16 November Saturday

കാശ്‌മീര്‍ പ്രശ്‌നം: പ്രതിഷേധങ്ങള്‍ക്കിടെ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് കോണ്‍ഗ്രസ് ചീഫ് വിപ്പ് രാജിവെച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2019

ന്യൂഡല്‍ഹി> ജമ്മു കാശ്‌മീര്‍ വിഭജന വിഷയത്തില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുതന്നെ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് അസമില്‍ നിന്നുമുള്ള പ്രതിനിധിയായ ഭുബനേശ്വര്‍ കലിതയാണ് പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കി രാജിവെച്ചത്.

കശ്‌മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു രാജി. ഭുബനേശ്വര്‍ കാലിതയുടെ രാജി രാജ്യസഭാ സ്‌പീക്കര്‍ കൂടിയായ ഉപരാഷ്‌ട്രപതി സ്വീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.തന്റെ ട്വിറ്റര്‍ അക്കൗണ്ടിലും ഭുബനേശ്വര്‍ രാജിക്കാര്യം വ്യക്തമാക്കി.

 രാജ്യസഭാ അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്. ഭുബനേശ്വറിന് പുറമെ സമാജ്‌വാദി പാര്‍ട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചു. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.

  സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് ജന വികാരത്തിന് എതിരാണെന്ന് ഭുബനേശ്വര്‍ കാലിത പ്രതികരിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി സ്വീകരിക്കുന്ന നയം ആത്മഹത്യാ പരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top