18 June Tuesday

മറ്റാർക്കും സീറ്റില്ലെന്ന്‌ കോൺഗ്രസ‌്; മഹാരാഷ്‌ട്രയിൽ മഹാസഖ്യസാധ്യത മങ്ങുന്നു

വെബ് ഡെസ്‌ക്‌Updated: Friday Feb 8, 2019

ന്യൂഡൽഹി > മഹാരാഷ്‌ട്രയിൽ പ്രതിപക്ഷകക്ഷികളുടെ മഹാസഖ്യത്തിനുള്ള സാധ്യത മങ്ങുന്നു. എൻസിപി ഒഴികെ മറ്റ‌ു കക്ഷികൾക്കെല്ലാംകൂടി നാല‌് സീറ്റ‌് മാത്രമേ നൽകൂവെന്ന കോൺഗ്രസ‌് നിലപാടാണ‌് സഖ്യത്തിന‌് തടസ്സമാകുന്നത‌്. 48 ലോക‌്സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനത്ത‌് ബിജെപിയും ശിവസേനയും വീണ്ടും ഒന്നിച്ച‌ു മത്സരിക്കാൻ കളമൊരുങ്ങുന്ന സാഹചര്യത്തിൽ കോൺഗ്രസ‌് നിലപാട‌് ആത്മഹത്യാപരമാകും. പല സീറ്റിലും വിജയസാധ്യതയുള്ള പ്രകാശ‌് അംബേദ‌്കറുടെ ഭാരിപ ബഹുജൻ മഹാസം‌ഘ‌് (ബിബിഎം), കർഷക നേതാവ‌് രാജു ഷെട്ടിയുടെ സ്വാഭിമാൻ പക്ഷ എന്ന‌ീ പാർടികൾ സഖ്യ ചർച്ചകൾ അവസാനിപ്പിച്ചു.

കോൺഗ്രസ‌്–എൻസിപി സഖ്യത്തോടൊപ്പം നിൽക്കാനുള്ള സാധ്യത തീരെ ഇല്ലാതായെന്ന‌് ഡോ. ബി ആർ അംബേദ‌്കറുടെ ചെറുമകനായ പ്രകാശ‌് അംബേദ‌്കർ പറഞ്ഞു. ‘‘നരേന്ദ്ര മോഡിയോടുള്ള വിയോജിപ്പ‌് കൊണ്ടുമാത്രം ദളിതരും മുസ്ലിങ്ങളും കോൺഗ്രസിന‌് വോട്ട‌് ചെയ്യില്ല. കോൺഗ്രസ‌് നേതൃത്വവുമായി ഞങ്ങൾ ചർച്ച നടത്തിയിരുന്നു. 12 സീറ്റ‌് ആവശ്യപ്പെട്ടു. അത‌് ഞങ്ങൾക്കുവേണ്ടി മാത്രമല്ല‌, 12 ഒബിസി വിഭാഗങ്ങളിൽനിന്നുള്ള സ്ഥാനാർഥികളെ മത്സരിപ്പിക്കാനാണ‌്. എന്നാൽ, ഞങ്ങളുടെ ആശങ്കകൾ അംഗീകരിക്കാൻ കോൺഗ്രസ‌് തയ്യാറായില്ല. ആർഎസ‌്എസ‌് ഭീഷണി ചെറുക്കാൻ കോൺഗ്രസ‌് എന്തു ചെയ്യാനാണ‌്  ഉദ്ദേശിക്കുന്നതെന്നും അറിയേണ്ടതുണ്ട‌്. ’’–പ്രകാശ‌് അബേദ‌്കർ പറഞ്ഞു.

