13 December Friday

ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ കീഴിൽ; സുപ്രീം കോടതി വിധി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019
ന്യൂഡൽഹി > സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസിന്‍റെ ഓഫീസും വിവരാവകാശ നിയമത്തിന്‍റെ കീഴിൽ വരുമെന്നുള്ള നിര്‍ണായക വിധിയുമായി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഡൽഹി ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരെ സുപ്രീം കോടതിയുടെ തന്നെ ഭരണവിഭാഗമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്.
 
പൊതുതാൽപര്യം സംരക്ഷിക്കാൻ സുതാര്യത അനിവാര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. അതേസമയം സുതാര്യതയുടെ പേരിൽ ജുഡീഷ്യറിയുടെ സ്വാതന്ത്യം തടസ്സപ്പെടരുതെന്നും കോടതി ഓ‌ർമ്മിപ്പിച്ചു. ജഡ്ജിമാരുടെ നിയമനം അടക്കമുള്ള കാര്യങ്ങളിൽ നി‍ർണ്ണായകമാണ് കോടതിയുടെ ഇന്നത്തെ വിധി.
 
കേസിൽ മൂന്ന് വ്യത്യസ്ത വിധി പ്രസ്താവങ്ങളാണ് ഇന്നുണ്ടായിരിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നീ മൂന്ന് പേരുടെതാണ് ഭൂരിപക്ഷ വിധി. ഭരണഘടന ബെഞ്ചിലെ മറ്റ് രണ്ട് അംഗങ്ങളായ എൻ വി രമണയും, ഡി വൈ ചന്ദ്രചൂഡും വ്യത്യസ്ത വിധികൾ വായിച്ചുവെങ്കിലും ഇതും ചീഫ് ജസ്റ്റിസിന്‍റെ ഓഫീസിനെ വിവരാവകാശ നിയമത്തിന്‍റെ കീഴിൽ കൊണ്ടു വരണമെന്ന് തന്നെയാണ് വിധിച്ചിരിക്കുന്നത്. 
 
ചീഫ് ജസ്റ്റിസിന് കൈമാറുന്ന ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ വിവരാവകാശ നിയമപ്രകാരം നൽകണമെന്ന ഡൽഹി ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറൽ നൽകിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ഭരണഘടന ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.  എല്ലാ ജഡ്ജിമാരും സ്വത്തുവിവരങ്ങൾ ഓരോ വര്‍ഷവും ചീഫ് ജസ്റ്റിസിന് കൈമാറണമെന്ന പ്രമേയം 1997ലാണ് പാസാക്കിയത്.
 
2007ൽ ജഡ്ജിമാരുടെ സ്വത്തുവിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാൾ സുപ്രീംകോടതി രജിസ്ട്രിയിൽ ആര്‍ടിഐ അപേക്ഷ നൽകി. ചീഫ് ജസ്റ്റിസ് ആര്‍ടിഐയുടെ പരിധിയിൽ വരാത്തതിനാൽ വിവരങ്ങൾ കൈമാറാനാകില്ലെന്നായിരുന്നു അന്ന് രജിസ്ട്രി നൽകിയ മറുപടി. ഇതിനെതിരെയായിരുന്നു ദില്ലി ഹൈക്കോടതി ഫുൾ ബെഞ്ച് വിധി.

പ്രധാന വാർത്തകൾ
 Top