പനജി
അടുത്തമാസം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗോവയിൽ രാഷ്ട്രീയ കാലുമാറ്റം തകൃതി. ബിജെപി മന്ത്രി മൈക്കൽ ലോബോ കോണ്‍ഗ്രസിലേക്ക് ചുവടുമാറി. ബിജെപി എംഎല്‍എ പ്രവീൺ സാന്ത്യ മഹാരാഷ്ട്രവാദി ഗോമന്തക് പാർടിയിലേക്ക് ചാടി. ബിജെപിയുടെ ക്രിസ്ത്യൻ മുഖവും തുറമുഖം, മാലിന്യസംസ്കരണ മന്ത്രിയുമായ മൈക്കൽ ലോബോയുടെ രാജി നേതൃത്വത്തിന് കനത്ത ആഘാതമായി. മന്ത്രിസ്ഥാനവും എംഎൽഎ സ്ഥാനവും രാജിവച്ചു.ഒരാഴ്ചയ്ക്കിടെ നാലാമത്തെ എംഎൽഎയാണ് ബിജെപി വിട്ടത്. കഴിഞ്ഞദിവസം രാജിവച്ച സ്വതന്ത്ര എംഎൽഎ പ്രസാദ് ഗാവോങ്കർ കോൺഗ്രസിൽ ചേർന്നു.
മണിപ്പുരിൽ ഡിസിസി
വെെസ് പ്രസിഡന്റ് ബിജെപിയിൽ
നിയമസഭ തെരഞ്ഞെടുപ്പിന് ഒരു മാസംമാത്രം ശേഷിക്കെ മണിപ്പുരിൽ കോൺഗ്രസിന് വൻ തിരിച്ചടി. മുതിര്‍ന്ന നേതാവും പിസിസി ഉപാധ്യക്ഷനുമായ ചല്‍ട്ടോണ്‍ലിന്‍ അമോ ബിജെപിയില്‍ ചേര്‍ന്നു. തിപൈമുഖ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേദ്ര യാദവ്, മുഖ്യമന്ത്രി എൻ ബിരേൻ സിങ്, സംസ്ഥാന പ്രസിഡന്റ് എ ശാരദാദേവി എന്നിവരുടെ സാന്നിധ്യത്തിൽ ഇംഫാലിലെ ഓഫീസിൽ നടന്ന ചടങ്ങിലാണ് അമോ ബിജെപിയിൽ ചേർന്നത്. നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് സംസ്ഥാന ഭാരവാഹിയും കോൺഗ്രസ് വിടുന്നത്.
യുപിയിൽ മുതിർന്ന നേതാവ് കോൺഗ്രസ് വിട്ടു
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ യുപിയിലെ മുതിർന്ന നേതാവ് കോൺഗ്രസിൽനിന്ന് രാജിവച്ചു. പടിഞ്ഞാറൻ യുപിയിൽ വലിയ സ്വാധീനമുള്ള മുൻ എംഎൽഎയായ ഇമ്രാൻ മസൂദാണ് രാജിവച്ചത്. സമാജ്വാദി പാർടിയിൽ ചേരുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. യുപിയിൽ ഏറ്റവും അധികം മുസ്ലിം പിന്തുണയുണ്ടായിരുന്ന നേതാവാണ് കോൺഗ്രസ് വിട്ടത്. 2007-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി വിജയിച്ച മസൂദ് 2012-ൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടു. 2013ൽ സമാജ്വാദി പാർടിയിൽ ചേർന്നെങ്കിലും അടുത്ത വർഷം കോൺഗ്രസിലേക്ക് മടങ്ങി. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സഹറൻപുരിൽനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..