22 May Wednesday

കോൺഗ്രസിനെതിരെ മഹാസഖ്യം; രൂക്ഷവിമർശവുമായി അഖിലേഷും മായാവതിയും

സ്വന്തം ലേഖകൻUpdated: Friday May 3, 2019

ന്യൂഡൽഹി > ലോക‌്സഭാ തെരഞ്ഞെടുപ്പ‌് അന്തിമ ഘട്ടങ്ങളിലേക്ക‌് നീങ്ങുമ്പോൾ കോൺഗ്രസിനെതിരായ നിലപാട‌് കൂടുതൽ കടുപ്പിച്ച‌് എസ‌്പിയും ബിഎസ‌്പിയും. എസ‌്പി അധ്യക്ഷൻ അഖിലേഷ‌് യാദവും ബിഎസ‌്പി അധ്യക്ഷ മായാവതിയും കോൺഗ്രസ‌് നിലപാടുകളെ കടുത്ത ഭാഷയിൽ വിമർശിച്ചു. കോൺഗ്രസും ബിജെപിയുമായി ഒരു വ്യത്യാസവുമില്ലെന്നും മഹാസഖ്യത്തിനെതിരായി ഈ രണ്ട‌് പാർടിയും ഒത്തുകളിക്കുകയാണെന്നും ഇരുനേതാക്കളും ആരോപിച്ചു.

കോൺഗ്രസ് സ്ഥാനാർഥി നല്ല മൽസരം കാഴ‌്ചവയ‌്ക്കുന്ന ബാരാബങ്കിയിലെ തെരഞ്ഞെടുപ്പ‌് യോഗത്തിൽ എസ‌്പിയെയും ബിഎസ‌്പിയെയും രാഹുൽഗാന്ധി വിമർശിച്ചിരുന്നു. എസ‌്പിയും ബിഎസ‌്പിയും കഴിഞ്ഞ അഞ്ചുവർഷക്കാലയളവിൽ മോഡിയെ നേരിട്ട‌് വിമർശിച്ചിട്ടില്ലെന്ന‌് രാഹുൽ പറഞ്ഞു. മോഡിക്കെതിരായി ഒരു പ്രസ‌്താവനയും മുലായമോ മായാവതിയോ നടത്തിയില്ല. താൻ മോഡിയെ ഭയക്കുന്നില്ല. എന്നാൽ, അഖിലേഷിന്റെയും മായാവതിയുടെയും നിയന്ത്രണം മോഡിയുടെ കൈകളിലാണ‌്- എന്നാണ‌് രാഹുൽ പറഞ്ഞത‌്.

ബിജെപിക്ക‌് നേട്ടമുണ്ടാകാനാണ‌് കോൺഗ്രസ‌് താൽപ്പര്യപ്പെടുന്നതെന്ന‌് അഖിലേഷ‌് പറഞ്ഞു. കോൺഗ്രസിനൊപ്പം ജനങ്ങളില്ല. യുപിയിലെ ജനവികാരം അവർക്കെതിരാണ‌്. എസ‌്പിയെ ആരെങ്കിലും വഞ്ചിച്ചിട്ടുണ്ടെങ്കിൽ അത‌് കോൺഗ്രസാണ‌്. അഹന്തയാണ‌് കോൺഗ്രസിന്റെ മുഖമുദ്ര. മഹാസഖ്യത്തോട‌് അവർക്ക‌് പുച്ഛമാണ‌്. തങ്ങളെ രാഷ്ട്രീയം പഠിപ്പിക്കാൻ കോൺഗ്രസ‌് ശ്രമിക്കണ്ട. ബിജെപിയുടെയും കോൺഗ്രസിന്റെയും ഭരണനയങ്ങൾ ഒന്നുതന്നെയാണ‌്. തൊഴിലില്ലായ്മ  രൂക്ഷമാക്കിയത‌് കോൺഗ്രസ‌് നയങ്ങളാണ‌്. അത‌് അതേപടി മുന്നോട്ടുകൊണ്ടുപോവുകയാണ‌് ബിജെപി ചെയ‌്തത‌്–- അഖിലേഷ‌് പറഞ്ഞു. കോൺഗ്രസും ബിജെപിയും ഒരേ തുണിയിൽനിന്ന‌് മുറിച്ചെടുക്കപ്പെട്ടവരാണെന്ന‌് മായാവതി പറഞ്ഞു.  മഹാസഖ്യത്തെ തോൽപ്പിക്കാൻ ബിജെപിയുമായി അവർ ഒത്തുകളിക്കുകയാണ‌്. പാർലമെന്റിൽ രാഹുലും മോഡിയും കെട്ടിപിടിച്ചത‌് എല്ലാവരും കണ്ടതാണ‌്. ഒത്തുകളിക്കുകയാണ‌്. യുപിയിൽ അവർ തൂത്തെറിയപ്പെടും–- മായാവതി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top