23 July Tuesday

മിസോറാമിലെ ജില്ലാ സ്വയം ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം ബിജെപിയില്‍ ചേര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ന്യൂഡല്‍ഹി > മിസോറമിലെ ജില്ലാ സ്വയം ഭരണ സമിതിയിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഒന്നടങ്കം ബിജെപിയില്‍ ലയിച്ചു. സമിതിയില്‍ ഒരു അംഗം പോലുമില്ലാതിരുന്ന ബിജെപി സഭയില്‍ പുതിയ പാര്‍ടിയായി അവകാശവാദം ഉന്നയിച്ചു. മാര സ്വയംഭരണ വികസന സമിതി (എംഎഡിസി)യിലെ ചീഫ് എക്‌സിക്യൂട്ടീവ് അംഗവും മുന്‍ കോണ്‍ഗ്രസ് നേതാവുമായ എന്‍ സഖായിയുടെ നേതൃത്വത്തിലാണ് ബിജെപി അവകാശവാദം ഉന്നയിച്ചത്.

ബിജെപിയുടെ സഖ്യകക്ഷിയും സംസ്ഥാനത്തെ ഭരണകക്ഷിയുമായ മിസോ നാഷണല്‍ ഫ്രണ്ടിനെ (എംഎന്‍എഫ്) ഉപയോഗിച്ച് തന്ത്രപരമായാണ് കോണ്‍ഗ്രസിനെ ലയിപ്പിച്ചത്. എംഎഡിസി പിരിച്ചുവിടാന്‍ സംസ്ഥാനം ഭരിക്കുന്ന എംഎന്‍എഫ് കരുക്കള്‍ നീക്കിയതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ എല്ലാവരും ബിജെപിയില്‍ ലയിച്ചത്. 

2017 മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 25 സീറ്റില്‍ 17 ഏണ്ണം ജയിച്ചാണ്  കോണ്‍ഗ്രസ് ഭരണം നേടിയത്. എംഎന്‍എഫും പ്രദേശിക മാര ഡമോക്രാറ്റിക് ഫ്രണ്ടും ചേര്‍ന്ന് ഏഴ് സീറ്റിലും ഒരു സ്വതന്ത്രനും ജയിച്ചു. തുടര്‍ന്ന് മൂന്ന് അംഗങ്ങളെ കോണ്‍ഗ്രസ് നാമനിര്‍ദ്ദേശം ചെയ്തു. ഈ 20 അംഗങ്ങളും ബിജെപിയുടെ ഭാഗമായി.

സ്വയംഭരണ ജില്ലാ സമിതികള്‍ക്ക് കൂടുതല്‍ സ്വയംഭരണ അവകാശവും നേരിട്ടുള്ള ധനസഹായവും ഉറപ്പാക്കി ആറാം ഷെഡ്യൂള്‍ ഭേദഗതി ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തതിനാലാണ് ബിജെപിയില്‍ ലയിച്ചതെന്ന് സഖായി പറഞ്ഞു. മൂന്ന് സ്വയംഭരണ കൗണ്‍സിലുകളാണ് സംസ്ഥാനത്തുള്ളത്. അതില്‍ ചക്ക്മ സ്വയംഭരണ ജില്ലാ കൗണ്‍സിലില്‍ നിലവില്‍ കോണ്‍ഗ്രസ്--ബിജെപി സഖ്യമാണ് ഭരിക്കുന്നത്. സംസ്ഥാന തലത്തില്‍ സഖ്യകക്ഷിയായ എംഎന്‍എഫിനെ അധികാരത്തില്‍നിന്ന് പുറത്താക്കിയാണ് ബിജെപി ഇവിടെ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തി ഏക സീറ്റ് എംഎന്‍എഫ് ജയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top