23 January Thursday

ഒഴുകിത്തീരുന്ന കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jul 13, 2019

കോൺഗ്രസ‌് മുക്തഭാരതം; ആ ലക്ഷ്യത്തിലേക്ക‌് ബിജെപി കൂടുതൽ അടുത്തു. കൺചിമ്മി തുറക്കുമ്പോഴേക്കും കോൺഗ്രസിന്റെ മൂവർണ പതാക  കാവിയായി തീരുന്നു. പകൽ കോൺഗ്രസും രാത്രി ബിജെപിയുമെന്ന നിലപാട‌ാണ‌് പാർടിയിലെ പലർക്കുമെന്ന‌് കുമ്പസാരിച്ചത‌്  കോൺഗ്രസിന്റെ മുതിർന്ന നേതാവ‌് എ കെ ആന്റണിയാണ‌്. കർണാടകം, ഗോവ സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ കൂറുമാറ്റത്തോടെ ഈ കുമ്പസാര രഹസ്യം പരസ്യമായി. കർണാടകയിലെ രാഷ്ട്രീയ മാറ്റത്തിൽ പകച്ചുനിന്ന കോൺഗ്രസ‌് ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചുകൊണ്ടാണ‌് ഗോവയിലെ സംഭവ വികാസങ്ങൾ അരങ്ങേറിയത‌്.

ദേശീയനേതാക്കളും കൂട്ടത്തോടെ

കഴിഞ്ഞ മൂന്ന‌് വർഷത്തിനിടയിൽ കോൺഗ്രസിലെ മുൻ കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, ഗവർണർമാർ, പിസിസി പ്രസിഡന്റുമാർ മുതൽ പ്രാദേശിക നേതാക്കൾവരെ ബിജെപിയിലെത്തി. കോൺഗ്രസ‌് നിയമസഭാകക്ഷിയെ തന്നെ ഒന്നാകെ കൂറുമാറ്റിയാണ‌് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബിജെപി കാവിപുതപ്പിച്ചത‌്. 2014 –-ൽ ബിജെപി എംപിമാരായ 282 പേരിൽ 100 ലേറെപ്പേർ മുൻകോൺഗ്രസുകാരായിരുന്നു.
കോൺഗ്രസിന്റെ ദേശീയ നേതാക്കളും മുൻമുഖ്യമന്ത്രിമാരുമായിരുന്ന എസ‌് എം കൃഷ‌്ണ‌, വിജയ‌് ബഹുഗുണ, ജഗദംബികാ പാൽ എന്നിവർ ഒരു മടിയുമില്ലാതെയാണ‌് ബിജെപിയിലേക്ക‌് ചേക്കേറിയത‌്. എഐസിസി സെക്രട്ടറിയും വക്താവുമായിരുന്ന മലയാളിയായ ടോംവടക്കൻ നാടകീയമായാണ‌് ബിജെപിയിലെത്തിയത‌്. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ‌് മന്ത്രിസഭയിൽ സാമൂഹ്യക്ഷേമ മന്ത്രിയാണ‌്.  ത്രിപുരയിൽ കോൺഗ്രസ‌് ഒന്നടങ്കം ബിജെപി ആയി. കോൺഗ്രസിന്റെ 12 എംഎൽഎ മാരാണ‌് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥികളായത‌്. കോൺഗ്രസ‌് മുൻ എംഎൽഎ രത്തൻലാൽനാഥ‌ാണ‌് ഇപ്പോൾ ത്രിപുര വിദ്യാഭ്യാസ മന്ത്രി.

മണിപ്പൂരിലെ ബിജെപി മുഖ്യമന്ത്രി എൻ ബൈരെൻ സിങ്ങും അരുണാചൽ പ്രദേശ‌് മുഖ്യമന്ത്രി പേമ ഖണ്ഡുവും മുൻ കോൺഗ്രസ‌് നേതാക്കൾ തന്നെ.  അരുണാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭയിലെ 42 കോൺഗ്രസ‌് എംഎൽഎമാരാണ‌് ഒന്നിച്ച‌് ബിജെപിയിൽ ചേർന്നത‌്.  അസം മുഖ്യമന്ത്രി സർബന്തോ സോണോവാൾ അസം ഗണപരിഷത്ത‌് മുൻ എംപി. 

