21 August Wednesday
12000 രൂപ മാസവരുമാനം ഉറപ്പാക്കും

ദരിദ്ര കുടുംബങ്ങൾക്ക്‌ മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ച്‌ കോൺഗ്രസ്‌;വയനാടിനെ കുറിച്ച്‌ പ്രതികരിച്ചില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

ന്യൂഡൽഹി> ഇന്ത്യയിലെ ദാരിദ്രരേഖയ്‌ക്ക്‌ താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന  പദ്ധതി പ്രഖ്യാപിച്ച്‌ രാഹുൽഗാന്ധി.

രാജ്യത്തെ 5 കോടി കുടുംബങ്ങളിലെ 25 കോടി ജനങ്ങൾക്ക്‌ ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. രാജ്യത്തെ 20ശതമാനം വരുന്ന പാവപ്പെട്ട ജനങ്ങൾക്ക്‌ മാസംത്തോറും 6000 മുതൽ 12000 വരെ ലഭിക്കുന്ന പദ്ധതിയുടെ ഗുണം ലഭിക്കും.

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം വരുമാനപരിധി നിശ്ചയിച്ച് നടപ്പാക്കാനാണ് ന്യായ്‌ എന്ന പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്. ഇതനുസരിച്ച് 12,000 രൂപ വരെയാകും ഒരു കുടുംബത്തിന് ഒരു മാസത്തേക്കുള്ള മിനിമം വരുമാനപരിധി. 12,0000 രൂപയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങള്‍ക്ക്  ബാക്കി വരുന്ന തുക സര്‍ക്കാര്‍ പ്രതിമാസസഹായമായി നല്‍കും. ഒരു കുടുംബത്തിന് ഒരു വര്‍ഷം 72,0000 രൂപ ഈ രീതിയില്‍ ലഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

പദ്ധതിക്ക്‌ വേണ്ടിയുള്ള എല്ലാ തീരുമാനങ്ങളും എടുത്ത്‌ കഴിഞ്ഞു. ലോകത്ത് ഒരു സ്ഥലത്തും ഇത്തരത്തില്‍ ഒരു പദ്ധതിയില്ല.  മിനിമം വേതന പദ്ധതി പ്രകാരം  20 ശതമാനം വരുന്ന എറ്റവും പാവപ്പെട്ട ജനങ്ങള്‍ക്ക്‌  ഒരു വര്‍ഷത്തിനുള്ളില്‍ 72000 രൂപ അവരുടെ ബാങ്ക് അക്കൗണ്ടില്‍ അടിസ്ഥാന വരുമാന സ്‌കീം പ്രകാരം ലഭിക്കും.

എഐസിസി പ്രവർത്തക സമിതി യോഗത്തിന്‌ ശേഷംവാർത്ത സമ്മേളനത്തിലാണ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, വക്‌താവ്‌ രൺധീപ്‌ സുർജെവാല എന്നിവരും വാർത്താസമ്മേളനത്തിൽ ഒപ്പമുണ്ടായിരുന്നു.

അതേസമയം വയനാട്‌ മണ്ഡലത്തിൽ സ്‌ഥാനാർത്ഥിയാകുമോ എന്നതിനെ കുറിച്ച്‌ രാഹുൽഗാന്ധി പ്രതികരിച്ചില്ല. ഇന്ന് വാർത്താ സമ്മേളനത്തിൽ സ്‌ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ്‌ കേരളത്തിലെ നേതാക്കൾ പ്രചരിപ്പിച്ചിരുന്നത്‌. എന്നാൽ അതേകുറിച്ച്‌ സൂചന നൽകാതെ വരുമാന പദ്ധതിയെ കുറിച്ച്‌  മാത്രമാണ്‌ ഇന്ന്‌ പറഞ്ഞത്‌. മറ്റ്‌ കാര്യങ്ങൾ പിന്നീട്‌ വ്യക്‌തമാക്കാമെന്നാണ്‌ ചോദ്യങ്ങളോട്‌ രാഹുൽ പ്രതികരിച്ചത്‌.


 


പ്രധാന വാർത്തകൾ
 Top