20 January Monday

കോൺഗ്രസിൽ യുവനേതൃത്വം വേണം: അമരീന്ദർ സിങ‌്

പി ആര്‍ ചന്തുകിരണ്‍Updated: Sunday Jul 7, 2019

ന്യൂഡൽഹി > ദേശീയ അധ്യക്ഷനെ കണ്ടെത്താനാകാതെ കുഴങ്ങുന്ന കോൺഗ്രസിന‌് വിവിധ സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ കൂട്ടരാജി ഇരട്ടപ്രഹരമാകുന്നു. പാർടിയെ പുനരുജ്ജീവിപ്പിക്കാൻ യുവ നേതാവ് വരണമെന്ന‌ പ്രഖ്യാപനവുമായി പഞ്ചാബ‌് മുഖ്യമന്ത്രി അമരീന്ദർ സിങ‌് രംഗത്തെത്തിയതോടെ അധ്യക്ഷസ്ഥാനത്തേക്കുള്ള പോരും മുറുകുകയാണ‌്. മുതിർന്ന നേതാക്കളായ സുശീൽകുമാർ ഷിൻഡെ, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പേരുകൾ സജീവമായി പരിഗണിക്കുന്നതിനിടെയാണ‌് യുവരക്തം നേതൃത്വം ഏറ്റെടുക്കണമെന്ന‌് അമരീന്ദർ സിങ‌് പറഞ്ഞത‌്.

ഇതിനിടെ, കർണാടകത്തിൽ സഖ്യ സർക്കാരിന്റെ പതനം വേഗത്തിലാക്കി ഒമ്പത‌് കോൺഗ്രസ‌് എംഎൽഎമാർ രാജി സമർപ്പിച്ചു. രാജ്യസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ പാർടി സ്ഥാനാർഥിക്കെതിരെ വോട്ട‌് ചെയ‌്ത ഗുജറാത്തിലെ രണ്ട‌് എംഎൽഎമാർ രാജിവച്ചതിനു പിന്നാലെയാണ‌ിത‌്. അൽപേഷ് താക്കൂറും ദൽവാൽ സിങ് സലയുമാണ‌് കഴിഞ്ഞ ദിവസം ഗുജറാത്തിൽ രാജിവച്ചത‌്.

ആസ്വദിച്ച‌് രാഹുൽ

പാർടിയിലെ പ്രതിസന്ധി മൂർച്ഛിക്കവെ, ചുമതലകൾ അവസാനിപ്പിച്ച രാഹുൽ ഗാന്ധി തിയറ്ററിലെത്തി സിനിമ കണ്ടും കേസുകളുമായി ബന്ധപ്പെട്ട‌് വിവിധ കോടതികളിലുമാണ‌്. രാജി പരസ്യപ്പെടുത്തിയ ദിവസം ഡൽഹി ചാണക്യപുരിയിലെ തിയറ്ററിൽ സുരക്ഷാ സന്നാഹങ്ങളില്ലാതെ എത്തിയ രാഹുൽ ആർട്ടിക്കിൾ 15 സിനിമ കണ്ടു.
പോപ‌്കോൺ കഴിച്ച‌് സിനിമ കാണുന്ന രാഹുലിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
 ബിഹാർ ഉപമുഖ്യമന്ത്രി സുശീൽകുമാർ മോഡി നൽകിയ മാനനഷ്ടക്കേസിൽ ശനിയാഴ‌്ച പട‌്ന കോടതിയിൽ ഹാജരായി രാഹുൽ  ജാമ്യം നേടി. മോഡി എന്ന പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പ്രസ‌്താവനയുടെ പേരിലായിരുന്നു കേസ‌്.

