28 February Friday

സിഐടിയു അഖിലേന്ത്യാ സമ്മേളനം: സ്ത്രീകൾക്കുനേരെയുള്ള കടന്നുകയറ്റം : മാർച്ച‌് 6ന‌് ജയിൽനിറയ‌്ക്കൽ സമരം

സി അജിത്‌Updated: Saturday Jan 25, 2020

സിഐടിയു പ്രസിഡന്റ്‌ കെ ഹേമലത വാർത്താസമ്മേളനത്തിൽ

ചെന്നൈ (മുഹമ്മദ് അമീൻ നഗർ) 
സ്ത്രീകൾക്കുനേരെയുള്ള കടന്നുകയറ്റങ്ങൾ തടയണമെന്നും അവരുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് അന്താരാഷ്ട്ര വനിതാ ദിനത്തിന് മുന്നോടിയായി മാർച്ച് ആറിന് രാജ്യമെമ്പാടും ജയിൽ നിറയ്ക്കൽ സമരം നടത്താൻ സിഐടിയു പതിനാറാം അഖിലേന്ത്യാ സമ്മേളനം ആഹ്വാനം ചെയ്തു. എല്ലാവർക്കും തൊഴിൽ എന്നതിനൊപ്പം വേതന രഹിതമായി തൊഴിലെടുക്കേണ്ടി വരുന്ന സ‌്ത്രീകളുടെ പ്രശ്നം പരിഹരിക്കുക, മിനിമം വേതനത്തിനൊപ്പം തുല്യമായ വേതനം സ‌്ത്രീ തൊഴിലാളികൾക്ക‌് ഉറപ്പാക്കുക, സ്കീം തൊഴിലാളികളെ തൊഴിലാളികളായി അംഗീകരിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക, അതിക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുക, തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ സഭകളിൽ 33 ശതമാനം സംവരണം സ്ത്രീകൾക്ക് ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തിന് മുന്നോടിയായി രാജ്യവ്യാപകമായി പ്രചാരണവും സംഘടിപ്പിക്കും.

സംസ്ഥാന, ജില്ലാ അടിസ്ഥാനത്തിലായിരിക്കും പ്രക്ഷോഭം. മുതലാളിത്ത ചൂഷണവും സ‌്ത്രീകളുടെ അവകാശ സംരക്ഷണവും ലക്ഷ്യമിട്ടുള്ള കരുത്തുറ്റ പോരാട്ടത്തിനാകും മാർച്ച‌് ആറ‌് സാക്ഷ്യം വഹിക്കുകയെന്ന‌് അഖിലേന്ത്യാ പ്രസിഡന്റ‌് കെ ഹേമലത വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാഷ‌്ട്രീയ റിപ്പോർട്ടിൻമേൽ സമ്മേളനത്തിന്റെ രണ്ടാം ദിവസം പൊതുചർച്ച നടന്നു. 41 പേർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന‌് വൈകിട്ട‌് ജനറൽ സെക്രട്ടറി സംഘടനാ റിപ്പോർട്ട‌് അവതരിപ്പിച്ചുവെന്നും ഹേമലത പറഞ്ഞു.  അന്താരാഷ‌്ട്ര വനിതാ ദിനത്തിൽ സംഘടിപ്പിക്കുന്ന ജയിൽനിറയ‌്ക്കൽ സമരത്തിൽ സിഐടിയു ഒന്നാകെ അണിനിരക്കുമെന്ന്‌ സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. മോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിച്ചു. നവ ലിബറൽ നയങ്ങളുടെ ഭാഗമായുള്ള സാമ്പത്തിക ചൂഷണം സ‌്ത്രീകളെയാണ‌് കൂടുതൽ ബാധിക്കുന്നത‌്.


