21 August Wednesday

രാഹുലില്ല; സുശീൽകുമാർ ഷിൻഡെ കോൺഗ്രസ‌് അധ്യക്ഷനായേക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

ന്യൂഡൽഹി> മുൻ ആഭ്യന്തരമന്ത്രിയും മുതിർന്ന നേതാവുമായ സുശീൽകുമാർ ഷിൻഡെ കോൺഗ്രസ‌് അധ്യക്ഷനാകുമെന്ന‌് സൂചന. അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുൽഗാന്ധി മടങ്ങിവരില്ലെന്ന‌് ഉറപ്പായതോടെയാണ‌് പുതിയ നേതാവിനെ അവരോധിക്കാൻ നീക്കം തുടങ്ങിയത‌്. 21 വർഷത്തിനുശേഷമാണ‌് അധ്യക്ഷസ്ഥാനത്തേക്ക‌് നെഹ‌്റു–-ഗാന്ധി കുടുംബത്തിന‌് പുറത്തുനിന്ന‌് ഒരാൾ എത്തുന്നത‌്.

മഹാരാഷ‌്ട്രയിൽനിന്നുള്ള ദളിത‌് നേതാവാണ‌് സുശീൽ കുമാർ ഷിൻഡെ. പാർലമെന്റേറിയൻ എന്ന അനുഭവ പരിചയവും പ്രതിച്ഛായയും അനുകൂലമാണ‌്. മല്ലികാർജുൻ ഖാർഗെ, മുകുൾ വാസ‌്നിക‌് എന്നിവരും സജീവ പരിഗണനയിലുണ്ട‌്. തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന‌് കോൺഗ്രസിലുണ്ടായ നേതൃത്വ പ്രതിസന്ധി ഇതുവരെ പരിഹരിക്കാനായിട്ടില്ല. മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ഡൽഹി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ‌് അടുത്തിരിക്കെ അധ്യക്ഷനെ ഉടൻ കണ്ടെത്തേണ്ടത‌് അനിവാര്യമാണ‌്.

ഷിൻഡെ എത്തുന്നത‌് മഹാരാഷ‌്ട്രയിൽ അനുകൂല സാഹചര്യമുണ്ടാക്കുമെന്നും കണക്കുകൂട്ടുന്നു. തെരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ ആത്മാർഥമായി പ്രവർത്തിച്ചില്ലെന്ന വിമർശം ഉന്നയിച്ചാണ‌് രാഹുൽഗാന്ധി സ്ഥാനമൊഴിഞ്ഞത‌്. പാർലമെന്ററി പാർടി യോഗത്തിലും കോൺഗ്രസ‌് മുഖ്യമന്ത്രിമാരുടെ യോഗത്തിലും അധ്യക്ഷസ്ഥാനത്തേക്കില്ലെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നു. ഇതോടെയാണ‌് സീതാറാം കേസരിക്കുശേഷം നെഹ‌്റു–-ഗാന്ധി കുടുംബത്തിനു പുറത്തുനിന്ന‌് അധ്യക്ഷൻ എത്തുന്നത‌്.

ഗുലാംനബി ആസാദ്, അശോക് ഗെഹലോട്ട്  എന്നിവരെയും പരിഗണിച്ചിരുന്നു. സച്ചിൻ പൈലറ്റ‌്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ യുവനേതാക്കളെ പരിഗണിക്കണമെന്ന‌് ഒരുവിഭാഗം ആവശ്യപ്പെട്ടു. പ്രവർത്തകസമിതി പിരിച്ചുവിടണമെന്നും ഒരു സീറ്റും ജയിക്കാത്ത 17 സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷൻമാർ രാജിവയ‌്ക്കണമെന്നും യുവനേതാക്കൾ ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിലാണ‌് 59കാരനായ മുകുൾ വാസ‌്നിക്കിന്റെ പേര‌ും സജീവമായത‌്.എഐസിസി ജനറൽ സെക്രട്ടറിയായ മുകുൾ വാസ‌്നിക്കിന‌് ചുമതലയുണ്ടായിരുന്ന കേരളം, തമിഴ‌്നാട‌്, പുതുച്ചേരി, ലക്ഷദ്വീപ‌് എന്നിവിടങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ‌്ചവയ‌്ക്കാൻ കോൺഗ്രസിന‌് കഴിഞ്ഞു.


പ്രധാന വാർത്തകൾ
 Top