20 September Friday

മോഡി സർക്കാരിന്റെ അഞ്ച‌ു വർഷം; രാഷ്ട്രീയമാറ്റത്തിനുള്ള സാധ്യതകൾ തകർത്തത‌് കോൺഗ്രസ‌്

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019

ന്യൂഡൽഹി> മോഡി സർക്കാരിന്റെ അഞ്ച‌ു വർഷത്തെ ഭരണം പ്രതിപക്ഷത്തിന് ഒട്ടേറെ ആയുധങ്ങൾ നൽകിയിട്ടും രാജ്യത്ത‌് രാഷ്ട്രീയമാറ്റത്തിനുള്ള സാധ്യതകള്‍ തകർത്തതിന്റെ മുഖ്യ ഉത്തരവാദി കോൺഗ്രസ‌്. കേന്ദ്ര സര്‍ക്കാരിനെതിരായ വികാരം ആളിക്കത്തിക്കുന്നതില്‍ കോൺഗ്രസ‌് മിക്കവാറും നിഷ‌്ക്രിയമായി. നോട്ടുനിരോധനമടക്കമുള്ള കേന്ദ്ര നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാനോ ബദൽ നയങ്ങൾ മുന്നോട്ടുവയ‌്ക്കാനോ കോൺഗ്രസ‌് തയ്യാറായില്ല.

അശാസ‌്ത്രീയമായി നടപ്പാക്കിയ  ജിഎസ‌്ടി, കർഷകരോട‌ു കാട്ടിയ വഞ്ചന, പെരുകിവരുന്ന തൊഴിലില്ലായ‌്മ, ഇന്ധനവില വർധന, വർഗീയ ആക്രമണങ്ങൾ, ദളിതർക്കെതിരായ അതിക്രമങ്ങൾ, ഉന്നതവിദ്യാഭ്യാസ മേഖലയിലെ തലതിരിഞ്ഞ പരിഷ‌്കാരങ്ങൾ, പൊതുമേഖലയെ നശിപ്പിക്കൽ, ബാങ്ക‌് കുംഭകോണങ്ങൾ, വ്യാപം പോലുള്ള ക്രമക്കേടുകൾ, റഫേൽ അഴിമതി, ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന സർക്കാർ നയം, മതനിരപേക്ഷതയ‌്ക്ക‌് എതിരായ സംഘപരിവാർ അജൻഡയുടെ പ്രയോഗം, പാർലമെന്റിനോട‌് പ്രധാനമന്ത്രി കാട്ടിയ അനാദരം, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തിനുനേരെയുള്ള കടന്നാക്രമണം, രാഷ്ട്രീയ കുതിരക്കച്ചവടം വഴി സംസ്ഥാനങ്ങളിൽ ഭരണം പിടിക്കൽ എന്നിങ്ങനെ കേന്ദ്ര സര്‍ക്കാരിനെതിരായി  ഉയര്‍ത്താന്‍ വിഷയങ്ങൾക്ക‌് പഞ്ഞമില്ലായിരുന്നു.   

തെരഞ്ഞെടുപ്പ‌ുവർഷത്തിൽ പോലും കോൺഗ്രസിന്റെ തയ്യാറെടുപ്പുകൾ മന്ദഗതിയിലായിരുന്നു.  ഉത്തർപ്രദേശ‌ിൽ സമാജ‌്‌വാദി പാർടിയും ബിഎസ‌്പിയും ഐക്യം ശക്തിപ്പെടുത്തുകയും അജിത‌്സിങ്ങിന്റെ രാഷ്ട്രീയ ലോക‌്ദളിനെ കൂടി സഖ്യത്തിൽ പങ്കാളിയാക്കുകയും ചെയ‌്തു. ഈ മുന്നണി മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച‌് ധാരണയിൽ എത്തിയശേഷമാണ‌് കോൺഗ്രസ‌് ഉലണർന്നത‌്.

