25 August Sunday

രാഹുലിനെ അനുനയിപ്പിക്കാൻ കൂട്ടരാജിയുമായി നേതാക്കൾ; ഡൽഹിയിൽ 280 ബ്ലോക്ക‌് കമ്മിറ്റികളും പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

ന്യൂഡൽഹി> കോൺഗ്രസ‌് അധ്യക്ഷസ്ഥാനം ഉപേക്ഷിച്ച രാഹുൽ ഗാന്ധിയെ അനുനയിപ്പിക്കാൻ കൂട്ടരാജിയും സമ്മർദവുമായി നേതാക്കൾ. ലോക‌്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പിസിസി അധ്യക്ഷന്മാർ തയ്യാറാകാത്തതിൽ രാഹുൽ അമർഷത്തിലാണെന്ന വിവരം പുറത്തുവന്നതിനു പിന്നാലെയാണ‌് പുതിയ നീക്കം. ഡൽഹിയിലെ 280 ബ്ലോക്ക‌് കമ്മിറ്റികളും പിരിച്ചുവിട്ടു. രാജ്യസഭാംഗമായ വിവേക‌് തൻഖ എല്ലാ ഭാരവാഹിത്വത്തിൽനിന്നും രാജിവച്ചു.

രാഹുലിന‌് സ്വതന്ത്രമായി നേതൃനിരയെ കണ്ടെത്താൻ അവസരമൊരുക്കണം എന്നാവശ്യപ്പെട്ടാണ‌് എഐസിസിയുടെ നിയമ–-വിവരാവകാശ വിഭാഗം ചെയർമാൻ സ്ഥാനം രാജിവച്ചത‌്. ഈ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും എല്ലാ ഭാരവാഹികളും രാജിക്ക‌് തയ്യാറാകണമെന്നും തൻഖ ട്വീറ്റ‌് ചെയ‌്തു. തുടർന്നാണ‌് ഡൽഹി, ഹരിയാന, മധ്യപ്രദേശ‌് സംസ്ഥാനങ്ങളിൽനിന്ന‌് വിവിധ നേതാക്കൾ രാജിവച്ചത‌്. തെലങ്കാന വർക്കിങ‌് പ്രസിഡന്റ‌് പൂനം പ്രഭാകറും രാജിവച്ചു.

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ 17 സംസ്ഥാനങ്ങളിൽ  കോൺഗ്രസ‌് എല്ലാ സീറ്റിലും തോൽക്കുകയും പല സംസ്ഥാനങ്ങളിലും രണ്ട‌്, മൂന്ന‌് സീറ്റിൽ ഒതുങ്ങുകയും ചെയ‌്തിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ സംസ്ഥാന അധ്യക്ഷന്മാർ തയ്യാറാകാത്തതിലാണ‌് രാഹുലിന‌് അതൃപ‌്തി. ‘അവർ രാജിവയ‌്ക്കുന്നില്ലെങ്കിൽ, പുറത്തുപോകാൻ എനിക്കെങ്ങനെ പറയാനാകും’ -എന്ന‌് ഹരിയാനയിൽനിന്നുള്ള നേതാക്കളുമായുള്ള ചർച്ചയ‌്ക്കിടെ രാഹുൽ മനസ്സ‌് തുറന്നെന്ന‌് കോൺഗ്രസ‌് വൃത്തങ്ങൾ പറഞ്ഞു. ചില സംസ്ഥാനങ്ങളുടെ പേരെടുത്തുപറഞ്ഞാണ‌് പരാമർശം. ഹരിയാനയുടെ ചുമതലയുള്ള ജന.സെക്രട്ടറി ഗുലാം നബി ആസാദിനൊപ്പമാണ‌് 15 സംസ്ഥാനനേതാക്കളുമായി രാഹുൽ കൂടിക്കാഴ‌്ച നടത്തിയത‌്.

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത‌് മധ്യപ്രദേശ‌് പിസിസി അധ്യക്ഷസ്ഥാനം രാജിവയ‌്ക്കാൻ സന്നദ്ധത അറിയിച്ചിരുന്നെന്ന‌് കമൽനാഥ‌് പ്രതികരിച്ചു. നോർത്ത‌് വെസ‌്റ്റ‌് ഡൽഹി ലോക‌്സഭാമണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്ന രാജേഷ‌് ലിലോതിയ വർക്കിങ‌് പ്രസിഡന്റ‌് സ്ഥാനം വെള്ളിയാഴ‌്ച രാജിവച്ചു. ഹരിയാന വനിത കോൺഗ്രസ‌് അധ്യക്ഷ സുമിത്ര ചൗഹാൻ, മേഘാലയയിൽനിന്നുള്ള ജനറൽ സെക്രട്ടറി നെറ്റ പി സംഗ‌്മ, സെക്രട്ടറി വീരേന്ദർ റാത്തോഡ‌്, ഛത്തീസ‌്ഗഢ് സെക്രട്ടറി അനിൽ ചൗധരി, മധ്യപ്രദേശ‌് സെക്രട്ടറി സുധീർ ചൗധരി, ഹരിയാന സെക്രട്ടറി സത്യവീർ യാദവ‌് തുടങ്ങിയവരുംരാജിവച്ചു.

അവസാനം നടന്ന പാർലമെന്ററി പാർടി യോഗത്തിലും സ്ഥാനം ഒഴിയുമെന്ന‌് രാഹുൽ ആവർത്തിച്ചതോടെയാണ‌് നേതാക്കളുടെ രാജിതന്ത്രം. രാഹുൽ ഗാന്ധിയുമായി ഡൽഹി പിസിസി അധ്യക്ഷ ഷീല ദീക്ഷിത‌ും പി സി ചാക്കോയും നടത്തിയ കൂടിക്കാഴ‌്ചയ‌്ക്ക‌് ശേഷമാണ‌് ഡൽഹിയിലെ 280 ബ്ലോക്ക‌് കമ്മിറ്റികളും പിരിച്ചുവിട്ടത‌്.

കർണാടക പിസിസിയും യുപിയിലെ എല്ലാ ഡിസിസികളും കോൺഗ്രസ‌് പിരിച്ചുവിട്ടിരുന്നു. എന്നാൽ, രാഹുൽ അധ്യക്ഷസ്ഥാനത്ത‌് തുടരുന്നതിന‌് ഒരു ശതമാനം സാധ്യതപോലും ഇപ്പോഴില്ലെന്ന‌് മുതിർന്ന നേതാവ‌് വീരപ്പ മൊയ‌്‌ലി  പറഞ്ഞു. പ്രതിസന്ധിക്കിടെ കോൺഗ്രസ‌് വർക്കിങ‌് കമ്മറ്റി ഉടൻ ചേരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top