23 April Friday
ഗുലാംനബിയെ ചതിച്ചതില്‍ രോഷം

കോണ്‍​ഗ്രസിൽ പൊട്ടിത്തെറി ; യുദ്ധപ്രഖ്യാപനവുമായി ജി -23 നേതാക്കള്‍

എം പ്രശാന്ത്‌Updated: Sunday Feb 28, 2021

photo credit twitter, design deshabhimani web


ന്യൂഡൽഹി
അഞ്ച്‌ സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങവെ കോൺഗ്രസ്‌ നേതൃത്വത്തിനെതിരെ യുദ്ധപ്രഖ്യാപനവുമായി "ജി–-23' നേതാക്കൾ‌. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ കോൺഗ്രസ്‌ ദുർബലമായെന്ന് മുതിർന്ന നേതാക്കൾ തുറന്നടിച്ചു. ശാന്തി സമ്മേളൻ എന്ന പേരിൽ ജമ്മുവിൽ വിളിച്ച വിമതയോ​ഗത്തിലാണ് ​ഗുലാംനബി ആസാദ്‌, രാജ്യസഭാ ഉപനേതാവ്‌ ആനന്ദ്‌‌ ശർമ, മുൻ കേന്ദ്രമന്ത്രി കപിൽ സിബൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ്‌ ഹൂഡ, യുപി പിസിസി അധ്യക്ഷനായിരുന്ന രാജ്‌‌ ബബ്ബർ, വിവേക്‌ തൻഖ തുടങ്ങിയവര്‍ കോണ്‍​ഗ്രസിലെ കുടുംബാധിപത്യത്തെ പരസ്യമായി ചോദ്യംചെയ്തത്.

ഗുലാംനബിയുടെ സമ്പന്നമായ അനുഭവസമ്പത്ത്‌ കോൺഗ്രസ്‌ എന്തുകൊണ്ട്‌ പ്രയോജനപ്പെടുത്തുന്നില്ലെന്ന് കപിൽ സിബൽ ആരാഞ്ഞു. "അദ്ദേഹത്തെ പാര്‍ലമെന്റില്‍നിന്ന്‌ ഒഴിവാക്കുകയാണെന്നറിഞ്ഞപ്പോള്‍ ദുഃഖം തോന്നി. അദ്ദേഹം തുടരണമെന്ന് ‍ഞങ്ങള്‍ ആ​ഗ്രഹിച്ചു. കോൺഗ്രസ്‌ ദുർബലപ്പെടുകയാണ്. അതുകൊണ്ടാണ്‌ ഈ ഒത്തുചേരൽ. നേരത്തെയും ഒത്തുചേർന്നിരുന്നു. എല്ലാവരും യോജിച്ച്‌ പാർടിയെ ശക്തിപ്പെടുത്തേണ്ടതുണ്ട്'‌–- സിബൽ പറഞ്ഞു.

പത്തുവര്‍ഷത്തിനിടെ കോൺഗ്രസ്‌ ദുർബലമായെന്ന് ആനന്ദ്‌ ശർമ പറഞ്ഞു. "പുതിയ തലമുറയ്‌ക്ക്‌ കോണ്‍ഗ്രസുമായി ബന്ധമില്ല. ഏറെ സഞ്ചരിച്ചാണ്‌ ഇവിടെ എത്തിയത്‌. ആരും ജനാല വഴി ചാടിവന്നവരല്ല. വാതിലിലൂടെ നടന്നുവന്നവരാണ്‌. വിദ്യാർഥി പ്രസ്ഥാനത്തിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും വന്നവരാണ്‌. നിങ്ങൾ കോൺഗ്രസുകാരനാണോ എന്ന്‌ ചോദിക്കാനുള്ള അവസരം ആർക്കും നൽകിയിട്ടില്ല.'–-ശർമ പറഞ്ഞു.

ഗുലാംനബിയെ രാജ്യസഭയിൽനിന്ന്‌ ഒഴിവാക്കിയതിൽ രാജ്‌ ബബ്ബറും പ്രതിഷേധം രേഖപ്പെടുത്തി. "ഞങ്ങളെ ജി–- 23 എന്ന് പലരും വിളിക്കുന്നു. ഞങ്ങള്‍ ഗാന്ധി–- 23 ആണ്‌. കോൺഗ്രസ്‌ ശക്തിപ്പെടാനാണ്‌ ജി–- 23 ആഗ്രഹിക്കുന്നത്‌'–- ബബ്ബർ പറഞ്ഞു.

കശ്‌മീർ അടക്കം വിവിധ വിഷയങ്ങള്‍ക്കായ് പാർലമെന്റിൽ പൊരുതിനിന്നവരാണ് ഒത്തുചേര്‍ന്നിരിക്കുന്നതെന്ന് ‌ഗുലാംനബി പറഞ്ഞു. "ജമ്മുവോ കശ്‌മീരോ ലഡാക്കോ ആകട്ടെ ഞങ്ങൾ എല്ലാവരെയും ജാതിമത ഭേദമെന്യെ ഒരേപോലെ കാണുന്നു. എല്ലാവരെയും ഒരേപോലെ ബഹുമാനിക്കുന്നു. അതാണ്‌ ശക്തി. അത്‌ തുടരും‌'–- ഉത്തരേന്ത്യക്കാരെ പരിഹസിച്ച രാഹുലിന്റെ പരാമർശത്തിന്‌ പരോക്ഷ മറുപടിയായി ഗുലാംനബി പറഞ്ഞു.

