27 February Thursday

പൗരത്വ ഭേദഗതി നിയമം വാദം കേൾക്കൽ: സുപ്രീംകോടതിയിൽ ഉന്തും തള്ളും

സ്വന്തം ലേഖകൻUpdated: Thursday Jan 23, 2020

ന്യൂഡൽഹി>  പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഹർജികൾ ബുധനാഴ്ച സുപ്രീംകോടതിയിൽ പരിഗണിക്കവെ വാദം കേൾക്കാനെത്തിയത്‌ നൂറുകണക്കിനാളുകൾ. തിരക്ക്‌ കാരണം കോടതി മുറിയുടെ വാതിലുകൾ അടയ്ക്കാൻ സാധിച്ചില്ല. തിരക്ക്‌ നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാടുപെട്ടതോടെ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌ എ ബോബ്‌ഡെ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി.

 കോടതിമുറികളിലെ തിരക്കും ബഹളവും നിയന്ത്രിക്കാൻ നടപടികൾ ആവശ്യമാണെന്ന്‌- ചീഫ്‌ ജസ്‌റ്റിസ്‌ നിരീക്ഷിച്ചു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദം തുടങ്ങിയെങ്കിലും പിന്നിൽനിന്നുള്ള ബഹളം കാരണം മൂന്നംഗ ബെഞ്ചിന്‌ ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. ആളുകളോട്‌ ശാന്തരായി ഇരിക്കാനും ഫാനുകൾ ഓഫാക്കാനും ചീഫ്‌ ജസ്‌റ്റിസ്‌ നിർദേശിച്ചു. സ്‌ത്രീകൾ വലിയ ബുദ്ധിമുട്ട്‌ നേരിടുന്നതായി മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് പരാതിപ്പെട്ടു.

‘ പുരുഷൻമാരും വലിയ ബുദ്ധിമുട്ട്‌ നേരിടുന്നുണ്ട്‌. എന്തിനാണ്‌ അനാവശ്യമായ ഉന്തുംതള്ളും? അഭിഭാഷകരെ ആരെയാണ്‌ അച്ചടക്കം പഠിപ്പിക്കുക?’–- ചീഫ്‌ ജസ്‌റ്റിസ്‌ പ്രതികരിച്ചു.

കോടതിമുറികളിൽ മാത്രമല്ല ഇടനാഴികളിലും ഇതാണ്‌ അവസ്ഥയെന്ന്‌ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞു. തിരക്ക്‌ നിയന്ത്രിക്കാൻ മാർഷൽമാരെ ചുമതലപ്പെടുത്തണമെന്ന്‌ മുതിർന്ന അഭിഭാഷകൻ രാജീവ്‌ ധവാൻ കോടതിയിൽ നിർദേശിച്ചു. ഓരോ മണിക്കൂറിലും നിശ്ചിത എണ്ണം കേസുകൾ മാത്രം പരിഗണിച്ചാൽ മതിയെന്ന്‌ തീരുമാനിച്ചാൽ തിരക്ക്‌ നിയന്ത്രിക്കാമെന്ന്‌ അഡ്വ. പ്രശാന്ത്‌ ഭൂഷൺ ചൂണ്ടിക്കാട്ടി.

കേസുകൾ ശ്രദ്ധയിൽപ്പെടുത്താൻ അഭിഭാഷകർ വരിനിൽക്കുന്നതിന്‌ നിയന്ത്രണം കൊണ്ടുവരാൻ ആലോചിക്കുന്നതായി ചീഫ്‌ ജസ്‌റ്റിസ്‌ അറിയിച്ചു. അഭിഭാഷകർക്ക്‌ വാദങ്ങൾ അവതരിപ്പിക്കാൻ ഉയർന്നപീഠങ്ങൾ പോലെയുള്ള സംവിധാനങ്ങൾ ഏർപ്പാടാക്കുന്ന കാര്യവും ആലോചനയിലുണ്ടെന്നും ചീഫ്‌ ജസ്‌റ്റിസ്‌ കൂട്ടിച്ചേർത്തു.


പ്രധാന വാർത്തകൾ
 Top