06 August Thursday

പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായി; ആളിക്കത്തി പ്രതിഷേധം

എം പ്രശാന്ത‌്Updated: Wednesday Dec 11, 2019

ന്യൂഡൽഹി
മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന വിവാദ പൗരത്വനിയമ ഭേദഗതിക്ക് പാർലമെന്റിന്റെ അംഗീകാരം. തിങ്കളാഴ്‌ച ലോക്‌സഭയില്‍ പാസായ ബില്‍ ബുധനാഴ്‌ച രാജ്യസഭയും കടന്നു. എട്ടുമണിക്കൂര്‍ നീണ്ട ചർച്ചയ്‌ക്കും ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ മറുപടിക്കും ശേഷം വോട്ടിനിട്ടാണ്‌ ബില്‍ രാജ്യസഭ പാസാക്കിയത്‌. 125 പേർ അനുകൂലിച്ചപ്പോൾ  105 പേർ എതിര്‍ത്തു. ലോക്‌സഭയിൽ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പ്‌ ബഹിഷ്‌കരിച്ചു.

ബില്‍ സെലക്ട്‌ കമ്മിറ്റിക്ക്‌ വിടണമെന്ന കെ കെ രാഗേഷിന്റെ പ്രമേയം 99 നെതിരെ 124 വോട്ടുകൾക്ക്‌ തള്ളി.  സിപിഐ എം രാജ്യസഭ ഉപനേതാവ് എളമരം കരീം, ബിനോയ്‌ വിശ്വം, ഹുസൈൻ ദൽവായ്‌ എന്നിവരും സെലക്ട്‌ കമ്മിറ്റി ആവശ്യപ്പെട്ട്‌ പ്രമേയം കൊണ്ടുവന്നു. ഇവ ശബ്‌ദവോട്ടോടെ തള്ളി. എളമരം കരീം, ഡെറിക്ക്‌ ഒബ്രിയൻ, ടി കെ രംഗരാജൻ, കെ സോമപ്രസാദ്‌, അബ്‌ദുൾ വഹാബ്‌ തുടങ്ങിയവർ മുന്നോട്ടുവെച്ച മറ്റ്‌ ഭേദഗതികളും തള്ളി.

മുസ്ലിങ്ങളെമാത്രം ബില്ലിൽനിന്ന്‌ ഒഴിവാക്കിയത്‌ മതാടിസ്ഥാനത്തിൽ  രണ്ടാംതരം പൗരന്മാരെ സൃഷ്ടിക്കാനാണെന്ന് സിപിഐ എം രാജ്യസഭാനേതാവ്‌ ടി കെ രംഗരാജൻ ചർച്ചയിൽ പറഞ്ഞു. മ്യാൻമറിൽനിന്ന്‌ രോഹിൻഗ്യന്‍ മുസ്ലിങ്ങളും ശ്രീലങ്കയിൽനിന്ന്‌  തമിഴ്‌ വംശജരും അഭയാർഥികളായി എത്തി.  ഇവർക്ക്‌ പൗരത്വം നൽകാന്‍ കേന്ദ്രം തയ്യാറല്ല. മതാടിസ്ഥാനത്തിലുള്ള ഏത്‌ നിയമവും വിലക്കപ്പെട്ടതാണെന്ന്‌ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും- രംഗരാജൻ പറഞ്ഞു.

പൗരത്വം നല്‍കാന്‍  പരാമർശിക്കുന്ന ആറ്‌ മതവിഭാഗങ്ങൾക്കൊപ്പം മുസ്ലീം എന്നുകൂടി ചേർത്തും, മൂന്ന്‌ അയൽരാജ്യങ്ങൾ എന്നത്‌ എല്ലാ അയൽരാജ്യങ്ങളും എന്ന് തിരുത്തിയുമാണ് സിപിഐ എം അംഗങ്ങൾ ഭേദഗതി നിർദേശിച്ചത്. ബില്‍ വിവേചനമരമല്ലെന്നും മുസ്ലീങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു അമിത്‌ ഷായുടെ മറുപടി.

എൻഡിഎ ഘടകകക്ഷികളായ ജെഡിയു, എൽജെപി, അകാലിദൾ എന്നിവയും എഐഡിഎംകെ, ബിജെഡി, വൈഎസ്‌ആർ കോൺഗ്രസ്‌, ടിഡിപി,  അസംഗണ പരിഷത്ത്‌, ബിപിഎഫ്‌, എൻപിഎഫ്‌ തുടങ്ങിയ കക്ഷികളും ബില്ലിനെ പിന്തുണച്ചു. കോൺഗ്രസ്‌, ഇടതുപക്ഷം, തൃണമൂൽ, ഡിഎംകെ, ടിആർഎസ്‌, എസ്‌പി, ബിഎസ്‌പി, എഎപി തുടങ്ങിയ പാർടികൾ വിയോജിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top