03 February Friday

ഗുജറാത്തിൽ നിലംപറ്റി കോൺഗ്രസ്‌; നഷ്‌ടമായത്‌ അറുപതോളം സീറ്റുകൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

ന്യൂഡൽഹി > 2017 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കും എന്ന പ്രതീതി പോലും സൃഷ്‌ടിച്ച്‌ 77 സീറ്റ്‌ നേടിയ കോൺഗ്രസ്‌ ഇക്കുറി ഗുജറാത്തിൽ തകർന്നടിഞ്ഞു. ആകെയുള്ള 182 സീറ്റിൽ ഇരുപതിനപ്പുറം കടക്കാൻ കോൺഗ്രസിനാകില്ല എന്നാണ്‌ ഇതുവരെയുള്ള കണക്കുകൾ നൽകുന്ന സൂചന. ഒട്ടും അത്ഭുതപ്പെടുത്തുന്നതല്ല ഈ സ്ഥിതിയെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. 2012 ലേക്കാൾ 16 സീറ്റുകൾ അധികം നേടിയാണ്‌ 2017 ൽ കോൺഗ്രസ്‌ നില മെച്ചപ്പെടുത്തിയത്‌. ബിജെപിയിൽ നിന്ന്‌ പിടിച്ചെടുത്തതായിരുന്നു ആ സീറ്റുകൾ. പക്ഷേ അവരിൽ 18 പേർ  ബിജെപിയിൽ ചേക്കേറി. എംഎൽഎമാരല്ലാത്ത നേതാക്കൾ വേറെയും ബിജെപിയിലേക്ക്‌ ഒഴുകി. ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്‌ പരാജയപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ സീറ്റൊന്നും നേടാനുമായില്ല.

ഈ തെരഞ്ഞെടുപ്പിൽ 2017 നേക്കാൾ അറുപതോളം സീറ്റുകൾ അവർക്ക്‌ നഷ്‌ടമായിക്കഴിഞ്ഞു. ആംആദ്‌മി പാർട്ടിയുടെ വാഗ്‌ദാനങ്ങൾ ദുർബല വിഭാഗങ്ങളിൽ ചെറിയ ചലനം സൃഷ്‌ടിച്ചിരുന്നു. അവർക്ക്‌ പക്ഷേ സംസ്ഥാനാടിസ്ഥാനത്തിൽ കാര്യമായ മാറ്റത്തിനായില്ല. ആകെ അഞ്ച്‌ സീറ്റിലാണ്‌ വിജയിക്കാനായത്‌.

തെരഞ്ഞെടുപ്പ്‌ പ്രചാരണം മുറുകുമ്പോൾ പോലും കോൺഗ്രസ്‌  ലക്ഷ്യമില്ലാതെ പതറിനിൽക്കുകയാണെന്ന്‌ മാധ്യമങ്ങൾ എഴുതി. അവരെ നയിക്കാൻ ആരുമുണ്ടായില്ല. ദേശീയതലത്തിൽ മാത്രമല്ല, ഗുജറാത്തിലും നായകനില്ലാതെ പല കൂടാരത്തിലായിരുന്നു കോൺഗ്രസുകാർ. ജയിപ്പിച്ചുവിട്ടാലും ബിജെപിയിൽ ചേക്കേറുന്ന കോൺഗ്രസുകാർക്ക്‌ എന്തിന്‌ വോട്ട്‌ ചെയ്യണമെന്നും ജനങ്ങൾ ചിന്തിച്ചിട്ടുണ്ടാകും. വിലക്കയറ്റം, തൊഴിലില്ലായ്‌മ, കാർഷികപ്രതിസന്ധി, കുറഞ്ഞ വരുമാനം, വിദ്യാഭ്യാസമേഖലയിലെ തകർച്ച, ചേരികളിലെ നരകജീവിതം, നിയമന നിരോധനം, വൈദ്യുതി–- കുടിവെള്ള ക്ഷാമം എന്നിങ്ങനെ ജനങ്ങൾ നേരിട്ട പ്രശ്‌നങ്ങൾ ഒന്നും ഏറ്റെടുക്കാൻ കോൺഗ്രസിനായില്ല.

ഇന്ദിര ഗാന്ധി വധത്തിനുപിന്നാലെ 1985ൽ വൻവിജയം നേടിയ കോൺഗ്രസ്‌ പിന്നീട്‌ പടിപടിയായി ദുർബലമായത്‌ മുതലെടുത്ത്‌ 1995ൽ അധികാരം പിടിച്ച ബിജെപിക്ക്‌ തുടക്കത്തിൽ പ്രതിസന്ധിയുടെ നാളുകളായിരുന്നു. ഉൾപ്പോരിൽ 1997–-98ൽ കാലത്ത്‌ കുറച്ചുകാലം പുറത്തിരിക്കേണ്ടതായും വന്നു. 2001ൽ ഗുജറാത്ത്‌ ബിജെപി വീണ്ടും കലഹമയമായതോടെ ഡൽഹിയിൽനിന്ന്‌ മോദിയെ മുഖ്യമന്ത്രിയായി നിയോഗിച്ചതാണ്. അധികാരമേറ്റശേഷം എംഎൽഎയാകാൻ രാജ്‌കോട്ടിൽ സുരക്ഷിതമണ്ഡലം തെരഞ്ഞെടുത്ത മോദിക്ക്‌ അവിടെ കുറഞ്ഞ ഭൂരിപക്ഷമാണ്‌ ലഭിച്ചത്‌. പിന്നാലെ ഗോധ്‌ര ട്രെയിൻ കത്തിക്കലും കലാപവും ഗുജറാത്തിനെ പിടിച്ചുലച്ചു.

2002 മുതൽ മൂന്ന്‌ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത്‌ ബിജെപിയെ വിജയത്തിലേക്ക്‌ നയിച്ചശേഷമാണ്‌ മോദി 2014ൽ പ്രധാനമന്ത്രിയായി നിയോഗിക്കപ്പെട്ടത്‌. ശേഷമുള്ള  എട്ടു വർഷത്തിൽ മൂന്നാമത്തെ മുഖ്യമന്ത്രിയാണ്‌ നിലവിലെ ഭൂപേന്ദർ പട്ടേൽ. മോദി  ഒഴിഞ്ഞപ്പോൾ വന്ന ആനന്ദിബെൻ പട്ടേലിനെയും പിൻഗാമിയായ വിജയ്‌ രുപാണിയെയും ഇടയ്‌ക്കുവച്ച്‌ ഒഴിവാക്കി. ഭരണപരാജയവും വിഭാഗീയതയും  അതിരുവിട്ടപ്പോഴാണ്‌ മുഖ്യമന്ത്രിമാരെ മാറ്റിയത്‌. ദീർഘകാല ബിജെപിഭരണം ഗുജറാത്തിന്‌ നേട്ടമായെന്ന്‌ അവകാശപ്പെടുമ്പോഴും മുഖ്യമന്ത്രിമാരെ അടിക്കടി മാറ്റിയതിന്‌ വിശദീകരണമില്ല. ‘മോദി’  മാത്രമായിരുന്നു ബിജെപിയുടെ പ്രചാരണവിഷയം. ഹിന്ദുത്വവും ജാതിവാദവും കൂട്ടിച്ചേർത്ത്‌ ഭരണവിരുദ്ധവികാരം മറികടക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ വിജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top