Deshabhimani

തോൽപ്പിച്ചത് അഹങ്കാരം ; കോൺഗ്രസിനെ കടന്നാക്രമിച്ച്‌ 'ഇന്ത്യ' പാർടികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 01:13 AM | 0 min read


ന്യൂഡൽഹി
ഭരണവിരുദ്ധ വികാരത്തിൽ വലഞ്ഞ ബിജെപിക്ക്‌ ഹരിയാനയില്‍ മൂന്നാംജയം സമ്മാനിച്ച കോൺഗ്രസിന്റെ പിടിപ്പുകേടിനെ രൂക്ഷമായി വിമർശിച്ച്‌ ഇന്ത്യ കൂട്ടായ്‌മയിലെ പാർടികൾ.  ബിജെപിയെ വിജയിപ്പിച്ച  ഘടകങ്ങളെക്കുറിച്ച്‌ കോൺഗ്രസ്‌ സ്വയംപരിശോധിക്കണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ആവശ്യപ്പെട്ടപ്പോൾ, സഹകരിച്ച്‌ മത്സരിച്ചിരുന്നെങ്കിൽ ചിത്രം മാറുമായിരുന്നുവെന്ന്‌ എഎപി പ്രതികരിച്ചു. 

തോൽവിയിലേക്ക്‌ നയിച്ച കാരണങ്ങൾ കോൺഗ്രസ്‌ ആഴത്തിൽ പരിശോധിക്കണമെന്ന്‌ നാഷണൽ കോൺഫറൻസ്‌ നേതാവ്‌ ഒമർ അബ്‌ദുള്ള ആവശ്യപ്പെട്ടു. സഖ്യകക്ഷികളെക്കൂടി ഒപ്പം നിർത്തുന്നതാണ്‌ തന്റെ നിലപാടെന്നും ഒമർ പറഞ്ഞു.  സഖ്യകക്ഷികളെ യോജിപ്പിച്ച്‌ നിർത്താൻ കോൺഗ്രസ്‌ തയ്യാറാകണമെന്ന്‌ സിപിഐ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക്‌ ജയിക്കാമെന്ന കോൺഗ്രസ്‌ നിലപാടാണ്‌ തോൽവിക്കുകാരണമെന്ന്‌ ശിവസേന (ഉദ്ദവ്‌) നേതാവ്‌ സഞ്ജയ്‌ റാവത്ത്‌  തുറന്നടിച്ചു. സമാജ്‌വാദി പാർടി, എഎപി, മറ്റ്‌ ചെറു പാർടികൾ എന്നിവയുമായി സഖ്യമുണ്ടാക്കിയിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു.  തോറ്റ പോരാട്ടത്തിൽ ബിജെപി ജയിച്ചു. ആരുടെയും സഹായമില്ലാതെ ഒറ്റയ്‌ക്ക്‌ ഭരണം പിടിക്കാമെന്ന്‌ കോൺഗ്രസ്‌ കരുതി–- അദ്ദേഹം പറഞ്ഞു.  ജയിക്കാവുന്ന ഇന്നിങ്‌സ്‌ പരാജയപ്പെടുത്തുന്നതാണ്‌ കോൺഗ്രസിന്റെ കഴിവെന്ന്‌ ശിവസേന (ഉദ്ദവ്‌) മുഖപത്രമായ സാമ്‌നയും പരിഹസിച്ചു. 

ജയിക്കുമെന്ന്‌ തോന്നിയാൽ പ്രാദേശിക പാർടികളെ തഴയുകയും തങ്ങൾ ദുർബലമായിടത്ത്‌ പ്രാദേശിക പാർടികൾ സഹകരിക്കാൻ തയ്യാറാകണം എന്നതുമാണ്‌ ചിലരുടെ നിലപാടെന്ന്‌ കോൺഗ്രസെന്ന്‌ പരാമർശിക്കാതെ തൃണമൂൽ കോൺഗ്രസ്‌ എംപി സാകേത്‌ ഗോഖലെ പരിഹസിച്ചു.  ഒരു സീറ്റുപോലും സമാജ്‌വാദി പാർടിക്ക്‌ നൽകാതെ സംസ്ഥാനം മുഴുവൻ ബിജെപിക്ക്‌ കോൺഗ്രസ്‌ അടിയറവച്ചെന്ന്‌ എസ്‌പി തുറന്നടിച്ചു. തൊട്ടുപിന്നാലെ, യുപി നിയമസഭ ഉപതെരഞ്ഞെടുപ്പിലെ പത്തിൽ ആറ്‌ സീറ്റിലും എസ്‌പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 

ഹരിയാനയിൽ ബിജെപിയും കോൺഗ്രസും തമ്മിൽ വോട്ടിൽ 0.85 ശതമാനത്തിന്റെ വ്യത്യാസം മാത്രമാണുള്ളത്‌. എഎപി 1.79 ശതമാനം വോട്ടുപിടിച്ചു. ഈ സാഹചര്യത്തിലാണ്‌ ബിജെപിയുടെ വിജയം കോൺഗ്രസിന്റെ അഹങ്കാരവും തൻപ്രമാണിത്വവും കൊണ്ടാണെന്ന വിമർശം പ്രസക്തമാകുന്നത്‌.  ഡിസംബറിൽ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ജാർഖണ്ഡിലും മഹാരാഷ്‌ട്രയിലും കോൺഗ്രസിന്റെ വിലപേശൽ ശേഷിയെ ചോദ്യം ചെയ്യുന്നതുകൂടിയാണ്‌ ഹരിയാനയിലെ തോൽവി. 

തുരങ്കംവച്ചവരെ കണ്ടൈത്തണം: ഷെൽജ
ഹരിയാനയിലെ   തോൽവിക്ക്‌ ഉത്തരവാദികളായവരെ കണ്ടെത്തണമെന്ന്‌ മുതിർന്ന കോൺഗ്രസ് നേതാവും ലോക്‌സഭാംഗവുമായ കുമാരി ഷെൽജ. ഇനി പഴയത്‌ പോലെ കാര്യങ്ങൾ പോകില്ല. 10 വർഷത്തിന്‌ ശേഷം കോൺഗ്രസിനെ അധികാരത്തിൽ എത്തിക്കാനായി നടത്തിയ ശ്രമങ്ങളെ തുരങ്കം വെച്ചവരെ കണ്ടെത്തണം. തോൽവിയുടെ എല്ലാ വശങ്ങളും പരിശോധിക്കണം–- ഷെൽജ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Home