08 October Tuesday

ബിജെപിയില്‍ കലഹം; ഹരിയാനയിൽ ഒരു മുൻമന്ത്രികൂടി ബിജെപി വിട്ടു

വെബ് ഡെസ്‌ക്‌Updated: Sunday Sep 8, 2024

ന്യൂഡൽഹി > ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്‌ ദിവസങ്ങൾ ശേഷിക്കേ ബിജെപിക്ക്‌ കനത്തതിരിച്ചടിയേകി മുൻമന്ത്രി ബച്ചൻസിങ് ആര്യയും പാർടി വിട്ടു. സീറ്റ്‌ നൽകാത്തതിൽ പ്രതിഷേധിച്ചാണ്‌ ജിണ്ട്‌ ജില്ലയിലെ  പ്രമുഖ നേതാവായ ബച്ചൻസിങ് പാർടി വിട്ടത്‌. സിങ്ങിന്റെ മണ്ഡലമായ സഫിദോമിൽ ഇക്കുറി ജെജെപി മുൻ എംഎൽഎ രാംകുമാർ ഗൗതമിനെയാണ്‌ ബിജെപി മത്സരിപ്പിക്കുന്നത്‌. 

സീറ്റ്‌ ലഭിക്കാത്ത നിരവധി നേതാക്കളാണ്‌ പാർടി വിട്ടത്‌. റാണിയ മണ്ഡലത്തിൽ സീറ്റ്‌ നിഷേധിച്ചതിനെ തുടർന്ന്‌ രഞ്‌ജിത്‌സിങ് ചൗത്താല മന്ത്രിസ്ഥാനം രാജിവച്ചിരുന്നു.   എന്ത്‌ വിലകൊടുത്തും റാണിയയിൽ മത്സരിക്കുമെന്ന്‌ രഞ്‌ജിത്‌സിങ് പ്രഖ്യാപിച്ചു. റാഠിയ  എംഎൽഎ ലക്ഷ്‌മൺനാപ്പയും ബിജെപിയില്‍നിന്ന്‌ രാജിവച്ചിരുന്നു.

അയോധ്യയിലും തമ്മിലടി

ലഖ്നൗ > ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ തോൽവിക്കുപിന്നാലെ  അയോധ്യയില്‍ ബിജെപി നേതാക്കളുടെ തമ്മിലടി  രൂക്ഷം.  മിൽക്കിപുര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി  ബിജെപിയുടെ അം​ഗത്വവിതരണം ആരംഭിക്കുന്നതിനു വിളിച്ച വാര്‍ത്താസമ്മേളനത്തില്‍നിന്ന് ഫൈസാബാദ് മുൻ എംപി ലല്ലു സിങ് ഇറങ്ങിപ്പോയി. "മാഫിയ'കളുമായി വേദി പങ്കിടാനില്ലെന്ന് പ്രഖ്യാപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. ക്രിമിനൽ പശ്ചാത്തലത്തമുള്ളയാളുകള്‍ക്കൊപ്പം വേദി പങ്കിടാനാകില്ലെന്ന്, ഉന്നത നേതാക്കളിൽ സ്വാധീനമുള്ള ബിജെപി നേതാവ് ശിവേന്ദ്രസിങ്ങിനെ ലക്ഷ്യംവച്ച്‌  ലല്ലു സിങ് പറഞ്ഞു. 

പാർടിയിലെ ആഭ്യന്തരകാര്യങ്ങള്‍ ഇങ്ങനെയല്ല ഉന്നയിക്കേണ്ടതെന്ന് ജില്ലാ പ്രസിഡന്റ് സഞ്ജീവ് സിങ്  പറഞ്ഞു.ലല്ലുസിങ്ങിന്റെ ഇത്തരം  പ്രസ്താവനകളാണ് അയോധ്യയില്‍ ബിജെപിയെ തോല്‍പ്പിച്ചതെന്ന്‌  ശിവേന്ദ്രസിങ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദില്‍ എസ്‌പിയിലെ അവധേഷ് പ്രസാ​ദിനോട് ലല്ലു സിങ് തോറ്റത് ബിജെപിക്ക് ദേശീയതലത്തില്‍ വൻ നാണക്കേടായിരുന്നു.   അവധേഷ് പ്രസാദ് നിയമസഭാംഗത്വം രാജിവച്ചതോടെയാണ്  മിൽക്കിപുരിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.  മുഖ്യമന്ത്രി ആദിത്യനാഥ്  നേരിട്ട് പ്രചാരണത്തിന് നേതൃത്വംകൊടുക്കവെയാണ്    നേതാക്കളുടെ തമ്മിലടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top