ഗുലാംനബിയെ ചതിച്ചതില്‍ രോഷം
നേതൃമാറ്റം ആ​ഗ്രഹിക്കുന്ന മുതിര്‍ന്ന കോണ്‍​ഗ്രസ് നേതാക്കളുടെ കുറുമുന്നണിയെ(ജി 23)  കശ്മീരില്‍ വിമതയോ​ഗം വിളിക്കാന്‍ പ്രേരിപ്പിച്ചത് മുതിർന്ന നേതാവ്‌ ഗുലാംനബി ആസാദിനെ രാജ്യസഭയിൽനിന്ന്‌ നിഷ്‌കരുണം ഇറക്കിവിട്ട ഹൈക്കമാന്‍ഡ് നടപടി. ലോക്‌സഭയിൽ പരാജയമായ കെ സി വേണുഗോപാലിനെ രാജസ്ഥാന്‍ വഴി‌ രാജ്യസഭയിലെത്തിച്ച സോണിയയും രാഹുലും ഗുലാംനബിക്ക് അവസരം നിഷേധിച്ചത്‌ നീതികേടാണെന്ന നിലപാടാണ്‌ വിമതര്‍ക്ക്.

ജമ്മു കശ്‌മീരിന്റെ സംസ്ഥാനപദവി എടുത്തുകളഞ്ഞതോടെ നിയമസഭ ഇല്ലാതായതാണ്‌ ഗുലാംനബിക്ക്‌ തടസമായത്‌. കേരളത്തിൽ ഒഴിവുള്ള രാജ്യസഭാ സീറ്റ്‌ ഗുലാംനബിക്ക്‌ നൽകണമെന്ന് ആവശ്യമുണ്ടായി. സീറ്റ്‌ ലീഗിന് നല്‍കി ഹൈക്കമാന്‍ഡ്‌ ഗുലാംനബിയെ വെട്ടി. സീറ്റ്‌ ഒഴിയാൻ ലീഗ്‌ നേതൃത്വം ഒരുക്കമായിരുന്നുവെന്ന്‌ ജി- 23 നേതാക്കൾ ചൂണ്ടിക്കാട്ടി. ഹൈക്കമാന്‍ഡ് താല്‍പര്യമെടുത്തില്ല. പകരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തോറ്റ മല്ലികാർജുൻ ഖാർഗെയെ രാജ്യസഭയിലെത്തിച്ച്‌ പ്രതിപക്ഷ നേതാവ്‌ സ്ഥാനം കൈമാറി. ദീർഘകാലമായി രാജ്യസഭയിൽ കോൺഗ്രസ്‌ ഉപനേതാവായ ആനന്ദ്‌ ശർമയെയും തഴഞ്ഞാണ്‌ സോണിയയുടെ നടപടി.

തുടക്കം 
കത്തില്‍നിന്ന്
കോൺഗ്രസിൽ അഴിച്ചുപണി ആവശ്യപ്പെട്ട്‌ സോണിയക്ക്‌ കത്തയച്ചതോടെയാണ്  ജി -23 നേതാക്കൾ ശ്രദ്ധാകേന്ദ്രമായത്. പ്രവർത്തകസമിതി യോഗത്തിൽ എ കെ ആന്റണി അടക്കം ചിലര്‍ ഇവര്‍ക്കെതിരെ രം​ഗത്തെത്തി. ഗുലാംനബിയെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ, ജി -23 നേതാക്കൾ ഉറച്ചുനിന്നതോടെ ജൂണിനുള്ളിൽ സംഘടനാ തെരഞ്ഞെടുപ്പ്‌ നടത്തുമെന്ന് പ്രഖ്യാപിക്കേണ്ടിവന്നു. പിന്നാലെ ഗുലാംനബിയെയും ആനന്ദ്‌ ശർമയെയും തെരഞ്ഞുപിടിച്ച്‌ സ്ഥാനങ്ങളിൽനിന്ന്‌ നീക്കി. ബിജെപിയെ ചെറുക്കുന്നതിൽ രാഹുൽ പരാജയമാണെന്ന നിലപാടാണ് വിമതര്‍ക്ക്. ആന്റണിയെയും വേണുഗോപാലിനെയും പോലെ ദേശീയ രാഷ്ട്രീയത്തിൽ ഒന്നുമല്ലാത്തവര്‍  സോണിയയിലും രാഹുലിലും അമിതസ്വാധീനം ചെലുത്തുന്നതും വിമതനീക്കത്തെ പ്രചോദിപ്പിച്ചു‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top