17 October Thursday

"കൈ'വിടുന്നു; കോൺഗ്രസിൽ തമ്മിലടി,കൊഴിഞ്ഞുപോക്ക്‌

സ്വന്തം ലേഖകൻUpdated: Friday Jun 7, 2019

ന്യൂഡൽഹി>തെലങ്കാനയില്‍ കോൺഗ്രസ‌് നിയമസഭാ കക്ഷി കൂട്ടത്തോടെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതി (ടിആര്‍എസ്)യിൽ ലയിച്ചു. കോൺഗ്രസിന്റെ ആകെയുള്ള 18 ‌എ‌ംഎൽഎമാരിൽ 12 പേർ സ‌്പീക്കർ പി ശ്രീനിവാസ‌് റെഡ്ഡിയെ കണ്ട‌് ടിആർഎസിൽ ലയിക്കാൻ അനുമതി തേടി.  കോൺഗ്രസ‌് നിയമസഭാ കക്ഷിയുടെ പേരിലാണ‌് കത്ത‌് നൽകിയത‌്.

മൂന്നിൽ രണ്ട‌് എംഎൽഎമാരുടെ പിന്തുണയുണ്ടെങ്കിൽ ഏതെങ്കിലുമൊരു പാർടിയുടെ നിയമസഭാ കക്ഷിക്ക‌് മറ്റൊരു കക്ഷിയിൽ ലയിക്കാം. പിസിസി അധ്യക്ഷനായ ഉത്തംകുമാർ റെഡ്ഡി ലോക‌്സഭാ തെരഞ്ഞെടുപ്പിൽ നൽഗൊണ്ടയിൽനിന്ന‌് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ എംഎൽഎസ്ഥാനം രാജിവച്ചതോടെയാണ് കോണ്‍​ഗ്രസിന്റെ അം​ഗബലം 18 ആയത്. ഉത്തംകുമാറിന്റെ രാജി സ്വീകരിക്കപ്പെട്ടതിന‌് തൊട്ടുപിന്നാലെയാണ് കൂട്ടത്തോടെയുള്ള കൂറുമാറ്റമുണ്ടായത്. ഇതോടെ മുഖ്യപ്രതിപക്ഷമെന്ന സ്ഥാനം കോണ്‍​ഗ്രസിന് നഷ്ടമായി.
തെലങ്കാനയിലെ ഉപരിസഭയായ ലെജിസ്ലേറ്റീവ‌് കൗൺസിലില്‍ ആകെയുള്ള നാല‌് കോൺഗ്രസ‌് കൗൺസിലർമാരിൽ മൂന്നുപേരും നേരത്തെതന്നെ ടിആർഎസിൽ ലയിച്ചിരുന്നു. ദേശീയതലത്തിൽ കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയാണ് തെലങ്കാന സംസ്ഥാനഘടകത്തിലെ ആഭ്യന്തരപ്രശ‌്നം ആളിക്കത്തിച്ചത്. ലോക‌്സഭാ തെരഞ്ഞെടുപ്പിന‌് മുമ്പ‌് തെലുങ്കാനയിലെ നിരവധി കോൺഗ്രസ‌് നേതാക്കൾ  ബിജെപിയിലേക്ക‌് ചേക്കേറിയിരുന്നു. ഇതിന‌് പിന്നാലെയാണ‌് ഇപ്പോൾ എംഎൽഎമാർ കൂട്ടത്തോടെ ടിആർഎസിലേക്ക‌് പോകുന്നത‌്.

ഹരിയാനയില്‍ തമ്മിലടിച്ച് പിരിഞ്ഞു


ഹരിയാനയിൽ ലോക‌്സഭാ തെരഞ്ഞെടുപ്പ‌ു പരാജയം വിലയിരുത്താൻ ചേർന്ന കോൺഗ്രസ‌് നേതൃയോ​ഗം തമ്മിലടിച്ച് പിരിഞ്ഞു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗുലാംനബി ആസാദിന്റെ സാന്നിധ്യത്തിൽ നേതാക്കൾ ഗ്രൂപ്പുതിരിഞ്ഞ‌് ഏറ്റുമുട്ടി. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ പക്ഷവും പിസിസി പ്രസിഡന്റ‌് അശോക‌് തൻവർ പക്ഷവുമാണ‌് ഏറ്റുമുട്ടിയത‌്. അഞ്ചുവർഷമായി പിസിസി പ്രസിഡന്റ‌് സ്ഥാനത്ത‌് തുടരുന്ന തൻവറാണ‌്  തെരഞ്ഞെടുപ്പ‌് തോൽവിക്ക‌് ഉത്തരവാദിയെന്ന‌് ഹൂഡ പക്ഷം ആരോപിച്ചു. ഹൂഡ പക്ഷത്തിന്റെ മക്കൾരാഷ്ട്രീയവും ജാതിരാഷ്ട്രീയവുമാണ‌് തിരിച്ചടിക്ക് കാരണമെന്ന് മറുപക്ഷം ആരോപിച്ചു. വിശദമായ അജൻഡയടക്കം തയ്യാറാക്കി യോഗത്തിനെത്തിയ ഗുലാംനബി നേതാക്കളുടെ തമ്മിലടി കണ്ട‌് അമ്പരന്നു. ഹൂഡ പക്ഷത്തിന്റെ ആക്രമണത്തെതുടർന്ന‌് തൻവർ ക്ഷുഭിതനായി ഇറങ്ങിപ്പോയി.

