24 March Friday
40 വര്‍ഷത്തിലേറെ നെഹ്‌റു 
കുടുംബത്തിന് കീഴില്‍

കോൺഗ്രസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ 6 തവണ ; മഹാത്മാ ഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും സ്ഥാനാർഥികൾപോലും തോറ്റു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 19, 2022


കോൺഗ്രസിന്റെ 137 വർഷ ചരിത്രത്തിൽ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌ ആറു തവണമാത്രം. ഇതിൽ മഹാത്മാ ഗാന്ധിയുടെയും ജവാഹർലാൽ നെഹ്‌റുവിന്റെയും സ്ഥാനാർഥികൾപോലും തോറ്റു.

● ആദ്യ തെരഞ്ഞെടുപ്പ്‌ 1939ല്‍. ഗാന്ധിജിയുടെ സ്ഥാനാർഥിയായ പട്ടാഭി സീതാരമയ്യക്കെതിരെ സുഭാഷ്‌ ചന്ദ്രബോസ്‌ മത്സരിച്ചു. ബോസ്‌ ജയിച്ചു. ഗാന്ധിജിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്‌ പ്രസിഡന്റ്‌ പദം പിന്നീട്‌ രാജിവച്ചു. തുടർന്ന്‌ കോൺഗ്രസ് വിട്ടു.

● 1950ല്‍ നെഹ്‌റുവിന്റെ നോമിനിയായ ആചാര്യ കൃപലാനിയെ സർദാർ വല്ലഭായ്‌ പട്ടേൽ പിന്തുണച്ച പുരുഷോത്തം ദാസ്‌ ടണ്ഠൻ തോൽപ്പിച്ചു.  1952ലെ പൊതുതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ടണ്‌ഠൻ രാജിവച്ചു.

● 1977ല്‍ ത്രികോണമത്സരം.സിദ്ധാർഥ ശങ്കർ റേ, കരൺ സിങ്‌ എന്നിവരെ തോൽപ്പിച്ച്‌ കെ ബ്രഹ്മാനന്ദ റെഡ്ഡി പ്രസിഡന്റായി. സ്ഥാനത്ത് തുടര്‍ന്നത്‌ ഒറ്റവര്‍ഷംമാത്രം.

● 20 വർഷശേഷം 1997ല്‍ വീണ്ടും തെരഞ്ഞെടുപ്പ്. നെഹ്‌റു കുടുംബത്തിന്റെ സ്ഥാനാർഥിയായ സീതാറാം കേസരി ശരദ്‌ പവാറിനെയും രാജേഷ്‌ പൈലറ്റിനെയും തോൽപ്പിച്ചു. 16 മാസത്തിനുശേഷം സോണിയ ഗാന്ധി പ്രസിഡന്റ്‌ സ്ഥാം ഏറ്റെടുത്തു.

● 2000ല്‍ നെഹ്‌റു കുടുംബാംഗം തെരഞ്ഞെടുപ്പ്‌ നേരിട്ടു. സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ മത്സരിച്ചു. പ്രസാദയ്‌ക്ക്‌  94 വോട്ട്‌.

● 2022ല്‍ ശശി തരൂരിനെതിരെ 
ഖാർ​ഗെ ജയിച്ചു.

40 വര്‍ഷത്തിലേറെ നെഹ്‌റു 
കുടുംബത്തിന് കീഴില്‍
സ്വാതന്ത്രത്തിന്‌ ശേഷം 40 വര്‍ഷത്തിലേറെ നെഹ്‌റു കുടുംബത്തിന്‌ കീഴിലായിരുന്നു കോൺഗ്രസ്‌. സ്വതന്ത്ര ഇന്ത്യയിൽ കോൺഗ്രസിനെ നയിച്ചത്‌ 17 പേരാണ്‌. പതിനെട്ടാമനാണ്‌ ഖാർഗെ. ഇതിൽ അഞ്ച്‌ പേരും നെഹ്‌റു കുടുംബത്തിൽ നിന്ന്. 1930ൽ ആദ്യമായി പ്രസിഡന്റായ നെഹ്‌റു 1936, 1937, 1951–-54 എന്നീ കാലങ്ങളിലും പ്രസിഡന്റായി. മകൾ ഇന്ദിര ഗാന്ധി 1959, 1978–-84 കാലഘട്ടത്തിൽ കോൺഗ്രസിനെ നയിച്ചു. ഇന്ദിരയുടെ മരണശേഷം മകൻ രാജീവ്‌ ഗാന്ധി പ്രസിഡന്റ്‌ പദം ഏറ്റെടുത്തു. 1984 മുതൽ 1991ൽ മരിക്കുന്നത്‌ വരെ രാജീവായിരുന്നു പ്രസിഡന്റ്‌. ഏഴ്‌ വർഷത്തിന്‌ ശേഷം സോണിയ യുഗത്തിന്‌ തുടക്കമായി. 1998 മുതലുള്ള 24 വർഷ കാലയളവിൽ 22 വർഷവും കോണ്‍​ഗ്രസിനെ സോണിയ നയിച്ചു. ഇടയിൽ 2017–- 2019ല്‍ മകൻ രാഹുൽ  പ്രസിഡന്റായി.  