കർണാടകത്തിൽ രാജിവച്ചത‌് 13പേർ

കർണാടക കോൺഗ്രസ‌് നിയമ സഭാകക്ഷിയിൽ ഓരോരുത്തരായി കൊഴിഞ്ഞുപോവുകയാണ‌്.  13 പേർ രാജിവച്ചു. ഗോവയിലാകട്ടെ 15 അംഗ നിയമസഭാ കക്ഷിയിലെ പത്തുപേർ ബിജെപിയിലെത്തി. പ്രതിപക്ഷനേതാവടക്കം കോൺഗ്രസ‌് വിട്ടു. ആറുതവണ ഗോവ മുഖ്യമന്ത്രിയായിരുന്ന പ്രതാപ‌് സിങ‌് റാണെയുടെ മകൻ, കോൺഗ്രസ‌് ടിക്കറ്റിൽ വിജയിച്ച വിശ്വജിത‌് റാണെ ഇപ്പോൾ ബിജെപി മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയാണ‌്. മഹാരാഷ്ട്ര  പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വൈഖേ പാട്ടീൽ ബിജെപിയിൽ ചേർന്നത‌് ഒരുമാസം മുമ്പാണ‌്.  അദ്ദേഹത്തിന്റെ മകനും കോൺഗ്രസ‌് നേതാവുമായിരുന്ന സുജയ‌് വൈഖേ പാട്ടീൽ നിലവിൽ ബിജെപി എംപിയാണ‌്. ബിജെപിയിലെത്തിയ മുൻ കോൺഗ്രസ‌് നേതാവും മുൻമന്ത്രിയുമായ അബ‌്ദുൾ സത്താർ തന്നോടൊപ്പം പത്ത‌് എംഎൽഎമാർ കൂടി രാജിവെക്കുമെന്ന‌് പ്രഖ്യാപിച്ചിരിക്കുന്നു. കർണാടകയിൽ  കോൺഗ്രസ‌് പാർലമെന്ററി കക്ഷി നേതാവായിരുന്ന മല്ലികാർജുന ഖാർഖയെ പരാജയപ്പെടുത്തിയ ബിജെപി സ്ഥാനാർഥി ഉമേഷ‌് ജാദവ‌് മുൻ കോൺഗ്രസ‌് എംഎൽഎയാണ‌്. മഹാരാഷ‌്ട്രയിൽ ഏഴുതവണ എംഎൽഎ ആയിരുന്ന കോൺഗ്രസ‌് നേതാവ‌് കാളിദാസ‌് കൊലാമ്പ‌്കർ ഇപ്പോൾ ബിജെപി കൂടാരത്തിലാണ‌്.


കോൺഗ്രസ‌് എംഎൽഎമാർ വിൽപനയ‌്ക്ക‌്


മേഘാലയയിലെ ആരോഗ്യമന്ത്രി അലക‌്സാണ്ടർ, അസമിലെ മന്ത്രിമാരായ ഹേമന്ദ‌് ബിശ്വാസ‌് ശർമയും, പല്ലഭ‌് ലോചൻ ദാസ‌്, ഉത്തരാഖണ്ഡിലെ കോൺഗ്രസ‌്നേതാക്കളായിരുന്ന സത്യപാൽ മഹാരാജ‌്, ഭാര്യ അമൃതാ റാവത‌്, മുൻ സ‌്പീക്കർ യശ‌്പാൽ ആര്, മുൻമന്ത്രി ഹരക‌് സിങ‌് റാവത‌്, സുബോധ‌് ഉണ്യാൽ, പ്രണവ‌് സിങ‌് , ഗോവയിലെ മുൻ  എംഎൽഎമാരായ വിജയ‌് പൈ ഖോട്ട‌്, പ്രവീൺ ജാൻടെ, പാണ്ടുരങ്ക‌്, ഗുജറാത്തിൽ രാജിവെച്ച കോൺഗ്രസ‌് എംഎൽഎ ആശാബെൻ പട്ടേൽ എന്നിവരും  ബിജെപിയിലെത്തിയ  മുൻകോൺഗ്രസ‌് നേതാക്കളാണ‌്. വടക്ക‌്കിഴക്കൻ സംസ്ഥാനങ്ങളിൽ നോർത്ത‌് ഈസ‌്റ്റ‌് ഡെമാക്രാറ്റിക‌് അലയൻസിലുടെ ബിജെപി ഭരണത്തിലെത്തിയത‌് കോൺഗ്രസ‌് നേതാക്കളെ വിലക്കുവാങ്ങിയാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top