പഞ്ചാബിൽ പോർവിളിച്ച‌് ക്യാപ‌്റ്റനും സിദ്ദുവും

പഞ്ചാബിൽ മുഖ്യമന്ത്രി അമരീന്ദർ സിങ്ങും  മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ  നവ‌്ജ്യോത‌്സിങ‌് സിദ്ദുവുമായുള്ള ചേരിപ്പോര‌് രൂക്ഷമായി. മുഖ്യമന്ത്രി വിളിച്ച മന്ത്രിസഭാ യോഗം സിദ്ദു ബഹിഷ‌്കരിച്ചു. തെരഞ്ഞെടുപ്പ‌് തോൽവിക്ക‌് തന്നെ കുറ്റക്കാരനാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ബഹിഷ‌്കരണം.  മന്ത്രിസഭ ചേരുമ്പോൾ വീട്ടിൽ വാർത്താസമ്മേളനം വിളിച്ച സിദ്ദു മുഖ്യമന്ത്രി തന്നെ ഒറ്റതിരിഞ്ഞ‌് കുറ്റപ്പെടുത്തുകയാണെന്ന‌് ആരോപിച്ചു. പരസ്യമായി വിശ്വാസക്കുറവ‌് പ്രകടിപ്പിച്ച സാഹചര്യത്തിൽ താൻ എന്തി‌ന‌് തൊട്ടടുത്ത‌് പോയി ഇരിക്കണം–- സിദ്ദു ചോദിച്ചു.
സിദ്ദു ക്യാബിനറ്റ‌് ബഹിഷ‌്കരിച്ചതിന‌ു പിന്നാലെ മന്ത്രിമാരുടെ വകുപ്പിൽ മാറ്റം വരുത്തി. സിദ്ദുവിൽ നിന്ന‌് തദ്ദേശസ്ഥാപനവകുപ്പ‌് എടുത്തുമാറ്റി. ഊർജ വകുപ്പ‌് നൽകി.  

രാജസ്ഥാനിൽ മുഖ്യമന്ത്രിക്കെതിരെ നീക്കം


രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക‌് ഗെലോട്ടിനെതിരെ പിസിസി അധ്യക്ഷൻ സച്ചിൻ പൈലറ്റ‌് പക്ഷം പരസ്യമായി രംഗത്ത‌്. മകൻ വൈഭവ‌് ഗെലോട്ടിന്റെ തോൽവിക്ക‌് ഉത്തരവാദി പൈലറ്റാണെന്ന‌് അശോക‌് ഗെലോട്ട‌് ആരോപിച്ചിരുന്നു.
ഇതിന‌ു പിന്നാലെയാണ‌് ഗെലോട്ടിനെ മുഖ്യമന്ത്രിസ്ഥാനത്ത‌ുനിന്ന‌് നീക്കണമെന്ന ആവശ്യം പൈലറ്റ‌് പക്ഷം ശക്തിപ്പെടുത്തിയത‌്.
 തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗെലോട്ട‌് സ്ഥാനമൊഴിയണമെന്ന് എംഎൽഎയായ പൃഥ്വിരാജ‌് മീണ ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയില്‍ കൊഴിഞ്ഞുപോക്ക്


മഹാരാഷ്ട്രയിൽ പ്രതിപക്ഷനേതാവായിരുന്ന രാധാകൃഷ‌്ണ വീഖെ പാട്ടീലും മുതിർന്ന നേതാവ‌് അബ്ദുൾ സത്താറും കോൺഗ്രസ‌് വിട്ടിരുന്നു. കൂടുതൽ എംഎൽഎമാർ വൈകാതെ കോൺഗ്രസ‌് വിടും.
പത്തുപേര്‍ ഇതിനോടകം വിമതനീക്കം ശക്തമാക്കിയിട്ടുണ്ട്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top