20 November Wednesday

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടം അനിഷേധ്യം: യെച്ചൂരി

ഗോപിUpdated: Friday Oct 18, 2019

കൊൽക്കത്ത> രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുവേണ്ടി കമ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് ആർക്കും തള്ളിപ്പറയാൻ കഴിയില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലും സ്വാതന്ത്ര്യസമരത്തിലും പാർടി നിർവഹിച്ച പങ്ക് ചരിത്രപരമാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ  100–-ാം വാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം ഉടലെടുത്തത്. ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായും ജനകീയ ആവശ്യങ്ങൾക്കുവേണ്ടിയും പോരാട്ടങ്ങൾ ഏറ്റെടുത്തതിനാലാണ് പ്രമുഖ രാഷ്ട്രീയ പ്രസ്ഥാനമായി വളരാൻ കഴിഞ്ഞത്.  സ്വാതന്ത്ര്യ പോരാട്ടത്തിൽ ഏറ്റവും കൂടുതൽ ത്യാഗവും ജീവഹാനിയും സഹിക്കേണ്ടിവന്നത് കമ്യൂണിസ്റ്റ് പാർടിക്കാണ്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ജനകീയ അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിലും പാർടി മുഖ്യപങ്കുവഹിച്ചു. അതിനാലാണ് മൂന്നു സംസ്ഥാനങ്ങളിൽ ഏറ്റവും വലിയ പ്രസ്ഥാനമായി ശക്തിപ്രാപിച്ച് പലപ്പോഴും ഭരണം നേടാൻ കഴിഞ്ഞത്.

കോൺഗ്രസ്, ബിജെപി സർക്കാരുകളുടെ തെറ്റായ നയങ്ങൾക്കും ജനാധിപത്യ ജനവിരുദ്ധ നിലപാടുകൾക്കുമെതിരെ ശക്തമായ നിലപാടാണ് സിപിഐ എമ്മിന്റേത്. അവിടെയും കൊടിയ പീഡനവും ത്യാഗവും സഹിക്കേണ്ടിവന്നു. വർഗീയമായി ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്തുന്നതിനെ ശക്തമായി എതിർക്കുന്നതിനാൽ സിപിഐ എമ്മാണ് സംഘപരിവാറിന്റെ മുഖ്യശത്രു–-യെച്ചൂരി പറഞ്ഞു.

എട്ടുവർഷത്തിനുശേഷം നേതാജി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ആയിരങ്ങൾ പങ്കെടുത്തു. പൊളിറ്റ് ബ്യൂറോ അംഗം ബിമൻ ബസു അധ്യക്ഷനായി.  സംസ്ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര, പി ബി അംഗം മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top