21 July Sunday

മഹാരാഷ്ട്രയിൽ കോൺഗ്രസിന്‌ സനാതൻ സൻസ്തയുമായുള്ള ബന്ധം പുറത്തായി

വെബ് ഡെസ്‌ക്‌Updated: Saturday Mar 23, 2019


മുംബൈ
മഹാരാഷ്ട്രയിലെ കോൺഗ്രസ‌് സ്ഥാനാർഥിക്ക‌് തീവ്രഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്തയുമായുള്ള ബന്ധം പുറത്തായി. സനാതൻ സൻസ്ത അംഗം  വൈഭവ‌് റാവുത്തിന‌് പിന്തുണ പ്രഖ്യാപിച്ച‌്  രത്നഗിരി സിന്ധുദുർഗ‌് മണ്ഡലത്തിലെ കോൺഗ്രസ‌് സ്ഥാനാർഥി നവീൻചന്ദ്ര ബന്ദിവഡേക്കർ നടത്തിയ പ്രവർത്തനങ്ങളാണ‌് കോൺഗ്രസിനെ വെട്ടിലാക്കിയത‌്. സ്ഫോടകവസ്‌തുക്കൾ കൈയിൽ വച്ചതിന‌് കഴിഞ്ഞവർഷം ഭീകരവിരുദ്ധ സംഘം വൈഭവ‌് റാവുത്തിനെ അറസ്റ്റു ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച‌്  ഓഗസ്റ്റിൽ നലസോപറയിൽ  നടത്തിയ പ്രകടനത്തിൽ നവീൻചന്ദ്ര  പങ്കെടുത്തു. 

സെപ്‌തംബറിലാണ‌് പരസ്യമായി റാവുത്തിന‌് പിന്തുണയുമായി നവീൻ രംഗത്തെത്തിയത‌്. റാവുത്ത‌് നിരപരാധിയാണെന്നായിരുന്നു വാദം.
സെപ‌്തംബർ 9ന‌് ഹിന്ദു ജനജാഗൃതി സമിതിയുടെ ഔദ്യോഗിക വെബ‌്പോർടലിൽ റാവുത്തിന‌് പിന്തുണ അറിയിച്ച‌് നവീന്റെ പ്രസ്താവനയും വന്നു.  ഭണ്ഡാരി സമുദായത്തിനും പശുസംരക്ഷണത്തിനും വലിയ കാര്യങ്ങൾ ചെയ്തിട്ടുള്ള റാവുത്ത‌ിനെ പിന്തുണയ്ക്കുന്നു ‌എന്നായിരുന്നു സന്ദേശം.
എന്നാൽ സനാതൻ സൻസ്തയുമായി തനിക്കൊരു ബന്ധവുമില്ലന്നാണ‌് നവീന്റെ വാദം.   പരിശോധിച്ചതിനു ശേഷമേ നവീന്റെ സ്ഥാനാർഥിത്വത്തിൽ അന്തിമ തീരുമാനമെടുക്കുയുള്ളു എന്നാണ‌് കോൺഗ്രസ‌് സംസ്ഥാന അധ്യക്ഷൻ അശോക‌് ചവാന്റെ പ്രതികരണം.

മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ‌്, കൽബുർഗി, ഗോവിന്ദ‌് പാൻസരെ, നരേന്ദ്ര ധബോൽക്കർ തുടങ്ങിയവരെ കൊലപ്പെടുത്തിയതിനുപിന്നിൽ സനാതൻ സൻസ്തയാണ‌്. ഈ കേസുകളിൽ പിടിക്കപ്പെട്ടവരെല്ലാം, സംഘടനയുടെയും  അവരുമായി ബന്ധമുള്ള ഹിന്ദു ജനജാഗ്രതി സമിതി(എച്ച്‌ജെഎസ്)യുടെയും നേതാക്കളാണ്.

സനാതൻ സൻസ്‌ത
ഹിന്ദുത്വ തീവ്രവാദത്തിന്റെ പ്രവർത്തനം രാജ്യത്ത് എങ്ങനെയാണ് നടക്കുന്നതെന്ന് അറിയാൻ സനാതൻ സൻസ്‌തയുടെ പ്രവർത്തനത്തെക്കുറിച്ച് പഠിച്ചാൽ മതി. 1995ലാണ‌് സനാതൻ സൻസ്‌തയുട രൂപീകരണം.  ഹിപ്‌നോട്ടിക‌് തെറാപ്പിസ്റ്റായ ജയന്ത് ബാലാജി അത്താവലെയാണ് സ്ഥാപകൻ. 2023നകം ‘ഹിന്ദുരാഷ്ട്രം സ്ഥാപിക്കുകയാണ്' ലക്ഷ്യം.  ഉന്നതവിദ്യാഭ്യാസം ലഭിച്ച ഡോക്ടർമാർ, അഭിഭാഷകർ, അധ്യാപകർ, മാധ്യമപ്രവർത്തകർ എന്നിവരാണ് പ്രധാനമായും ഈ സംഘടനയിലേക്ക് ആകർഷിക്കപ്പെട്ടത്. മഹാരാഷ്ട്രയും ഗോവയും കർണാടകയുമാണ് തട്ടകം. കൊങ്കണിലും ദക്ഷിണ മഹാരാഷ്ട്രയിൽ പ്രത്യേകിച്ചും സാംഗ്ലി ജില്ലയിലും പ്രവർത്തനം. ‘മതത്തെ സംരക്ഷിക്കാൻ നക്‌സലുകളെപ്പോലെ’ പ്രവർത്തിക്കണമെന്ന‌് സനാതൻ സൻസ്‌ത  ആഹ്വാനം ചെയ്യുന്നു. ഹിന്ദുരാഷ്ട്ര നിർമാണത്തിന് ഏറ്റവും വലിയ തടസ്സം മുസ്ലിങ്ങളും ക്രൈസ്തവരുമടക്കമുള്ള ന്യൂനപക്ഷമാണെന്നും ഇവർ വിലയിരുത്തുന്നു. പൊലീസിനെയും പട്ടാളത്തെയും വെറുക്കുന്നു ‘ദുർജന'ങ്ങൾക്കെതിരെ ആക്രമണം നടത്തുന്നതിനെ  ന്യായീകരിക്കുന്നു.

‘സനാതൻ പ്രഭാത‌്' എന്ന ദിനപത്രവും വിപുലമായ പ്രസിദ്ധീകരണശാലയും ഈ സംഘടനയ‌്ക്കുണ്ട്. ഹിന്ദി, മറാത്തി, ഗുജറാത്തി, കന്നട, ഇംഗ്ലീഷ് ഭാഷകളിലായി ദശലക്ഷക്കണക്കിന് ലഘുലേഖകൾ  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആസ്ഥാനം ഗോവയിലെ പോണ്ടയിലുള്ള രാംനഥിയാണ്. മുംബൈയിലെ വാശി, താണെ, പൻവേൽ എന്നിവിടങ്ങളിൽ നടന്ന ബോംബുസ്‌ഫോടനത്തോടുകൂടിയാണ്  സംഘടനയെക്കുറിച്ച് പുറംലോകം അറിയുന്നത്. 2011 ൽ മഹാരാഷ്ട്ര, കർണാടകം, ഗോവ സർക്കാരുകൾ ഈ സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐ എം, എൻസിപി എന്നീ കക്ഷികളും ഇതേ ആവശ്യം മുന്നോട്ടുവച്ചു. എന്നാൽ, മഹാരാഷ്ട്രയിലും കേന്ദ്രത്തിലും അന്ന് അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാർ നിരോധനാവശ്യം തള്ളി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top