30 November Monday

തിരുത്തണമെന്നും തിരുത്തില്ലെന്നും ; ചേരിതിരിഞ്ഞ്‌ കോൺഗ്രസ്‌ നേതാക്കൾ

സാജൻ എവുജിൻUpdated: Monday Nov 23, 2020

ന്യൂഡൽഹി
കോൺഗ്രസിന്റെ തകർച്ചയെ ചൊല്ലിയുള്ള മുതിർന്ന നേതാക്കളിലെ അഭിപ്രായവ്യത്യാസം പരസ്യ വാഗ്വാദത്തിലേക്ക്‌. ബിജെപിക്ക്‌  ബദലാകാൻ കോൺഗ്രസിന്‌ കഴിയുന്നില്ലെന്നും നേതൃത്വം തിരുത്തലിന്‌ വിധേയമാകണമെന്നും അഭിപ്രായപ്പെട്ട കപിൽ സിബൽ അതിൽ ഉറച്ചുനിൽക്കുന്നതിനിടെ അനുകൂലിച്ചും എതിർത്തും നിരവധി നേതാക്കൾ  രംഗത്തെത്തി.
ഒന്നരവർഷമായി കോൺഗ്രസിന്‌ പൂർണസമയ പ്രസിഡന്റില്ലെന്ന് കപിൽ‌ സിബൽ  വിമർശിച്ചതിനെ സൽമാൻ ഖുർഷിദ്‌ പരിഹസിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും കോൺഗ്രസിൽ എല്ലാവരുടെയും പിന്തുണയുണ്ടെന്ന്‌ അന്ധരല്ലാത്തവർക്ക്‌ ബോധ്യമുണ്ടെന്ന്‌ സൽമാൻ ഖുർഷിദ്‌ പറഞ്ഞു.

ഇടക്കാലത്തേക്ക്‌ ആണെങ്കിലും കോൺഗ്രസിന്‌ പ്രസിഡന്റുണ്ടെന്നും ഞങ്ങൾ സന്തുഷ്ടരാണെന്നും പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായ  സൽമാൻ ഖുർഷിദ്‌ മാധ്യമങ്ങളോട്‌  പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ കോൺഗ്രസ്‌ വേദികളിലാണ്‌ പറയേണ്ടത്‌.  അധികാരം നഷ്ടപ്പെടുമ്പോൾ വെപ്രാളം കാണിച്ചിട്ട്‌ കാര്യമല്ലെന്നും  ഖുർഷിദ്‌ പറഞ്ഞു.

കോൺഗ്രസിന്‌ ഫലപ്രദമായ പ്രതിപക്ഷമായി പ്രവർത്തിക്കാൻ കഴിയുന്നില്ലെന്ന്‌ സിബൽ ടെലിവിഷൻ അഭിമുഖത്തിൽ ആവർത്തിച്ചു. ജനങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുകയും അവരോട്‌ കാര്യങ്ങൾ പറയുകയും ചെയ്യണം.18 മാസമായി പൂർണസമയ പ്രസിഡന്റില്ലാത്ത പാർടിക്ക്‌ എങ്ങനെ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയും?  ഞാൻ ഏതു വേദിയിലാണ്‌ അഭിപ്രായം പറയേണ്ടത്‌? ഞാൻ പ്രവർത്തകസമിതി അംഗമല്ല–- സിബൽ പറഞ്ഞു.

എംപിമാരായ വിവേക്‌ തംഗ, കാർത്തി ചിദംബരം എന്നിവരും മുതിർന്ന നേതാക്കളായ താരിഖ്‌ അൻവർ, പി എൽ പുനിയ തുടങ്ങിയവരും സിബലിനെ അനുകൂലിച്ച്‌ പാർടിയുടെ പ്രവർത്തനശൈലിയിൽ മാറ്റം വേണമെന്ന്‌ പറഞ്ഞിരുന്നു.  വിമർശിക്കുന്നവർ വേറെ പാർടിയിൽ ചേരുകയോ സ്വന്തം പാർടി രൂപീകരിക്കുകയോ ചെയ്യണമെന്നാണ്‌‌  കോൺഗ്രസ്‌ ലോക്‌സഭാ കക്ഷിനേതാവ്‌ അധീർ രഞ്‌ജൻ ചൗധരി പ്രതികരിച്ചത്‌.

അതിനിടെ, കഴിഞ്ഞദിവസം പ്രവർത്തകസമിതി ചേർന്നെങ്കിലും ഫലപ്രദമായ ചർച്ച നടന്നില്ല. സോണിയഗാന്ധി ആരോഗ്യകാരണങ്ങളാൽ ഗോവയിൽ വിശ്രമത്തിലാണ്‌.  എഐസിസി പ്രസിഡന്റ്‌  തെരഞ്ഞെടുപ്പ്‌ ഡിജിറ്റൽ സംവിധാനത്തിൽ നടത്താൻ ഉദ്ദേശിക്കുന്നതായി ചുമതലക്കാരൻ മധുസൂദനൻ മിസ്‌ത്രി പറഞ്ഞു.

72 വർഷത്തെ ഏറ്റവും മോശം അവസ്ഥ: ഗുലാം നബി
പഞ്ചനക്ഷത്ര സംസ്‌കാരം ഉപേക്ഷിക്കാതെ കോൺഗ്രസ്‌ രക്ഷപ്പെടില്ലെന്ന്‌ മുതിർന്ന നേതാവ്‌ ഗുലാം നബി ആസാദ്‌. നേതാക്കൾക്ക്‌ ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായും -അദ്ദേഹം വാർത്താ ഏജൻസിയോട്‌ പറഞ്ഞു. ആരും പാർടിയെ സ്‌നേഹിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ സീറ്റ്‌ കിട്ടിയാൽ ആദ്യം ചെയ്യുക നക്ഷത്രഹോട്ടലിൽ മുറി എടുക്കലാണ്‌. പ്രയാസകരമായ പ്രവർത്തനത്തിന്‌ ആരും തയ്യാറല്ല.

ഭാരവാഹികൾ ഉത്തരവാദിത്തം നിറവേറ്റണം. 72 വർഷത്തെ ഏറ്റവും മോശം അവസ്ഥയിലാണ്‌ കോൺഗ്രസ്‌ എന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top