21 September Saturday

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം; മരണം 11ആയി

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

ഷിംല > ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. മാണ്ഡി ജില്ലയിൽ നിന്നും രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സോനം (23), മൂന്ന് മാസം പ്രായമുള്ള മാൻവി എന്നിവരുടെ മൃതദേഹങ്ങൾ മാണ്ഡി ജില്ലയിലെ പധർ പ്രദേശത്തെ രാജ്ഭാൻ ഗ്രാമത്തിൽ നിന്നാണ് കണ്ടെത്തിയത്.  

കുളുവിലെ നിർമ്മന്ദ്, സൈഞ്ച്, മലാന, മണ്ടിയിലെ പധാർ, ഷിംലയിലെ രാംപൂർ സബ്ഡിവിഷൻ എന്നിവിടങ്ങളിൽ ജൂലായ് 31-ന് രാത്രിയാണ്  മേഘവിസ്ഫോടനമുണ്ടായത്. നാല്പതോളം പേരെ പ്രളയത്തിൽ കാണാതായി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്നിഫർ ഡോഗ്, ഡ്രോണുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ  ഉപയോഗിച്ചാണ് തിരച്ചിൽ നടത്തുന്നത്. സൈന്യം, എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഐടിബിപി, സിഐഎസ്എഫ്, ഹിമാചൽ പ്രദേശ് പൊലീസ്, ഹോം ഗാർഡുകൾ എന്നിവരടങ്ങുന്ന 410 രക്ഷാപ്രവർത്തകർ ദൗത്യത്തിലുണ്ട്.

പ്രളയബാധിതർക്ക് സംസ്ഥാന സർക്കാർ 50,000 രൂപ അടിയന്തര സഹായം പ്രഖ്യാപിച്ചിരുന്നു. ഗ്യാസ്, ഭക്ഷണം, മറ്റ് അവശ്യവസ്തുക്കൾ എന്നിവയ്‌ക്കൊപ്പം അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം 5,000 രൂപ വാടകയിനത്തിൽ നൽകുമെന്നും അധികൃതർ അറിയിച്ചു.  
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top