19 September Thursday

സഖ്യസർക്കാരിന്റെ തകർച്ച: ഉത്തരവാദി കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

ബംഗളൂരു
കർണാടകത്തിൽ സഖ്യസർക്കാരിന്റെ തകർച്ചയ‌്ക്ക‌് ഉത്തരവാദി കോൺഗ്രസ‌്. മതനിരപേക്ഷ സർക്കാരിനെ ശക്തിപ്പെടുത്തേണ്ട ബാധ്യത നിറവേറ്റാതെ ബിജെപിക്ക‌് കുതിരക്കച്ചവടത്തിന‌് അവസരമൊരുക്കി. കോൺഗ്രസ‌്–-ജെഡിഎസ‌് സർക്കാർ അധികാരത്തിൽ വന്നതുമുതൽ  എത്രനാൾ അധികാരത്തിൽ തുടരുമെന്ന ചോദ്യം ഉയർന്നിരുന്നു.

2008 ലെ ‘ഓപ്പറേഷൻ താമര’  ആവർത്തിച്ച‌്  കുമാരസ്വാമി സർക്കാരിനെ അട്ടിമറിക്കാൻ യെദ്യൂരപ്പ തുടക്കംമുതൽ ശ്രമം തുടങ്ങിയിരുന്നു. കോൺഗ്രസ‌് നേതൃത്വത്തിലെ ചേരിപ്പോര‌്  സർക്കാരിന്റെ പതനം വേഗത്തിലാക്കിയെന്നുമാത്രം. കോൺഗ്രസ‌് എംഎൽഎമാർ വിലയ‌്ക്കെടുക്കാവുന്ന ചരക്ക‌് മാത്രമാണെന്ന‌്  ബിജെപി ഒരിക്കൽക്കൂടി തെളിയിച്ചിരിക്കയാണ‌്. കർണാടക ചുമലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നിലപാടുകൾ സഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിച്ചു. സംസ്ഥാന കോൺഗ്രസിലെ പ്രബലനായ ഡി കെ ശിവകുമാറിനെ അവഗണിച്ച‌് വേണുഗോപാൽ നടത്തിയ നീക്കങ്ങൾ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ പാർടിക്ക‌് തിരിച്ചടിയായി.

ലോക‌്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയാണ‌് സഖ്യസർക്കാരിന്റെ അന്ത്യം വേഗത്തിലാക്കിയത‌്.മന്ത്രിസഭാരൂപീകരണംമുതൽ കോൺഗ്രസ‌് എംഎൽഎമാരിൽ ചിലർ ആരംഭിച്ച വിമതപ്രവർത്തനം ലോക‌്സഭാ തെരഞ്ഞെടുപ്പുപരാജയത്തോടെ ശക്തിപ്പെട്ടു. ഇത‌് മുതലെടുത്ത‌്  സർക്കാരിനെ ബിജെപി അട്ടിമറിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധികാരമോഹവും പ്രശ‌്നങ്ങൾ രൂക്ഷമാക്കി.  ഓരോ ഇടവേളയിലും കോൺഗ്രസ‌് എംഎൽഎമാർ വിമതനീക്കങ്ങളുമായി രംഗത്തുവന്നു. ഒരുവർഷത്തിനിടയിൽ  നാലാംതവണയാണ‌് കോൺഗ്രസ‌് എംഎൽഎമാരുടെ വിമതനീക്കം ഉയർന്നത‌്. ഇത്തവണ മൂന്ന‌് ജെഡിഎസ‌് എംഎൽഎമാരും ഇതിൽ പങ്കാളികളായി.

മന്ത്രിസ്ഥാനം നൽകിയുംമറ്റും വിമതരിൽ ചിലരെ ഒപ്പംനിർത്തിയാണ‌് കോൺഗ്രസ‌് പിടിച്ചുനിന്നതെങ്കിലൂം 16 പേരുടെ കൂട്ടരാജിയിലേക്ക‌് കാര്യങ്ങൾ എത്തിച്ചത‌് മുഖ്യമന്ത്രിസ്ഥാനം കൈയടക്കാനുള്ള കോൺഗ്രസ‌് നേതാക്കളുടെ ഗൂഢനീക്കമാണ‌്. 
വിശ്വസ‌്തനായ സോമശേഖർ എംഎൽഎയെ മുൻനിർത്തിയാണ‌് സിദ്ധരാമയ്യ മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ നീക്കം തുടങ്ങിയത‌്.  ഉപമുഖ്യമന്ത്രി ജി പരമേശ്വരയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കവും ഒരു വിഭാഗം നടത്തി. കോൺഗ്രസിന്റെ ഭാഗത്തുനിന്നുള്ള നെറികേടിൽ മനംനൊന്ത‌് രാജിവയ‌്ക്കാൻ തയ്യാറാണെന്ന‌് കുമാരസ്വാമി പ്രഖ്യാപിച്ചെങ്കിലും എഐസിസി നേതൃത്വം ഇടപെട്ടാണ‌്  രാജി തടഞ്ഞത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top