18 July Thursday

17‐ാം ലോക‌്സഭ: കക്ഷി നേതാവില്ലാതെ കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

ന്യൂഡൽഹി> ലോക‌്സഭാസമ്മേളനം തിങ്കളാഴ‌്ച തുടങ്ങാനിരിക്കെ ലോക‌്സഭാകക്ഷി നേതാവിനെ തീരുമാനിക്കാനാകാതെ കോൺഗ്രസ‌്. അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി ഉപേക്ഷിച്ചതോടെ പ്രതിസന്ധിയിലായ കോൺഗ്രസ‌് തീരുമാനങ്ങൾ കൈക്കൊള്ളാനാകാതെ പ്രതിസന്ധിയിലാണ‌്. സഭാകക്ഷി നേതൃസ്ഥാനം രാഹുൽ ഏറ്റെടുക്കണമെന്നാണ‌് ഒരു വിഭാഗം ആവശ്യപ്പെടുന്നത‌്. രാഹുലിന്റെ തീരുമാനം വ്യക്തമല്ലാത്തതിനാൽ സഭാകക്ഷി നേതാവില്ലാതെയാണ‌് കോൺഗ്രസ‌് സഭാ സമ്മേളനത്തിനെത്തുന്നത‌്. 16–-ാം ലോക‌്സഭയിലെ കോൺഗ്രസ‌് കക്ഷി നേതാവ‌് മല്ലികാർജുൻ ഖാർഗെ തെരഞ്ഞെടുപ്പിൽ തോറ്റു. മൂന്ന‌് ദിവസത്തിനകം സഭാനേതാവിനെ കണ്ടെത്തുമെന്നാണ‌് കോൺഗ്രസ‌് വൃത്തങ്ങൾ പറയുന്നത‌്. സഭാകക്ഷി ഉപ നേതാവ‌്, ചീഫ‌് വിപ്പ‌്, രണ്ട‌് ഉപ വിപ്പുമാർ എന്നിവരെയും തീരുമാനിച്ചിട്ടില്ല.

ചർച്ചകൾ ഏകോപിപ്പിക്കാൻ മികച്ച ഭാഷാവൈഭവവും നെഹ‌്റു–-ഗാന്ധി കുടുംബത്തോട‌് കൂറുമുള്ളയാളെയാണ‌് സഭാനേതാവായി തേടുന്നത‌്. മുൻ കേന്ദ്രമന്ത്രിമാരായ മനീഷ‌് തിവാരി, ശശി തരൂർ, ബംഗാൾ കോൺഗ്രസ‌് പ്രസിഡന്റ‌് അഥീർ രഞ്ജൻ ചൗധരി, കൊടിക്കുന്നിൽ സുരേഷ‌് എന്നിവർ പരിഗണനയിലുണ്ട‌്. ഇംഗ്ലീഷ‌് ഭാഷയിലെ വൈഭവവും ഹിന്ദി സംസാരിക്കാമെന്നതും തരൂരിന‌് അനുകൂലഘടകമാണ‌്. എന്നാൽ, ഭാര്യ സുനന്ദ പുഷ‌്‌കറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തടസ്സമാണ‌്. സഭയിൽ ഏറെക്കാലത്തെ പ്രവർത്തന പരിചയമുള്ള നേതാവാണ‌് കൊടിക്കുന്നിൽ. ഹിന്ദിയും ഇംഗ്ലീഷും മികച്ച രീതിയിൽ കൈകാര്യംചെയ്യാനാകില്ലെന്നത‌് പക്ഷേ, സാധ്യത കുറയ‌്ക്കുന്നു. പ്രവൃത്തിപരിചയംമാത്രം പരിഗണിച്ചല്ല സഭാകക്ഷി നേതാവിനെ തീരുമാനിക്കുക എന്ന‌് കൊടിക്കുന്നിൽ സുരേഷ‌് മാധ്യമങ്ങളോട‌് പറഞ്ഞു. ഹിന്ദി, ഇംഗ്ലീഷ‌് ഭാഷയിൽ വൈഭവവും പാർടി വക്താവ‌് എന്ന നിലയിൽ പ്രവൃത്തിപരിചയവുമുള്ള  മനീഷ‌് തിവാരിക്കാണ‌്  കൂടുതൽ സാധ്യത.

മല്ലികാർജുൻ ഖാർഗെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ‌്, യുവ നേതാവ‌് ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയവർ ഇത്തവണ പാർലമെന്റിൽ ഇല്ല. ഖാർഗെയും സിന്ധ്യയും തെരഞ്ഞെടുപ്പിൽ തോറ്റു. രാജ്യസഭയിലെ കാലാവധി തീർന്നതോടെയാണ‌് മൻമോഹൻസിങ‌് അംഗമല്ലാതായത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top