48 ലോക‌്സഭാ സീറ്റിലും  ബിബിഎമ്മിന്റെ നേതൃത്വത്തിലുള്ള മുന്നണി മത്സരിക്കും. അസദുദ്ദീൻ ഒവൈസി എംപി നേതൃത്വം നൽകുന്ന എഐഎംഐഎം ഈ മുന്നണിയിൽ അംഗമാണ‌്. കർഷകരുടെ നിർണായകപ്രശ‌്നങ്ങൾ പരിഹരിക്കുമെന്ന‌് ഉറപ്പുനൽകാത്ത കോൺഗ്രസുമായി ചർച്ചകൾ തുടരാനാകില്ലെന്ന‌് രാജു ഷെട്ടി പറയുന്നു. സീറ്റുകളെക്കുറിച്ചുള്ള ചർച്ചയ‌്ക്ക‌് രണ്ടാം സ്ഥാനം മാത്രമാണ‌്. പൊതുമിനിമം പരിപാടിയാണ‌് പ്രധാനം. കാർഷിക കടങ്ങൾ പൂർണമായി എഴുതിത്തള്ളണം. ഉൽപ്പാദനച്ചെലവും അതിന്റെ 50 ശതമാനവും ചേർത്ത‌് വിളകൾ സംഭരിക്കണം. അധികാരം കിട്ടിയാൽ ഈ ആവശ്യങ്ങൾ നടപ്പാക്കുമെന്ന‌് ഉറപ്പ‌ു ലഭിച്ചാലേ സഖ്യത്തിന‌് അർഥമുള്ളൂ. എൻഡിഎയിലേക്ക‌് മടങ്ങുന്നതിനെക്കുറിച്ച‌് ആലോചിക്കുന്നതുപോലുമില്ലെന്ന‌് 2014ൽ ബിജെപി സഖ്യകക്ഷിയായി മത്സരിച്ച‌ു ജയിച്ച രാജു ഷെട്ടി പറഞ്ഞു. വാഗ‌്ദാനംചെയ‌്ത കാര്യങ്ങൾ മോഡി സർക്കാർ നടപ്പാക്കാത്ത സാഹചര്യത്തിലാണ‌് താൻ എൻഡിഎ വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

സീറ്റിന്റെ കാര്യത്തിൽ മാത്രമല്ല, കോൺഗ്രസ‌്–എൻസിപി സഖ്യവുമായി തർക്കം. പശ‌്ചിമ മഹാരാഷ്‌ട്രയിലെ ഭൂരിപക്ഷം പഞ്ചസാര മില്ലുകളും കോൺഗ്രസ‌്, എൻസിപി നേതാക്കളുടെ ഉടമസ്ഥതയിലാണ‌്. മില്ലുടമകളുടെ ചൂഷണത്തിനെതിരെ കരിമ്പുകർഷകർ ശക്തമായ സമരത്തിലായിരുന്നു. താൽക്കാലികമായി സമരം അവസാനിപ്പിച്ചെങ്കിലും പ്രശ‌്നങ്ങൾ പൂർണമായി പരിഹരിച്ചിട്ടില്ല. ഈ പശ‌്ചാത്തലത്തിൽ കോൺഗ്രസ‌്–എൻസിപി സഖ്യവുമായി സഹകരിക്കുന്നത‌് പന്തിയല്ലെന്ന‌് രാജു ഷെട്ടി കരുതുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വാഭിമാൻ പക്ഷയ‌്ക്ക‌് 2.3 ശതമാനം വോട്ട‌് ലഭിച്ചിരുന്നു. കോൺഗ്രസ‌് ഇതര, എൻഡിഎ ഇതര മറ്റു  കക്ഷികൾക്ക‌് 14.9 ശതമാനം വോട്ടാണ‌് ലഭിച്ചത‌്. കോൺഗ്രസ‌്–18.3, എൻസിപി–16.1, ബിജെപി–27.6, ശിവസേന–20.8 എന്നിങ്ങനെയായിരുന്നു വോട്ട‌ു വിഹിതം. കർഷകസമരങ്ങൾ ഉഴുതുമറിച്ച മണ്ണിൽ എൻസിപി–കോൺഗ്രസ‌് സഖ്യത്തിനു മാത്രമായി വിജയം കൊയ്യാൻ സാധ്യമല്ലെന്ന‌്  ഇതിൽനിന്നൊക്കെ വ്യക്തമാണ‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top