24 August Saturday

ജനവിരുദ്ധനയങ്ങളെ ചെറുക്കും: സിഐടിയു

സ്വന്തം ലേഖകൻUpdated: Sunday Jun 2, 2019

ന്യൂഡൽഹി
തൊഴിലാളി താൽപ്പര്യങ്ങൾക്ക‌് വിരുദ്ധമായ തൊഴിൽ നിയമ പരിഷ‌്കാരങ്ങൾക്കും തീവ്രസ്വകാര്യവൽക്കരണത്തിനും ഒരുങ്ങുന്ന രണ്ടാം മോഡി സർക്കാരിനെതിരായി ഐക്യത്തോടെയുള്ള തീവ്രമായ പ്രക്ഷോഭം കേന്ദ്ര ട്രേഡ‌്‌യൂണിയനുകൾ സംഘടിപ്പിക്കുമെന്ന‌് സിഐടിയു പ്രസ‌്താവനയിൽ പറഞ്ഞു.

തൊഴിൽനിയമ പരിഷ‌്കാരങ്ങളും 46 പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണവും ഉൾപ്പെടെ ‘മഹാവിസ‌്ഫോടന’ പരിഷ‌്കാരങ്ങൾ സർക്കാർ കൊണ്ടുവരുമെന്നാണ‌് നിതി ആയോഗ‌് വ്യക്തമാക്കിയിരിക്കുന്നത‌്. വിദേശനിക്ഷേപകർക്ക‌് ആഹ്ലാദിക്കാൻ ഏറെയുണ്ടാകുമെന്നാണ‌് നിതി ആയോഗ‌് ഉപാധ്യക്ഷൻ രാജീവ‌് കുമാർ പറഞ്ഞത‌്. വിദേശ നിക്ഷേപകർക്ക‌് കൈമാറാൻ സർക്കാർ ഭൂമിയുടേതായ ശേഖരമൊരുക്കുമെന്നും അറിയിച്ചിട്ടുണ്ട‌്. ഭൂമി–- തൊഴിൽ നിയമങ്ങളിലും ഇ കൊമേഴ‌്സ‌് വ്യവസ്ഥകളിലും മാറ്റങ്ങളടക്കം ധീരമായ പരിഷ‌്കാകാരങ്ങൾക്ക‌് പുതിയ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന‌ യുഎസ‌് കോർപറേറ്റുകളുടെ പ്രസ‌്താവനയുമായി ചേർത്തുവേണം നിതി ആയോഗ‌് പ്രഖ്യാപനം വായിക്കാൻ.

രാജ്യത്തെ തൊഴിലാളികളും കർഷകരും ശക്തിയുക്തം എതിർത്ത നയങ്ങളുമായി  രണ്ടാം മോഡി സർക്കാരും മുന്നോട്ടുപോകുമെന്ന വ്യക്തമായ സൂചനകളാണ‌് ലഭിക്കുന്നത‌്.  പൊതുമേഖലാ സ്ഥാപനങ്ങളുടെ കൂട്ടത്തോടെയുള്ള സ്വകാര്യവൽക്കരണം സർക്കാരിന‌് വേണ്ടപ്പെട്ട കോർപറേറ്റ‌് സ്ഥാപനങ്ങൾ രാജ്യത്തിന്റെ സ്വത്ത‌് കൊള്ളയടിക്കുന്നതിനാണ‌് വഴിയൊരുക്കുക.  ലക്ഷക്കണക്കിന‌ു ജനങ്ങളുടെ ജീവിതവും ജീവിതോപാധിയുമെല്ലാം അപകടത്തിലാക്കുന്നതാണ‌് ഈ പരിഷ‌്കാരങ്ങൾ. തങ്ങൾക്ക‌്  ‘സംഭാവന’ നൽകിയവർക്ക‌് ‘പ്രതിഫലം’ നൽകാൻ വോട്ടർമാരായ ജനങ്ങളെ കൊള്ളയടിക്കുകയാണ‌് സർക്കാരിന്റെ ലക്ഷ്യം.

കേന്ദ്ര ട്രേഡ‌്‌യൂണിയനുകളുടെയും ഫെഡറേഷനുകളുടെയും ഐക്യവേദിയുടെ നേതൃത്വത്തിൽ യോജിച്ച പ്രക്ഷോഭത്തിലൂടെ ജനവിരുദ്ധനയങ്ങളെ ചെറുക്കുമെന്നും വരുംദിവസങ്ങളിൽ വലിയ പോരാട്ടങ്ങൾക്കാണ‌് ഒരുങ്ങേണ്ടതെന്നും- സിഐടിയു പ്രസ‌്താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top