരുന്നു അനംഘ കുമാർ പട‌്നായിക്ക‌്. സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ കൽക്കട്ട ഹൈക്കോടതി ജഡ‌്ജിയായിരുന്ന സൗമിത്രാ സെന്നിനെതിരെ ഉയർന്ന ആരോപണങ്ങൾ അന്വേഷിച്ച ആഭ്യന്തരസമിതിയിൽ അംഗമായിരുന്നു.  സൗമിത്രാ സെൻ കുറ്റക്കാരനാണെന്ന‌് അന്വേഷണസമിതി റിപ്പോർട്ട‌് നൽകിയതിനെ തുടർന്ന‌് രാജ്യസഭയിൽ അദ്ദേഹത്തിനെതിരായ ഇംപീച്ച‌്‌മെന്റ‌് പ്രമേയം പാസാക്കി.  സിബിഐ ഡയറക്ടറായിരുന്ന അലോക‌്‌വർമയ‌്ക്ക‌് എതിരെ കേന്ദ്രവിജിലൻസ‌് കമീഷൻ നടത്തിയ അന്വേഷണത്തിന‌് മേൽനോട്ടം വഹിച്ചു.  അലോക‌്‌വർമയെ തിടുക്കത്തിൽ പുറത്താക്കാൻ പ്രധാനമന്ത്രി അധ്യക്ഷനായ സമിതി എടുത്ത തീരുമാനത്തെ അദ്ദേഹം വിമർശിച്ച‌ിരുന്നു.  ശ്രീപത്മനാഭസ്വാമി ക്ഷേത്രം കേസും ജസ്റ്റിസ‌് പട‌്നായിക്ക‌് കേട്ടിരുന്നു.
 

‘കോടതി കേന്ദ്രീകരിച്ച‌് വലിയ ഉപജാപകസംഘങ്ങൾ’

പരമോന്നത നീതിപീഠത്തെ സ്വാധീനിക്കാനുള്ള പണക്കാരുടെയും പ്രതാപികളുടെയും നീക്കങ്ങൾ തീക്കളിയാണെന്ന കാര്യം മറക്കരുതെന്ന‌് ജസ്റ്റിസ‌് അരുൺ മിശ്ര.

‘ഈ രാജ്യത്തെ മുഴുവൻ ഭരിക്കാമെന്നാണോ പണക്കാരുടെ വിചാരം? പണമോ രാഷ്ട്രീയശക്തിയോ ഉപയോഗിച്ച‌് സുപ്രീംകോടതിയെ സ്വാധീനിക്കാൻ കഴിയില്ല. വലിയ കേസുകളിൽ അനുകൂലവിധി സമ്പാദിക്കാനുള്ള നീക്കം എല്ലാഭാഗത്ത‌ുനിന്നും ഉണ്ടാകുന്നു. കോടതി കേന്ദ്രീകരിച്ച‌് വലിയ ഉപജാപകസംഘങ്ങൾ പ്രവർത്തിക്കുന്നു. നിയമസംവിധാനത്തെ ശുദ്ധീകരിക്കാൻ ശ്രമിക്കുന്നവരെ ഇല്ലാതാക്കാനോ അപകീർത്തിപ്പെടുത്താനോ നീക്കം നടക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ  കടുത്ത നടപടി വേണ്ടിവരും’–-  ജസ്റ്റിസ‌് അരുൺ മിശ്ര അഭിപ്രായപ്പെട്ടു.

 

ആഭ്യന്തര അന്വേഷണം; ജസ‌്റ്റിസ‌് എൻ വി രമണ പിൻമാറി
സമിതിയിൽ ഇന്ദു മൽഹോത്ര

ന്യൂഡൽഹി
ചീഫ‌്ജസ‌്റ്റിസിന‌് എതിരായ മുൻജീവനക്കാരിയുടെ ലൈംഗികാതിക്രമപരാതി അന്വേഷിക്കുന്ന ജഡ‌്ജിമാരുടെ ആഭ്യന്തരസമിതിയിൽനിന്ന‌് ജസ‌്റ്റിസ‌് എൻ വി രമണ പിൻമാറി. ജസ‌്റ്റിസ‌് രമണ  അംഗമാകുന്നതിനെ ചോദ്യംചെയ‌്ത‌് പരാതിക്കാരി കഴിഞ്ഞദിവസം സമിതിക്ക‌്  കത്ത‌് നൽകിയിരുന്നു.  ചീഫ‌്ജസ‌്റ്റിസ‌് രഞ‌്ജൻ ഗൊഗോയുമായി അടുത്ത ബന്ധം പുലർത്തുന്ന ജസ‌്റ്റിസ‌് രമണ അംഗമായ സമിതി തന്റെ പരാതി നിഷ‌്പക്ഷമായി പരിഗണിക്കുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്ന‌ായിരുന്നു യുവതിയുടെ ആരോപണം. രമണ പിന്മാറിയതിനെത്തുടർന്ന‌് ജസ‌്റ്റിസ‌് ഇന്ദു മൽഹോത്രയെ സമിതിയിൽ ഉൾപ്പെടുത്തി. ജസ‌്റ്റിസുമാരായ  എസ‌് എ ബോബ‌്ഡെ, ഇന്ദിരാ ബാനർജി എന്നിവരാണ‌് ആഭ്യന്തര അന്വേഷണ സമിതിയിലെ മറ്റംഗങ്ങൾ.

  വെള്ളിയാഴ‌്ച ആദ്യ സിറ്റിങ് നടത്തുമെന്നും അന്ന‌് നേരിട്ട‌് ഹാജരാകണമെന്നും ആവശ്യപ്പെട്ട‌് സമിതി പരാതിക്കാരിക്ക‌് നോട്ടീസ‌് നൽകിയിരുന്നു. അതിന‌് പിന്നാലെയാണ‌് ജസ‌്റ്റിസ‌് രമണ സമിതിയിൽ അംഗമാകുന്നതിനെ ചോദ്യംചെയ‌്ത‌് യുവതി കത്ത‌് നൽകിയത‌്. പരാതിക്കാരി എതിർപ്പ‌് രേഖപ്പെടുത്തിയ സാഹചര്യത്തിൽ സമിതിയിൽ അംഗമാകാനില്ലെന്ന‌് ജസ‌്റ്റിസ‌് രമണ സുപ്രീംകോടതി രജിസ‌്ട്രിയെ   അറിയിക്കുകയായിരുന്നു.

ജസ‌്റ്റിസ‌് രമണ പിൻമാറിയ സാഹചര്യത്തിൽ സീനിയോറിറ്റി പ്രകാരം ജസ്റ്റിസ‌് അരുൺ മിശ്രയാണ‌് സമിതിയിൽ അംഗമാകേണ്ടിയിരുന്നത‌്. എന്നാൽ, ചീഫ‌്ജസ‌്റ്റിസിനെ പരാതിയിൽ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന ആരോപണം പരിഗണിച്ചിരുന്ന ബെഞ്ചിന‌് അധ്യക്ഷത വഹിച്ചത‌് അദ്ദേഹമായിരുന്നു. ഈ സാഹചര്യത്തിൽ അദ്ദേഹംതന്നെ യുവതിയുടെ പരാതി പരിഗണിക്കുന്ന സമിതിയിലും അംഗമാകുന്നതിന‌് എതിരെയും എതിർപ്പുയരാനുള്ള സാധ്യതകണക്കിലെടുത്താണ‌് ഇന്ദു മൽഹോത്രയെ ഉൾപ്പെടുത്തിയത‌്. ഇതോടെ സമിതിയിൽ ഭൂരിപക്ഷം വനിതകളായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top