17 January Friday

സ്വകാര്യവൽക്കരണത്തിനെതിരായ തൊഴിലാളി പ്രതിഷേധം പണിമുടക്കിൽ ദൃശ്യമായി: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2019

ന്യൂഡൽഹി > കേന്ദ്രസർക്കാരിന്റെ സ്വകാര്യവൽക്കരണ നീക്കങ്ങൾക്കെതിരായ തൊഴിലാളികളുടെ പ്രതിരോധത്തിന്റെ നിശ്ചയദാർഢ്യം ദേശീയ പണിമുടക്കിൽ ദൃശ്യമായെന്ന്‌ സിഐടിയു പ്രസ്‌താവനയിൽ പറഞ്ഞു. സ്വകാര്യവൽക്കരിക്കുന്നതിനെതിരെ ബിപിസിഎൽ, എച്ച്‌പിസിഎൽ, ഒഎൻജിസി എന്നിവിടങ്ങളിലെ തൊഴിലാളികളാണ്‌ പണിമുടക്കിയത്‌. എണ്ണശുദ്ധീകരണശാലകളിലെയും മാർക്കറ്റിങ്‌ വിഭാഗത്തിലെയും സ്ഥിരം കരാർ തൊഴിലാളികളടക്കം 30,000 പേർ പണിമുടക്കി.

നാഷണൽ ഫെഡറേഷൻ ഓഫ്‌ ഓയിൽ ആന്റ്‌ പെട്രോളിയം വർക്കേഴ്‌സിന്റെ നേതൃത്വത്തിലാണ്‌ പണിമുടക്ക്‌ നടന്നത്‌. മോഡി സർക്കാരിന്റെ ഭീഷണികളും പണിമുടക്ക്‌ തടഞ്ഞുകൊണ്ട്‌ ഹൈക്കോടതികളിൽനിന്ന്‌ മാനേജ്‌മെന്റുകൾ നേടിയ വിധികളെയും മറികടന്നാണ്‌ തൊഴിലാളികൾ അണിനിരന്നതെന്ന്‌ സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ ചൂണ്ടിക്കാട്ടി. കൊച്ചി എണ്ണശുദ്ധീകരണശാലയിലെ 1250 സ്ഥിരം തൊഴിലാളികളും 6356 കരാർ തൊഴിലാളികളുമടക്കം പൂർണ്ണമായി പണിമുടക്കി. എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും ബിപിസിഎൽ, എച്ച്‌പിസിഎൽ, ഐഒസിഎൽ എന്നിവിടങ്ങളിലെ മാർക്കറ്റിങ്‌ ജീവനക്കാരും പണിമുടക്കി.

മംഗലാപുരം എണ്ണശുദ്ധീകരണശാലയിലെ 5000 തൊഴിലാളികൾ സമരത്തിലാണ്‌. വിശാഖപട്ടണത്തെ എണ്ണശുദ്ധീകരണശാലയിലെ തൊഴിലാളികളും അസമിലെ നുമാലിഗഢ്‌ എണ്ണശുദ്ധീകരണശാലയിലെ തൊഴിലാളികളും ഐക്യദാർഢ്യ മാർച്ച്‌ നടത്തി. മുമ്പില്ലാത്തവിധം മുംബൈ എണ്ണശുദ്ധീകരണശാലയിലെ തൊഴിലാളികൾ ശക്തമായി രംഗത്തെത്തി. തൊഴിലാളികൾ ചെമ്പൂർ റെയിൽവേ സ്‌റ്റേഷനിലേക്ക്‌ മാർച്ച്‌ നടത്തി. സമരത്തെ തുടർന്ന്‌ മുബൈ ഉറാനിലുള്ള ഏഷ്യയിലെ ഏറ്റവും വലിയ ബോട്ടിലിങ്‌ പ്ലാന്റ്‌ അടഞ്ഞുകിടന്നു.

വടക്ക്‌, കിഴക്ക്‌ മേഖലകളിൽനിന്ന്‌ തൊഴിലാളികളുടെ ശക്തമായ പിന്തുണ സമരത്തിന്‌ ലഭിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്‌, ഉത്തർപ്രദേശ്‌, ബീഹാർ തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ 45 വ്യത്യസ്‌ത കേന്ദ്രങ്ങളെയും പണിമുടക്ക്‌ ബാധിച്ചു. ടാങ്കർ ലോറി തൊഴിലാളികളും പിന്തുണ പ്രഖ്യാപിച്ചു. സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്‌എംഎസ്‌, ടിയുസിസി എന്നിവരുടെ നേതൃത്വത്തിൽ വിവിധ മേഖലയിലെ തൊഴിലാളികൾ  ഐക്യദാർഢ്യ പ്രകടനങ്ങൾ നടത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top