25 July Sunday

ദിശതെറ്റി കോൺഗ്രസ്‌; ബിജെപിയെ നേരിടാന്‍ ശേഷിയില്ല

സ്വന്തം ലേഖകൻUpdated: Wednesday Mar 11, 2020

ന്യൂഡൽഹി > നയിക്കാൻ ആളില്ലാതെ ദിക്ക്തെറ്റിയ അവസ്ഥയിലാണ്‌ കോൺഗ്രസ്‌ എന്ന്‌ അടിവരയിടുന്നു മധ്യപ്രദേശിലെ പതനം. കോൺഗ്രസിന്റെ നേതൃശൂന്യതയ്ക്കും സംഘടനാപരമായ തകർച്ചയ്ക്കും കിട്ടിയ മുഖമടച്ചുള്ള അടി. ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിയോടെ എഐസിസി അധ്യക്ഷസ്ഥാനം രാഹുൽ ഗാന്ധി ഒഴിഞ്ഞതോടെ മാസങ്ങളായി കസേര ഒഴിഞ്ഞുകിടന്നു.

ഇന്ദിര ഗാന്ധി കുടുംബത്തിനു പുറത്തുനിന്നും നേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ സോണിയ ഗാന്ധിക്ക് താൽക്കാലിക അധ്യക്ഷയായി മടങ്ങിവരേണ്ടിവന്നു.  ദൈനംദിന കാര്യങ്ങളിൽ അവർ ഇടപെടുന്നില്ല‌. |

ബിജെപിയെ നേരിടാന്‍ ശേഷിയില്ല

വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കിയതിൽ കോൺഗ്രസിന്റെ പങ്ക്‌ പൂജ്യമാണ്‌. മഹാരാഷ്ട്രയിൽ എൻസിപി അധ്യക്ഷൻ ശരദ്‌പവാറും ജാർഖണ്ഡിൽ ഷിബു സോറൻ നയിക്കുന്ന ജാർഖണ്ഡ്‌ മുക്തി മോർച്ചയുമാണ്‌ ബിജെപി ഭരണം അവസാനിപ്പിച്ചത്‌. ഹരിയാനയിൽ കോൺഗ്രസിന്റെ അവസരം കളഞ്ഞുകുളിച്ചത്‌ ഹൈക്കമാൻഡിന്റെ പിടിപ്പുകേടാണ്‌.

അഴിമതിക്കേസുകളിൽപ്പെട്ട ഭൂപീന്ദർസിങ്‌ ഹൂഡയെ ജാട്ട്‌ വോട്ട്‌ ലക്ഷ്യമിട്ട്‌ മുഖ്യമന്ത്രിസ്ഥാനാർഥിയായി പ്രഖ്യാപിച്ചു. പിസിസി പ്രസിഡന്റായി അശോക്‌ തൻവറിനു പകരം കുമാരി സെൽജയെ നിയോഗിച്ചു. അശോക്‌ തൻവർ തെരഞ്ഞെടുപ്പിനു ദിവസങ്ങൾക്കുമുമ്പ്‌ പാർടിയിൽനിന്ന്‌ രാജിവച്ചു. തൂക്കു‌സഭ രൂപംകൊണ്ടുവെങ്കിലും കോൺഗ്രസിനു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ബിജെപി, ബദ്ധവൈരി ദുഷ്യന്ത്‌ ചൗതാലയെ ഉപമുഖ്യമന്ത്രിയാക്കി സർക്കാരുണ്ടാക്കി.

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പതനം പൂർണമായി. ഷീല ദീക്ഷിതിന്റെ മരണശേഷം പിസിസി അധ്യക്ഷപദവി  മാസങ്ങൾ ഒഴിഞ്ഞുകിടന്നു. പിന്നീട്‌  സുഭാഷ്‌ ചോപ്രയെ പിസിസി അധ്യക്ഷനായി നിയമിച്ചപ്പോൾ, തെരഞ്ഞെടുപ്പ്‌ പ്രചാരണ ചുമതല ഏൽപ്പിച്ചത്‌ ബിജെപി വിട്ടുവന്ന കീർത്തി ആസാദിനെ. ബിജെപിയെ മുഖ്യശത്രുവായി കാണാതെ എഎപി സർക്കാരിനെതിരെയാണ്‌ കോൺഗ്രസ്‌ പ്രചാരണം നടത്തിയത്‌. ഫലം വന്നപ്പോൾ 70ൽ മൂന്ന്‌ സീറ്റിൽ മാത്രമാണ്‌ കോൺഗ്രസിനു കെട്ടിവച്ച പണം കിട്ടിയത്‌.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിലും കോണ്‍​ഗ്രസ് നിസ്സം​ഗതയില്‍. ഒടുവിൽ, കശ്‌മീരിലെ മൂന്നു മുൻമുഖ്യമന്ത്രിമാരെ വിട്ടയക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം സംയുക്തമായി പുറപ്പെടുവിച്ച പ്രസ്‌താവനയിൽ ഒപ്പുവയ്‌ക്കാൻ കോൺഗ്രസിൽനിന്ന്‌ ആരുമില്ലായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top