22 November Friday

കൊഴിഞ്ഞുപോക്ക്‌ തുടരുന്നു: കോൺഗ്രസ്‌ എംപി സഞ്ജയ്‌സിങ് രാജിവച്ച്‌ ബിജെപിയിൽ

സ്വന്തം ലേഖകൻUpdated: Wednesday Jul 31, 2019

ന്യൂഡൽഹി> നാഥനില്ലാതെ വലയുന്ന കോൺഗ്രസിൽനിന്ന്‌ നേതാക്കളുടെ കൊഴിഞ്ഞുപോക്ക്‌ തുടരുന്നു. രാജീവ്‌ ഗാന്ധിയുടെ സഹപാഠിയും നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്‌തനും രാജ്യസഭാംഗവുമായ സഞ്‌ജയ്‌ സിങ്‌ കോൺഗ്രസിൽനിന്ന്‌ രാജിവച്ചു. അസമിൽ നിന്നുള്ള രാജ്യസഭാംഗത്വവും രാജിവച്ചു. രാജ്യസഭയിൽ ഏതുവിധേനയും ഭൂരിപക്ഷം ഉറപ്പിക്കാൻ  കേന്ദ്രസർക്കാർ കിണഞ്ഞു ശ്രമിക്കുന്നതിനിടെയാണ്‌ രാജി. സർക്കാരിന്‌ ഏറെ താൽപ്പര്യമുള്ള മുത്തലാഖ്‌ ബിൽ രാജ്യസഭ പരിഗണിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ രാജി.

ബുധനാഴ്‌ച ബിജെപിയിൽ ചേരുമെന്ന്‌ സഞ്‌ജയ്‌ സിങ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സിങ്ങിന്റെ ഭാര്യയും മുൻ എംഎൽഎയുമായ അമീത്ത സിങ്ങും കോൺഗ്രസ്‌ അംഗത്വം രാജിവച്ചു. വിവാദമായ സയ്യിദ്‌ മോഡി വധക്കേസിൽ സഞ്‌ജയ്‌ സിങ്ങും ഭാര്യ അമീത്തയും പ്രതികളായിരുന്നു. ദേശീയ ബാഡ്‌മിന്റൺ താരമായ സയ്യിദ്‌ മോഡിയുടെ ഭാര്യയായിരുന്നു ബാഡ്‌മിന്റൺ താരമായിരുന്ന അമീത്ത.

പിന്നീട്‌ സഞ്‌ജയുമായി പ്രണയത്തിലായി. 1988 ൽ സയ്യിദ്‌ മോഡി കൊല്ലപ്പെട്ടു. കേസിൽ സിങ്ങും അമീത്തയും മറ്റൊരു കോൺഗ്രസ്‌ നേതാവ്‌ അഖിലേഷ്‌ സിങ്ങും  പ്രതിചേർക്കപ്പെട്ടു. പിന്നീട്‌ ഒഴിവാക്കി. 1990 ൽ അമീത്തയെ സഞ്‌ജയ്‌ സിങ്‌ രണ്ടാം ഭാര്യയാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top