Deshabhimani

ബിജെപിയെ പൂട്ടാൻ 
കെൽപ്പില്ലാതെ കോണ്‍​ഗ്രസ് ; ഹരിയാനയിലും കശ്‌മീരിലും മഹാരാഷ്ട്രയിലും ബിജെപിയുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ സമ്പൂർണ പരാജയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 23, 2024, 11:44 PM | 0 min read


ന്യൂഡൽഹി
ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ദേശീയതലത്തിൽ കോൺഗ്രസ്‌ ഉയിർത്തെഴുന്നേറ്റെന്ന കേരളത്തിലെ വലതുമാധ്യമങ്ങളുടെ അവകാശവാദങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തുന്നതാണ്‌ മഹാരാഷ്ട്ര ഫലം. ഹരിയാനയിലും ജമ്മു കശ്‌മീരിലും ഇപ്പോൾ മഹാരാഷ്ട്രയിലും ബിജെപിയുമായുള്ള നേരിട്ടുള്ള പോരാട്ടത്തിൽ കോൺഗ്രസ്‌ ഏറ്റുവാങ്ങിയ സമ്പൂർണ പരാജയം. 

ഹരിയാനയിൽ 10 വർഷത്തെ ഇടവേളയ്‌ക്കുശേഷം കോൺഗ്രസിന്‌ അധികാരത്തിൽ തിരിച്ചെത്താനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. ബിജെപിക്കെതിരെയുള്ള ശക്തമായ ഭരണവിരുദ്ധ വികാരവും  കർഷക പ്രക്ഷോഭങ്ങൾക്കും വനിതാ ഗുസ്‌തിതാരങ്ങളുടെ പ്രതിഷേധത്തിനും ജനകീയ പിന്തുണ ലഭിച്ച സാഹചര്യത്തിലും കോൺഗ്രസ്‌ 37 സീറ്റിലൊതുങ്ങി. ജമ്മു കശ്‌മീരിൽ നാഷണൽ കോൺഫറൻസിന്റെ ചിറകിലേറി ഇന്ത്യ കൂട്ടായ്‌മ ജയിച്ചെങ്കിലും കോൺഗ്രസ്‌ പ്രകടനം ദയനീയമായി. 38 സീറ്റിൽ മത്സരിച്ച കോൺഗ്രസ്‌ ആറിൽ ഒതുങ്ങി. ബിജെപിയുമായി മുഖാമുഖം ഏറ്റുമുട്ടിയ ജമ്മു മേഖലയിൽ ഒരിടത്തുപോലും ജയിച്ചില്ല. ഇതിൽനിന്ന്‌ പാഠം ഉൾക്കൊള്ളാൻ തയാറാകാത്ത കോൺഗ്രസ്‌ മഹാരാഷ്ട്രയിലും കടുംപിടിത്തം തുടർന്നു.  

ബിജെപിക്കും നരേന്ദ്ര മോദിക്കുമുള്ള ബദൽ കോൺഗ്രസും രാഹുൽ ഗാന്ധിയുമല്ലെന്ന വസ്‌തുത ഊട്ടിഉറപ്പിക്കുന്നതാണ്‌ മഹാരാഷ്ട്ര പോലെ നിർണായക രാഷ്ട്രീയപ്രാധാന്യമുള്ള സംസ്ഥാനത്തേറ്റ തിരിച്ചടി. ലോക്‌സഭ തെരഞ്ഞെടുപ്പ്‌ ഫലത്തിൽ തന്നെ ഈ യാഥാർഥ്യം പ്രകടമായിരുന്നു. കോൺഗ്രസ്‌ 99 സീറ്റ്‌ നേടിയെങ്കിലും ബിജെപിയുമായി മുഖാമുഖം ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലൊന്നിലും കോൺഗ്രസിന്‌ നിലംതൊട്ടില്ല. കേരളം–-19, തമിഴ്‌നാട്‌– ഒൻപത്‌(ഡിഎംകെ സഹായത്തോടെ),  ഉത്തർപ്രദേശ്‌–- ആറ്‌(സമാജ്‌വാദി പിന്തുണയോടെ), പഞ്ചാബ്‌–- ഏഴ്‌ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഭേദപ്പെട്ട പ്രകടനങ്ങളാണ്‌ കോൺഗ്രസിന്റെ നില മെച്ചപ്പെടുത്തിയത്‌. ബിജെപിയുമായി നേരിട്ട്‌ ഏറ്റുമുട്ടിയ ഗുജറാത്ത്‌, മധ്യപ്രദേശ്‌, ചത്തീസ്‌ഗഡ്‌, ഹിമാചൽപ്രദേശ്‌, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ പച്ച തൊട്ടിട്ടില്ല.
 



deshabhimani section

Related News

0 comments
Sort by

Home