24 October Sunday

തമ്മിലടിച്ച് തകര്‍ന്ന് കോണ്‍​ഗ്രസ്; നേതൃത്വം ദുര്‍ബലം

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

ന്യൂഡൽഹി > കേന്ദ്രനേതൃത്വം ദുർബലമായതോടെ സംസ്ഥാനങ്ങളിൽ കോൺഗ്രസ്‌ തമ്മിലടിച്ച്‌ നശിക്കുന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ്‌ പഞ്ചാബ്‌. കോൺഗ്രസ്‌ ഭരണത്തിലുള്ള രാജസ്ഥാൻ, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിലും ഭരണത്തിലില്ലാത്ത കേരളം, കർണാടകം എന്നിവിടങ്ങളിലും ചേരിപ്പോര്‌ രൂക്ഷം.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ്‌ നാഥനില്ലാ കളരിയായി. രണ്ടരവർഷമായി മുഴുവൻസമയ അധ്യക്ഷനില്ല. അസുഖബാധിതയായ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി ഉന്തിത്തള്ളി നീക്കുകയാണ്‌. ഔദ്യോഗികമായി ഒരു സ്ഥാനവുമില്ലെങ്കിലും അവസാന വാക്കായ രാഹുൽ നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറുകയുമാണ്‌.

കർണാടകവും മധ്യപ്രദേശുമടക്കം പല സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെടാൻ നേതൃത്വമില്ലായ്‌മ കാരണമായി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോ കേരളത്തിലെ ഗ്രൂപ്പുകളിയിലാണ്‌ താൽപ്പര്യം. ഒരുകാലത്ത്‌ കോൺഗ്രസ്‌ ശക്തമായിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ അതിവേഗം മാറുന്ന രാഷ്ട്രീയകാലാവസ്ഥ വേണുഗോപാലിനെപ്പോലുള്ള ദുർബല നേതാക്കൾക്ക്‌ തിരിച്ചറിയാനാകുന്നില്ല. അധികാരാധിപത്യവും പണാധിപത്യവും ഒരേപോലെ കൈയാളുന്ന സംഘപരിവാറിന്‌ ഇത്‌ അനുകൂല സാഹചര്യമൊരുക്കുന്നു. എഎപിപോലുള്ള രാഷ്ട്രീയപാർടികൾ ഗുജറാത്തിലും പഞ്ചാബിലും മറ്റും കോൺഗ്രസ്‌ ശൂന്യമാക്കിയ പ്രതിപക്ഷസ്ഥാനത്തേക്ക്‌ കടന്നുകയറുന്നു.

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പുവരെ നേതൃമാറ്റമില്ലെന്ന്‌ അഴ്‌ചകൾക്കുമുമ്പ്‌ വ്യക്തമാക്കിയ ഹൈക്കമാൻഡ്‌, ഗ്രൂപ്പുപോര്‌ തുടരാൻ സിദ്ദു വിഭാഗത്തിന്‌ മൗനാനുവാദം നൽകി.

അഞ്ചു പതിറ്റാണ്ടിന്റെ കോൺഗ്രസ്‌ പാരമ്പര്യമുള്ള, ഒമ്പതരവർഷം മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിനേക്കാൾ മുൻ ബിജെപിക്കാരനായ സിദ്ദു ഹൈക്കമാൻഡിന്‌ വളരെവേഗം പ്രിയപ്പെട്ടവനായി. അകാലിദൾ ദുർബലമായി തുടരുന്നതിനാൽ അധികാരം നിലനിർത്താനാകുമെന്ന നിലയിൽനിന്നാണ്‌ കോൺഗ്രസ്‌ അതിവേഗം പഞ്ചാബിൽ നാശത്തിലേക്ക്‌ നീങ്ങിയത്‌.

സോണിയയോട് പറഞ്ഞ് പടിയിറക്കം

ന്യൂഡൽഹി > ഭൂരിപക്ഷമില്ലെന്ന്‌ ബോധ്യപ്പെട്ടതോടെ അമരീന്ദർ സോണിയയെ വിളിച്ചാണ് രാജി തീരുമാനം അറിയിച്ചത്. ഖേദിക്കുന്നുവെന്നാണ് സോണിയ മറുപടി നൽകിയത്. നിയമസഭാ കക്ഷി യോഗത്തിനുമുമ്പായി അമരീന്ദർ ഭാര്യ പ്രണീത്‌ കൗറിനൊപ്പം രാജ്‌ഭവനിലെത്തി രാജിക്കത്ത്‌ നൽകിത്.

പിന്നീടാണ് മാധ്യമങ്ങളിലൂടെ പിസിസി അധ്യക്ഷൻ സിദ്ദുവിനെതിരെ ആഞ്ഞടിച്ചത്. സിദ്ദു പാക്‌ പ്രധാനമന്ത്രി ഇമ്രാന്റെ സുഹൃത്താണ്‌. പാക്‌ കരസേനാ മേധാവിയുമായി ബന്ധമുണ്ട്‌. മന്ത്രിയെന്ന നിലയിൽ പൂർണ പരാജയമായിരുന്നു. മൂന്നുവട്ടം താൻ അപമാനിക്കപ്പെട്ടു. കോൺഗ്രസിന്‌ വിശ്വാസമുള്ളവരെ തീരുമാനിക്കാമെന്നും- അമരീന്ദർ പറഞ്ഞു.

സിദ്ദു വിഭാഗവുമായി മാസങ്ങൾനീണ്ട ശീതയുദ്ധത്തിനുശേഷമാണ്‌ അമരീന്ദറിന്റെ രാജി. ഗ്രൂപ്പുവഴക്ക്‌ തണുപ്പിക്കാൻ ജൂലൈയിൽ സിദ്ദുവിനെ പിസിസി പ്രസിഡന്റായി നിയമിച്ചിരുന്നു.

ശേഷവും തമ്മിലടി തുടർന്നു. 2002 മുതൽ 2007 വരെ അമരീന്ദർ മുഖ്യമന്ത്രിയായിരുന്നു. 10 വർഷത്തെ ഇടവേളയ്‌ക്കുശേഷം കോൺഗ്രസ്‌ 2017ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോഴും അമരീന്ദർതന്നെ മുഖ്യമന്ത്രിയായി.

ബിജെപിയിൽനിന്ന്‌ കൂറുമാറി സിദ്ദു എത്തിയതുമുതലാണ്‌ ഗ്രൂപ്പുകളി തുടങ്ങിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top