19 January Sunday

മതനിരപേക്ഷതയ്‌ക്കെതിരായ നീക്കത്തെ ശക്തമായി എതിര്‍ക്കും; പൗരത്വഭേദഗതി ബില്ലിനെതിരെ 19ന് ഇടതുപാര്‍ടികളുടെ രാജ്യവ്യാപക പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2019

ന്യൂഡല്‍ഹി> ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മതനിരപേക്ഷ ജനാധിപത്യരാജ്യം എന്ന അടിത്തറ തകര്‍ക്കുന്ന പൗരത്വഭേദഗതി ബില്ലിനെതിരെ ഇടതുപക്ഷപാര്‍ടികള്‍ സംയുക്തമായി 19ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും. പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ ബില്‍ വ്യക്തിയുടെ മതവുമായി ബന്ധപ്പെടുത്തി പൗരത്വം നിര്‍ണ്ണയിക്കുന്നതാണ്.

മതനിരപേക്ഷതയ്ക്ക് വിരുദ്ധമായ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കുന്നെന്ന് സിപിഐ എം, സിപിഐ, സിപിഐ എംഎല്‍, ഫോര്‍വേഡ് ബ്ലോക്ക്, ആര്‍എസ്പി എന്നീ പാര്‍ടികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. മതപരവും സാമൂഹികവുമായ ഭിന്നിപ്പ് ശക്തിപ്പെടുത്തി രാജ്യത്തെ ഐക്യം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ് ബില്‍.

 ഈ ബില്ലിനൊപ്പം ദേശീയ പൗരത്വ പട്ടിക രാജ്യവ്യാപകമാക്കുമെന്നും മോഡി-ഷാ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. ഇവ രണ്ടും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് എന്ന ഇന്ത്യയുടെ സ്വഭാവത്തെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആര്‍എസ്എസിന്റെ രാഷ്രടീയ പദ്ധതിയുടെ ഭാഗമാണ്.

ഈ നീക്കത്തിനെതിരെ രാജ്യത്തെ എല്ലാ പാര്‍ടി ഘടകങ്ങളും 19ന് ജനകീയ പ്രതിഷേധങ്ങള്‍ നടത്തണമെന്ന് ഇടതുപക്ഷപാര്‍ടികള്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top