ഏറ്റുമുട്ടി നേതാക്കൾ

യുവാക്കൾ വേണ്ടെന്ന‌് ഒരു വിഭാഗം നേതാക്കൾ വാദിക്കുന്നതിനിടെയാണ‌് യുവ നേതാവ‌് അധ്യക്ഷനാകണമെന്ന‌ ആവശ്യവുമായി അമരീന്ദർ സിങ്ങിന്റെ രംഗപ്രവേശം. രാഹുൽ ഗാന്ധിയുടെ ദൗർഭാഗ്യകരമായ രാജിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ ഊർജസ്വലമാക്കാൻ യുവ നേതൃത്വം വേണം. ദേശീയതലത്തിൽ സ്വീകാര്യതയും താഴേത്തട്ടിൽ സാന്നിധ്യവുമുള്ള പുതുതലമുറയിലെ ഊർജസ്വലനായ യുവനേതാവാണ‌് കോൺഗ്രസിനെ ഇപ്പോൾ നയിക്കേണ്ടത‌്‌. രാജ്യത്തിന്റെ അഭിലാഷങ്ങളെയും അതിന്റെ കാഴ്ചപ്പാടിനെയും പ്രതിഫലിപ്പിക്കുന്ന നേതൃത്വമാണ‌് പാർടിക്ക‌് വേണ്ടത‌്. കോൺഗ്രസിനെ വീണ്ടും രാജ്യത്തിന്റെ സുപ്രധാനവും ഏകവുമായ തെരഞ്ഞെടുപ്പാക്കി മാറ്റാൻ ഇതാവശ്യമാണ‌്. ജനസംഖ്യയുടെ 65 ശതമാനവും 35 വയസ്സിനു താഴെയുള്ള യുവാക്കളായതിനാൽ രാജ്യത്തിന്റെ അഭിലാഷം മനസ്സിലാവുക യുവാക്കൾക്കാണെന്നും അമരീന്ദർ സിങ‌് പ്രസ‌്താവനയിൽ പറഞ്ഞു.
യുവനേതാക്കളായ സച്ചിൻ പൈലറ്റ‌്, ജ്യോതിരാധിത്യ സിന്ധ്യ എന്നിവരെ അധ്യക്ഷസ്ഥാനത്തേക്ക‌് പരിഗണിക്കുന്നത‌് ഒരുവിഭാഗം മുതിർന്ന നേതാക്കൾ എതിർക്കുകയാണ‌്. ഇരുവരുടെയും പിതാക്കളേക്കാൾ മുതിർന്ന നേതാക്കളാണ‌് പാർടിയിലുള്ളതെന്നും അവരെ നിയന്ത്രിക്കാൻ സാധ്യമല്ലെന്നും ഇവർ വാദിക്കുന്നു.

എഴുപത്തേഴുകാരനായ ഷിൻഡെ, എഴുപത്താറുകാരനായ ഖാർഗെ എന്നിവരാണ‌് അധ്യക്ഷസ്ഥാനത്തേക്ക‌് പരിഗണിക്കുന്ന പ്രധാനപേരുകൾ. നെഹ‌്റു–-ഗാന്ധി കുടുംബത്തിന‌് പുറത്തുനിന്നുള്ള ആളുവേണമെന്നും അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ ഇടപെടില്ലെന്നുമാണ‌് രാഹുൽ അറിയിച്ചത‌്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിൽ താനും ഭാഗമാകില്ലെന്ന‌് സോണിയ ഗാന്ധിയും അറിയിച്ചു. പാർടി ട്രഷററും അനുയായിയുമായ അഹമ്മദ‌് പട്ടേലിനെയാണ‌് സോണിയ നിലപാടറിയിച്ചത‌്. അധ്യക്ഷനെ കണ്ടെത്താൻ 10ന‌് ചേരുന്ന പ്രവർത്തക സമിതിയിൽ നെഹ‌്റു–-ഗാന്ധി കുടുംബത്തിൽനിന്ന‌് ആരും പങ്കെടുക്കില്ലെന്നാണ‌് വിവരം. രാഹുലും പ്രിയങ്കയും സോണിയയും സ്വകാര്യ ആവശ്യത്തിനായി അന്ന‌് വിദേശയാത്രയിലാകും. യോഗം രാഹുലിന്റെ രാജി അംഗീകരിക്കുകയും പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങുകയും ചെയ്യും.

പാർടിയിൽ അടിമുടി അഴിച്ചുപണിയും പുതിയ നേതൃനിരയുമാണ‌് രാഹുൽ പ്രതീക്ഷിക്കുന്നത‌്. എന്നാൽ, രാഹുലിനോട‌് മടങ്ങിവരണമെന്ന‌് ആവശ്യപ്പെടുകയാണ‌് മുതിർന്ന നേതാക്കൾ ചെയ‌്തത‌്. രാഹുൽ രാജി പരസ്യമാക്കിയതോടെ സംഘടനാ തെരഞ്ഞെടുപ്പ‌് ഒഴിവാക്കാനുള്ള ശ്രമമാണ‌് നേതാക്കൾ നടത്തുന്നത‌്. ആറംഗ സമിതി രൂപീകരിച്ച‌് പാർടിയെ നിയന്ത്രിക്കണമെന്ന നിലപാടാണ‌് ഒരു വിഭാഗത്തിന‌്. യുവനേതാക്കളുടെ നേതൃത്വത്തിൽ വൻതോതിൽ അഴിച്ചുപണി ആവശ്യപ്പെട്ടുള്ള നീക്കവും സജീവമാണ‌്. അധ്യക്ഷസ്ഥാനത്തേക്കും പ്രവർത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ‌് നടത്തണമെന്നും ഇവർ ആവശ്യപ്പെടുന്നു.


പ്രധാന വാർത്തകൾ
 Top