19 May Sunday

പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്ന്‌ കോൺഗ്രസ്‌

എം പ്രശാന്ത‌്Updated: Thursday May 16, 2019



ന്യൂഡൽഹി  
കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാർ രൂപീകരിക്കുമ്പോൾ പ്രധാനമന്ത്രിപദത്തിനായി വാശിപിടിക്കാനില്ലെന്ന‌് കോൺഗ്രസ‌്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നൂറിനടുത്ത‌് സീറ്റുകൾ മാത്രമേ ലഭിക്കൂ ‌എന്ന വിശകലനത്തിന്റെ അടിസ്ഥാനത്തിലാണ‌് കോൺഗ്രസ‌് വിട്ടുവീഴ‌്ചയ‌്ക്കൊരുങ്ങുന്നത‌്.  പട‌്നയിൽ മാധ്യമ പ്രവർത്തകരോട‌് സംസാരിക്കവേ,  രാജ്യസഭയിലെ പ്രതിപക്ഷ നേതാവ‌് ഗുലാംനബി ആസാദാണ‌് നിലപാട‌് വ്യക്തമാക്കിയത‌്. ബിജെപിയെ അധികാരത്തിൽനിന്ന‌് പുറത്താക്കലാണ‌് ഏക ലക്ഷ്യമെന്ന‌് ആസാദ‌് പറഞ്ഞു.  ആർക്കും ഭൂരിപക്ഷം ലഭിക്കാനിടയില്ലെന്ന സൂചനകളെ തുടർന്ന‌്  പ്രതിപക്ഷ പാർടികളുടെ യോഗം വിളിച്ചുചേർക്കാനുള്ള ശ്രമങ്ങളും കോൺഗ്രസ‌് ശക്തമാക്കി. ബിജെപി സഖ്യം അധികാരത്തിൽ തിരിച്ചുവരില്ലെന്നാണ‌് പ്രചാരണവേളയിൽ തനിക്കുണ്ടായ അനുഭവങ്ങളിൽനിന്ന‌് ബോധ്യപ്പെടുന്നതെന്ന‌് ഗുലാം നബി പറഞ്ഞു. മോഡി വീണ്ടും പ്രധാനമന്ത്രിയാകില്ല.  ബിജെപിയെ മാറ്റിനിർത്തലാണ‌് മുഖ്യം.  പ്രധാനമന്ത്രി പദത്തിലേക്ക‌് മറ്റാരുടെയെങ്കിലും പേര‌് ഉയർന്നുവന്നാൽ പ്രശ‌്നമാക്കില്ല –- ഗുലാം നബി ആസാദ‌്പറഞ്ഞു.

ലോക‌്സഭാ തെരഞ്ഞെടുപ്പ‌് ഒരുഘട്ടം മാത്രം ശേഷിക്കെയാണ‌് പ്രതിപക്ഷ ഐക്യം ഉറപ്പിക്കാനുള്ള കോൺഗ്രസിന്റെ നിലപാടുപ്രഖ്യാപനം.  തെരഞ്ഞെടുപ്പ‌് ഫലം വന്നശേഷം നിലവിൽ എൻഡിഎയിൽ ഇല്ലാത്ത ടിആർഎസ‌്, ബിജെഡി, വൈഎസ‌്ആർ കോൺഗ്രസ‌് തുടങ്ങിയ കക്ഷികളെ ഒപ്പംകൂട്ടാൻ മോഡിയും ഷായും ശ്രമിച്ചേക്കുമെന്ന ആശങ്കയും ഇപ്പോഴത്തെ നിലപാടിന‌് കാരണമാണ‌്.

പ്രചാരണരംഗത്ത‌് സജീവമല്ലാതിരുന്ന യുപിഎ അധ്യക്ഷ സോണിയ ഗാന്ധി രണ്ട‌് ദിവസമായി സഖ്യചർച്ചകളിൽ സജീവമാണ‌്. തെരഞ്ഞെടുപ്പ‌് ഫലം വരുന്ന 23 ന‌് ഡൽഹിയിൽ യോഗംചേരാൻ ക്ഷണിച്ച‌് ഡിഎംകെ അധ്യക്ഷൻ എം കെ സ്റ്റാലിൻ, ജെഡിഎസ‌് അധ്യക്ഷൻ എച്ച‌് ഡി ദേവഗൗഡ, എൻസിപി അധ്യക്ഷൻ ശരദ‌് പവാർ എന്നിവർക്ക‌് സോണിയ കത്തയച്ചതായി കോൺഗ്രസ‌് വൃത്തങ്ങൾ അറിയിച്ചു. ബിഎസ‌്പി അധ്യക്ഷ മായാവതി, എസ‌്പി അധ്യക്ഷൻ അഖിലേഷ‌് യാദവ‌് എന്നിവരെയും ബന്ധപ്പെട്ടിട്ടുണ്ട‌്. ഇതോടൊപ്പം കമൽനാഥ‌് മുഖേന ബിജെഡി അധ്യക്ഷൻ നവീൻ പട‌്നായിക്കിനെയും ടിആർഎസ‌്  അധ്യക്ഷൻ കെ ചന്ദ്രശേഖർ റാവുവിനെയും കോൺഗ്രസ‌് ബന്ധപ്പെട്ടിട്ടുണ്ട‌്.

തെരഞ്ഞെടുപ്പ‌് ഫലം വന്നാലുടൻ എൻഡിഎ ഇതര കക്ഷികളെല്ലാവരും ചേർന്ന‌് പ്രധാനമന്ത്രിയെ നിശ‌്ചയിക്കുകയാണ‌് ലക്ഷ്യം. എന്നാൽ, കോൺഗ്രസ‌് വിളിക്കുന്ന യോഗത്തിലേക്ക‌് മായാവതി, അഖിലേഷ‌് യാദവ‌്, മമതാ ബാനർജി എന്നിവർ എത്തുമോയെന്നതിൽ വ്യക്തതയില്ല. മായാവതിയും മമതയും പ്രധാനമന്ത്രിപദം താൽപ്പര്യപ്പെടുന്നുണ്ട‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top