24 August Saturday

നാഥനില്ലാതെ കോണ്‍ഗ്രസ്; മൂവര്‍ണ പതാക കാവിയില്‍ അലിയുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019

കോൺഗ്രസ‌് മുക്തഭാരതം; ആ ലക്ഷ്യത്തിലേക്ക‌് ബിജെപി കൂടുതൽ അടുത്തു. കൺചിമ്മി തുറക്കുമ്പോഴേക്കും കോൺഗ്രസിന്റെ മൂവർണ പതാക  കാവിയിൽ അലിഞ്ഞുതീരുന്നു. പകൽ കോൺഗ്രസും രാത്രി ബിജെപിയുമെന്ന നിലപാട‌ാണ‌് പാർടിയിലെ പലർക്കുമെന്ന‌് കുമ്പസാരിച്ചത‌്  കോൺഗ്രസിന്റെ മുതിർന്ന നേതാവ‌് എ കെ ആന്റണിയാണ‌്. കർണാടകം, ഗോവ സംസ്ഥാനങ്ങളിലെ എംഎൽഎമാരുടെ കൂറുമാറ്റത്തോടെ ഈ കുമ്പസാര രഹസ്യം പരസ്യമായി. കർണാടകയിലെ രാഷ്ട്രീയ മാറ്റത്തിൽ പകച്ചുനിന്ന കോൺഗ്രസ‌് ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചുകൊണ്ടാണ‌് ഗോവയിലെ സംഭവ വികാസങ്ങൾ അരങ്ങേറിയത‌്.

ദേശീയനേതാക്കളും കൂട്ടത്തോടെ


കഴിഞ്ഞ മൂന്ന‌് വർഷത്തിനിടയിൽ കോൺഗ്രസിലെ മുൻ കേന്ദ്രമന്ത്രിമാർ, മുൻ മുഖ്യമന്ത്രിമാർ, ഗവർണർമാർ, പിസിസി പ്രസിഡന്റുമാർ മുതൽ പ്രാദേശിക നേതാക്കൾവരെ ബിജെപിയിലെത്തി. കോൺഗ്രസ‌് നിയമസഭാകക്ഷിയെ തന്നെ ഒന്നാകെ കൂറുമാറ്റിയാണ‌് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ബിജെപി കാവിപുതപ്പിച്ചത‌്. 2014 –-ൽ ബിജെപി എംപിമാരായ 282 പേരിൽ 100 ലേറെപ്പേർ മുൻകോൺഗ്രസുകാരായിരുന്നു.
കോൺഗ്രസിന്റെ ദേശീയ നേതാക്കളും മുൻമുഖ്യമന്ത്രിമാരുമായിരുന്ന എസ‌് എം കൃഷ‌്ണ‌, വിജയ‌് ബഹുഗുണ, ജഗദംബികാ പാൽ എന്നിവർ ഒരു മടിയുമില്ലാതെയാണ‌് ബിജെപിയിലേക്ക‌് ചേക്കേറിയത‌്. എഐസിസി സെക്രട്ടറിയും വക്താവുമായിരുന്ന മലയാളിയായ ടോംവടക്കൻ നാടകീയമായാണ‌് ബിജെപിയിലെത്തിയത‌്. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ‌് മന്ത്രിസഭയിൽ സാമൂഹ്യക്ഷേമ മന്ത്രിയാണ‌്.  ത്രിപുരയിൽ കോൺഗ്രസ‌് ഒന്നടങ്കം ബിജെപി ആയി. അരുണാചൽ പ്രദേശിൽ കഴിഞ്ഞ നിയമസഭയിലെ 42 കോൺഗ്രസ‌് എംഎൽഎമാരാണ‌് ഒന്നിച്ച‌് ബിജെപിയിൽ ചേർന്നത‌്.  അസം മുഖ്യമന്ത്രി സർബന്തോ സോണോവാൾ അസം ഗണപരിഷത്ത‌് മുൻ എംപി. 

കർണാടകത്തിൽ 13പേർ


കർണാടക കോൺഗ്രസ‌് നിയമ സഭാകക്ഷിയിൽ ഓരോരുത്തരായി കൊഴിഞ്ഞുപോവുകയാണ‌്.  13 പേർ രാജിവച്ചു. ഗോവയിലാകട്ടെ 15 അംഗ നിയമസഭാ കക്ഷിയിലെ പത്തുപേർ ബിജെപിയിലെത്തി. പ്രതിപക്ഷനേതാവടക്കം കോൺഗ്രസ‌് വിട്ടു. മഹാരാഷ്ട്ര  പ്രതിപക്ഷ നേതാവായിരുന്ന രാധാകൃഷ്ണ വിഖേ പാട്ടീൽ ബിജെപിയിൽ ചേർന്നത‌് ഒരുമാസം മുമ്പാണ‌്.  അദ്ദേഹത്തിന്റെ മകനും കോൺഗ്രസ‌് നേതാവുമായിരുന്ന സുജയ‌് വിഖേ പാട്ടീൽ നിലവിൽ ബിജെപി എംപിയാണ‌്.

ബിജെപി നാലു സംസ്ഥാനങ്ങളിൽ ഭരണംപിടിച്ചത‌് കോൺഗ്രസ‌് എംഎൽഎമാരെ കൂട്ടുപിടിച്ചാണ‌്. അരുണാചൽപ്രദേശ‌്, മണിപ്പൂർ, ത്രിപുര, ഗോവ സംസ്ഥാനങ്ങളിലാണ‌്  കോൺഗ്രസിനെ വിലയ‌്ക്ക‌് വാങ്ങി ബിജെപി ജനാധിപത്യത്തെ അട്ടിമറിച്ചത‌്.  ഇപ്പോൾ കർണാടകം പിടിക്കാനുള്ള ശ്രമത്തിലാണ‌്. മധ്യപ്രദേശിലും രാജസ്ഥാനിലും അട്ടിമറിക്ക‌് ഒരുക്കം കൂട്ടുന്നു.

 ഉത്തരാഖണ്ഡിൽ കോൺഗ്രസ‌് മന്ത്രിസഭയുടെ പതനത്തിന‌്ഇടയാക്കിയതും ബിജെപിയിലേക്കുള്ള ചേക്കേറൽതന്നെ. സംസ്ഥാനങ്ങളിൽനിന്ന‌് പല ഘട്ടങ്ങളിലായി 100ലധികം കോൺഗ്രസ‌് എംഎൽഎമാർ ബിജെപിയിലേക്ക‌് ചേക്കേറി. മധ്യപ്രദേശിൽ ശേഖർ ചൗധരി, സുനിൽ മിശ്ര എന്നിവരുൾപ്പെടെ അരഡസനോളം കോൺഗ്രസ‌് എംഎൽഎമാർ സംഘപരിവാർ വേഷമിട്ടു. 60 അംഗ മണിപ്പൂർസഭയിൽ കോൺഗ്രസിന‌് 28 ഉം ബിജെപിക്ക‌് 21 ഉം സീറ്റാണുണ്ടായിരുന്നത‌്. ഒമ്പതുപേർ  ബിജെപിയിലേക്ക‌് കാലുമാറിയതോടെ കോൺഗ്രസിന‌് ഭരണം നഷ്ടമായത്‌. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top