16 August Sunday

പൗരത്വ ഭേദഗതി ബില്‍; ജാമിയ മില്ലിയയില്‍ വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം; വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019

ന്യൂഡല്‍ഹി > ദേശീയ പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിക്കുന്ന ജാമിയ മില്ലിയ ഇസ്ലാമിയ കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. കാമ്പസിനകത്തേക്കാണ് പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. പൊലീസ് ലാത്തിച്ചാര്‍ജില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ജാമിയ മില്ലിയയില്‍ നിന്ന് പാര്‍ലമെന്റിലേക്കാണ് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കാമ്പസിനു പുറത്തുള്ള മുഴുവന്‍ ഗേറ്റുകളും പൊലീസ് ബാരിക്കേഡുകള്‍ വെച്ച് അടയ്ക്കുകയായിരുന്നു. ബാരിക്കേഡുകള്‍ മറികടന്നുകൊണ്ട് പുറത്തെത്തിയ വിദ്യാര്‍ത്ഥികളാണ് തെരുവില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇന്നലെ പൗരത്വ ഭേദഗതി ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചിരുന്നു. അതേ സമയം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയുമാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്നും പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top