16 November Saturday

പ്രവർത്തക സമിതി 10ന്‌: കോൺഗ്രസിൽ താൽക്കാലിക അധ്യക്ഷന്‌ സാധ്യത

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

ന്യൂഡൽഹി> അധ്യക്ഷനെ കണ്ടെത്താനുള്ള കോൺഗ്രസ്‌ പ്രവർത്തക സമിതി യോഗം 10ന്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയെത്തുടർന്ന്‌ രാഹുൽ ഗാന്ധി രാജിവച്ചതോടെ രണ്ടരമാസമായി അധ്യക്ഷനില്ലാതെയാണ്‌ കോൺഗ്രസ്‌ നീങ്ങുന്നത്‌. നിർണായക രാഷ്‌ട്രീയ മാറ്റങ്ങളുടെ സാഹചര്യത്തിൽ ദേശീയ രാഷ്‌ട്രീയ രംഗത്ത്‌ കോൺഗ്രസ്‌ അപ്രസക്തമാകുന്നുവെന്ന വിമർശത്തിനിടെയാണ്‌ പ്രവർത്തകസമിതി ചേരുന്നത്‌.

പാർടി നാഥനില്ലാ കളരിയായെന്ന നേതാക്കളുടെ പരസ്യ പ്രസ്‌താവനകൾക്കിടെയാണ്‌ യോഗം.അധ്യക്ഷന്റെ കാര്യത്തിൽ മുതിർന്ന നേതാക്കൾക്കിടയിൽ സമവായം ആയിട്ടില്ല. താൽക്കാലിക അധ്യക്ഷനെ കണ്ടെത്തുകമാത്രമായിരിക്കും  യോഗത്തിന്റെ ലക്ഷ്യം. അധ്യക്ഷനെ കണ്ടെത്താൻ പ്രത്യേക സമിതി  രൂപീകരിച്ചേക്കും. അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള സമയക്രമവും പ്രഖ്യാപിച്ചേക്കും. യുവനേതാവ്‌ അധ്യക്ഷനാകണമെന്ന ആവശ്യവും പ്രിയങ്ക ഗാന്ധി ചുമതലയേൽക്കണമെന്ന ആവശ്യവും ശക്തമാണ്‌. കുടുംബത്തിൽനിന്ന്‌ അധ്യക്ഷൻ വേണ്ട എന്ന രാഹുലിന്റെ നിലപാട്‌ തള്ളാൻ പ്രിയങ്ക  തയ്യാറാകില്ല. സമവായശ്രമങ്ങൾ വിജയിക്കുമെന്നും പ്രിയങ്ക നേതൃത്വം ഏറ്റെടുക്കുമെന്നുമുള്ള പ്രതീക്ഷയിലാണ്‌ ഒരുവിഭാഗം.

എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ്‌ ശനിയാഴ്‌ച പ്രവർത്തക സമിതി ചേരുമെന്ന്‌ ട്വീറ്റ്‌ ചെയ്‌തത്‌. അധ്യക്ഷ തെരഞ്ഞെടുപ്പ്‌ വൈകുന്നത്‌ അപകടകരമാണെന്ന്‌ മുതിർന്ന തോവ്‌ കരൺസിങ്ങും ശശി തരൂരും പരസ്യമായി പറഞ്ഞിരുന്നു. മെയ്‌ 25നാണ്‌ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ രാഹുൽ രാജി പ്രഖ്യാപിച്ചത്‌.  ബിജെപിയോട്‌ എതിരിടാൻ താൻ പലപ്പോഴും ഒറ്റയ്‌ക്കായിരുന്നെന്ന്‌ മുതിർന്ന നേതാക്കൾക്കെതിരായ രൂക്ഷവിമർശം രാഹുലിന്റെ കത്തിലുണ്ടായിരുന്നു.

യുവരക്തം നേതൃത്വം ഏറ്റെടുക്കണമെന്ന ആവശ്യം പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ ഉന്നയിച്ചിരുന്നു. ഇതോടെ, ജ്യോതിരാദിത്യ സിന്ധ്യക്കുവേണ്ടിയുള്ള പ്രചാരണം ശക്തമായി. അധ്യക്ഷനില്ലാതെ പ്രതിസന്ധി രൂക്ഷമായിരിക്കെയാണ്‌ കർണാടകത്തിൽ സഖ്യസർക്കാർ വീണതും  ഗോവയിൽ എംഎൽഎമാർ ഭൂരിപക്ഷവും ബിജെപിയിൽ ചേക്കേറിയതും. പാർടിയിലുള്ള വിശ്വാസം നഷ്ടമാകുന്നെന്ന വിമർശത്തിനിടെ രാജ്യസഭാംഗം സഞ്ജയ്‌ സിങ്‌ രാജിവച്ച്‌ ബിജെപിയിൽ ചേർന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top