 

പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരം സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2004ൽ 41.6 ശതമാനം എന്നത്ത് 2017--18 ആകുമ്പോഴേക്കും 22 ശതമാനമായി കുറഞ്ഞു. യുഎൻ കണക്ക് പ്രകാരം ഇന്ത്യയിൽ സ്ത്രീകൾ എടുക്കുന്ന 51 ശതമാനം ജോലിക്കും വേതനം ലഭിക്കുന്നില്ല. ഇത്തരം ജോലികൾ ദേശീയ സ്ഥിതിവിവരപ്പട്ടികയിലും ഇടം പിടിക്കുന്നില്ല. സമാനമായ ജോലിക്ക‌് ഗ്രാമീണ മേഖലയിൽ പുരുഷനു കിട്ടുന്നതിനേക്കാൾ 34 ശതമാനം കുറവ‌് വേതനമാണ‌് സ‌്ത്രീകൾക്ക‌് കിട്ടുന്നത‌്. നഗരങ്ങളിൽ ഇത‌് 19 ശതമാനമാണ‌്. 

ജനാധിപത്യവിരുദ്ധ, തൊഴിലാളി വിരുദ്ധ, ഭരണഘടനാ വിരുദ്ധ നയങ്ങളുമായി മുന്നോട്ടുപോകുന്ന മോഡി സർക്കാർ വനിതാ സംവരണ ബിൽ പാസാക്കാൻ തയ്യാറല്ല.  അഖിലേന്ത്യാ സെക്രട്ടറി എ ആർ സിന്ധു പ്രമേയം അവതരിപ്പിച്ചു.അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്‌ളെ, ഡിവൈഎഫ്‌എഫ്‌ഐ ജനറൽ സെക്രട്ടറി അഭോയ്‌ മുഖർജി, എസ്‌എഫ്‌ശഎ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്‌തു.

ജനറൽ സെക്രട്ടറി തപൻ സെൻ സംഘടനാ റിപ്പോർട്ട്‌  അവതരിപ്പിക്കുന്നു

ജനറൽ സെക്രട്ടറി തപൻ സെൻ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിക്കുന്നു 

കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണം
ജമ്മു കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് സിഐടിയു 16ാം അഖിലേന്ത്യാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിൽ  സ്ഥിതിഗതികൾക്ക് മാറ്റം വന്നിട്ടില്ല. പൗരാവകാശങ്ങൾ അടിച്ചമർത്തുകയാണ്. ട്രേഡ് യൂണിയനുകൾക്ക് സംഘടിക്കാനോ ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനോ പ്രകടനം നടത്താനോ യോഗം ചേരാനോ പോലും കഴിയുന്നില്ല. തൊഴിലാളികൾ തീവ്രമായ അടിച്ചമർത്തലിനും ചൂഷണത്തിനും വിധേയമാകുന്നു.

പാർലമെന്റിനെയും കശ്മീർ ജനതയെയും അവരുടെ നിയമസഭയെയും മറികടന്നാണ് മോഡി സർക്കാർ ജമ്മു കശ്മീരിന്റെ  പ്രത്യേക അധികാരം റദ്ദാക്കിയത്‌. ഭരണഘടനയുടെ ഷെഡ്യൂൾ ഒന്നിന് കീഴിൽ വരുന്ന സംസ്ഥാനത്തെ വിഭജിക്കുന്നത് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ്. ഇത് ഭരണഘടനയുടെ ഫെഡറൽ തത്വത്തിന് നേരെയുള്ള  കടന്നുകയറ്റമാണ്. ഇന്ത്യയെ ‘ഏകാത്മ'കമാക്കുകയെന്നതിലേക്ക് നീങ്ങുകയുമാണ്.

കശ്മീരിൽ ഉടൻ ജനാധിപത്യം പുനഃസ്ഥാപിക്കാൻ കേന്ദ്രം തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. കശ്മീരിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് രാജ്യത്തെ തൊഴിലാളിവർഗം ഐക്യദാർഢ്യം പ്രഖ്യാപിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു.


പ്രധാന വാർത്തകൾ
 Top