റായ‌്ബറേലിയും അമേഠിയും ഒഴികെയുള്ള മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന‌് എസ‌്പി–-ബിഎസ‌്പി നേതാക്കൾ വ്യക്തമാക്കിയപ്പോൾ  പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചാണ‌് കോൺഗ്രസ‌് അതിനോട‌് പ്രതികരിച്ചത‌്. സഖ്യകക്ഷികളെ കണ്ടെത്താൻ നിയോഗിക്കപ്പെട്ട എ കെ ആന്റണിസമിതി  പ്രവർത്തനമൊന്നും നടത്തിയില്ല. തമിഴ‌്നാട്ടിൽ ഡിഎംകെയും ബിഹാറിൽ ആർജെഡിയും മുൻകൈയെടുത്ത‌് മുന്നണിക്ക‌് രൂപംനൽകിയെന്ന‌് മാത്രം.

പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി മോഡി ദേശസുരക്ഷ വിഷയമാക്കിയപ്പോൾ കോൺഗ്രസ‌് വീണ്ടും മൗനത്തിലായി. ഇടതുപക്ഷം അടക്കമുള്ള ഇതര പ്രതിപക്ഷകക്ഷികൾ ബിജെപി അജൻഡ തുറന്നുകാട്ടിയശേഷമാണ‌് കോൺഗ്രസ‌് ഉണർന്നത‌്. കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി റഫേൽ അഴിമതി വിഷയത്തിൽ മാത്രം കേന്ദ്രീകരിച്ച‌് തെരഞ്ഞെടുപ്പ‌ു പ്രചാരണം നടത്താനാണ‌് ശ്രമിച്ചത‌്. ഒട്ടേറെ അഴിമതികളുടെ  പേരിൽ ജനങ്ങൾ ശിക്ഷിച്ച കോൺഗ്രസ‌് റഫേൽ അഴിമതിയുടെ പേരിൽ ബിജെപിയെ വിമർശിച്ചത‌് ഏശാതെ പോയി.

അധികാരം ലഭിച്ചാൽ ദാരിദ്ര്യരേഖയ‌്ക്ക‌ു താഴെയുള്ള കുടുംബങ്ങൾക്ക‌് അടിസ്ഥാന വരുമാനം ഉറപ്പാക്കുമെന്ന പേരിൽ കോൺഗ്രസ‌് പ്രഖ്യാപിച്ച ‘ന്യായ‌്’പദ്ധതിയോട‌് കോൺഗ്രസ‌് തന്നെ നീതി കാട്ടിയില്ല. ഇതിന്റെ സന്ദേശം പ്രചരിപ്പിക്കാൻ കോൺഗ്രസ‌് മടിച്ചുനിന്നു. രാഹുൽ ഗാന്ധിയുടെ വയനാട‌് സ്ഥാനാർഥിത്വമാണ‌് ദേശീയതലത്തിൽ കോൺഗ്രസിനു ക്ഷീണം സമ്മാനിച്ച മറ്റൊരു സംഭവ വികാസം. ബിജെപി ഇതുപയോഗിച്ച‌്  ഉത്തരേന്ത്യയിൽ ശക്തമായ പ്രചാരണം നടത്തി.

പ്രിയങ്ക ഗാന്ധി വാരാണസിയിൽ മോഡിക്കെതിരെ മത്സരിക്കുമെന്ന‌ പ്രചാരണം ഉണ്ടായെങ്കിലും അത‌് യാഥാർഥ്യമായില്ല. മോഡിക്കെതിരെ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയെ മത്സരിപ്പിക്കാൻ പോലും കോൺഗ്രസ‌് മുൻകൈയെടുത്തില്ല. മഹാരാഷ്ട്ര, ഡൽഹി, ഹരിയാന, പഞ്ചാബ‌്, രാജസ്ഥാൻ, പശ‌്ചിമ ബംഗാൾ ‌എന്നീ സംസ്ഥാനങ്ങളിൽ ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുന്ന സമീപനമാണ‌് കോൺഗ്രസ‌് സ്വീകരിച്ചത‌്. ഡൽഹിയിൽ എഎപിയുമായി സീറ്റ‌് ധാരണയിലെത്താൻ രാഹുൽ ഗാന്ധി നിർദേശിച്ചിട്ടും പിസിസി നേതൃത്വം തയ്യാറായില്ല. ബംഗാളിലും ഹൈക്കമാൻഡിന്റെ നിർദേശം സംസ്ഥാന നേതാക്കൾ അട്ടിമറിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top