29 February Saturday

വർഗീയമായിഭിന്നിപ്പിക്കൽ മുതലാളിത്ത തന്ത്രം, മുതലാളിത്തശക്തികൾക്കെതിരായ പോരാട്ടത്തിൽ തൊഴിലാളികൾ ഒന്നിച്ച് അണിനിരക്കണം: മാൺഡിൽ മൈക്കിൾ മക്വായിബ

സ്വന്തം ലേഖകൻUpdated: Saturday Jan 25, 2020


ചെന്നൈ (മുഹമ്മദ‌് അമീൻനഗർ)
വർഗീയമായി ജനങ്ങളെ ഭിന്നിപ്പിച്ച‌് അധികാരം സ്ഥാപിക്കുകയെന്നത‌് മുതലാളിത്തരീതിയാണെന്ന്‌ വേൾഡ‌് ഫെഡറേഷൻ ഓഫ‌് ട്രേഡ‌് യൂണിയൻസ‌് പ്രസിഡന്റ‌്  മാൺഡിൽ മൈക്കിൾ മക്വായിബ  പറഞ്ഞു. ലോകത്ത‌് മുതലാളിത്തപാത പിന്തുടരുന്നിടത്തെല്ലാം നടക്കുന്നത‌് തന്നെയാണ‌്  ഇന്ത്യയിലും നരേന്ദ്ര മോഡി നടപ്പാക്കുന്നത‌്. സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെ സന്ധിയില്ലാതെ സമരം ചെയ്യുന്ന ഇന്ത്യൻ തൊഴിലാളിവർഗം അഭിനന്ദനം അർഹിക്കുന്നു.

മുതലാളിത്തശക്തികൾക്കെതിരായ പോരാട്ടത്തിൽ ലോകമെമ്പാടുമുള്ള തൊഴിലാളികൾ ഒന്നിച്ച് അണിനിരക്കണം. സാമ്രാജ്യത്വം ലോകത്തെവിടെയും തൊഴിലവസരം സൃഷ്ടിക്കുന്നില്ല. അവർ അസമത്വമാണ‌് വളർത്തുന്നത‌്. അവരുടെ ലക്ഷ്യം സമ്പത്ത‌് ഉണ്ടാക്കൽ മാത്രമാണ‌്. ചെന്നൈയിൽ നടക്കുന്ന സിഐടിയു 16ാം അഖിലേന്ത്യാസമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതാണ‌് മാൺഡിൽ മൈക്കിൾ മക്വായിബ.

മുതലാളിത്തത്തിന്റെ പുതിയ അടവുകൾ ചെറുക്കാൻ വിശാല തൊഴിലാളി ഐക്യം ശക്തിപ്പെടുത്തണം. സ്ത്രീകളുടെ വിമോചനം പുതിയ കാലത്തെ സമരങ്ങളുടെ പ്രധാന അജൻഡ ആകണം. 

ലോകമെമ്പാടും 4.4 കോടി തൊഴിൽഹിതർ ഉണ്ടെന്നാണ് കണക്ക്. തൊഴിൽ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട മുതലാളിത്തത്തിന്‌ ബദൽ ഉണ്ടാകണം. ഇതിനായി ലോകമെമ്പാടുമുള്ള കമ്യൂണിസ്റ്റ് പാർടികൾ ഒന്നുചേർന്ന് പ്രവർത്തിക്കണം. ലോകരാജ്യങ്ങളുടെ പ്രകൃതിവിഭവങ്ങൾ കൈക്കലാക്കാനും മൂലധനം കുന്നുകൂട്ടാനുമായി മറ്റൊരു ലോകമഹായുദ്ധത്തിന്‌ തിരികൊളുത്താനും അമേരിക്ക മടിക്കില്ല–- അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top