ക്രമക്കേടുകളുടെ കോൺഗ്രസ്‌ ‘ജനാധിപത്യം’
ആരൊക്കെയാണ്‌ വോട്ടർമാരെന്നതിൽ അവസാനംവരെയും ആശയക്കുഴപ്പം. മൂവായിരത്തിലേറെ പേരുടെ വിലാസവും ഫോൺ നമ്പരുമില്ല. ആദ്യ വോട്ടർപ്പട്ടികയിൽനിന്ന്‌ അഞ്ഞൂറോളം പേരെ അവസാന നിമിഷം നീക്കി. പുതുതായി അറുനൂറിലേറെ പേരെ ഉൾപ്പെടുത്തി. പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ വോട്ടർമാരായ പിസിസി പ്രതിനിധികളെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന കോൺഗ്രസ്‌ ഭരണഘടനാ വ്യവസ്ഥ എവിടെയും പാലിക്കപ്പെട്ടില്ല. ബ്ലോക്ക്‌ കമ്മിറ്റികളിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട ആരുമില്ല.

കോൺഗ്രസിൽ  തുടരുന്ന കുടുംബവാഴ്‌ച മാറരുതെന്ന നിർബന്ധം നേതൃത്വത്തിനുണ്ടായിരുന്നു. 2020 ആഗസ്‌തിൽ വിമത വിഭാഗമായ ജി–-23 ഹൈക്കമാൻഡിന്‌ അയച്ച കത്താണ്‌ തെരഞ്ഞെടുപ്പിന്‌ വഴിവച്ചത്‌. ജി–-23 നേതാക്കളെ വൻതോതിൽ അടിച്ചമർത്തി. കത്തയച്ചത്‌ ക്രൂരമെന്ന്‌ പ്രവർത്തക സമിതിയിൽ മുതിർന്ന നേതാവ്‌ എ കെ ആന്റണി പ്രതികരിച്ചു.

എല്ലാവരെയും പുറത്താക്കണമെന്ന്‌ അംബികാ സോണി ആവശ്യപ്പെട്ടു. പുറത്താക്കിയില്ലെങ്കിലും ഗുലാംനബിയും കപിൽ സിബലും അടക്കമുള്ളവർ സ്വയം പുറത്തേക്കുപോയി. ഉദയ്‌പുർ ചിന്തൻ ശിബിരിൽ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ചതുമുതൽ കുടുംബഭക്ത നേതാക്കൾ ജാഗ്രത പുലർത്തി.

ശശി തരൂർ സ്ഥാനാർഥിയായതോടെ ഹൈക്കമാൻഡ്‌ പരിഭ്രാന്തിയിലായി. ആകെ 9300 വോട്ടർമാരെന്നാണ്‌ തെരഞ്ഞെടുപ്പ്‌ അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്‌ത്രി പറഞ്ഞത്‌. വോട്ടെടുപ്പ്‌ ദിനത്തിൽ വോട്ടർമാരുടെ എണ്ണം 9900 ആയി. യുപി, തെലങ്കാന, പഞ്ചാബ്‌ തുടങ്ങിയ പല സംസ്ഥാനങ്ങളിലും ഇഷ്ടംപോലെ വോട്ട്‌ കുത്തിയിട്ടു. ഇപ്രകാരമാണ് സോണിയ കുടുംബത്തിന്റെ പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ പ്രസിഡന്റ്‌ പദവിയിൽ ‘ജനാധിപത്യ’ പ്രകാരം അവരോധിക്കപ്പെട്ടത്‌.

യുപി വോട്ടുകളിലെ ക്രമക്കേട്: പരാതി തള്ളി
ഉത്തർപ്രദേശിലെ എല്ലാ വോട്ടുകളും അസാധുവാക്കണമെന്ന ശശി തരൂർ പക്ഷത്തിന്റെ അപേക്ഷ നേതൃത്വം തള്ളി.  ഖാർഗെയുടെ പത്രികയിൽ ഒപ്പിട്ട ഒരു നേതാവടക്കം മൂന്നു കുടുംബഭക്ത നേതാക്കളാണ്‌ ഭൂരിഭാഗം വോട്ടുകളും കുത്തിയിട്ടത്‌.
ക്രമക്കേടുകളുടെ ചിത്രമടക്കമാണ്‌ പരാതി നൽകിയത്‌. തെലങ്കാന, പഞ്ചാബ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലും ക്രമക്കേടുകളുണ്ടായി. 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top